'ക്രിസ്ത്യാനിയാണ്, ദൈവത്തെ മാത്രമേ വണങ്ങൂ'; ദേശീയ പതാക ഉയര്‍ത്താൻ വിസമ്മതിച്ച് പ്രധാനാധ്യാപിക

By Web TeamFirst Published Aug 17, 2022, 8:32 PM IST
Highlights

തന്റെ മതവിശ്വാസം അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് പ്രധാനാധ്യാപിക പതാക ഉയര്‍ത്തലിൽ നിന്ന് വിട്ടുനിന്നത്.

ചെന്നൈ : സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ദേശീയ പതാക ഉയർത്താനും സല്യൂട്ട് ചെയ്യാനും ഹെഡ്മിസ്ട്രസ് വിസമ്മതിച്ചതോടെ വിവാദത്തിലായി തമിഴ്‌നാട്ടിലെ ധർമപുരി ജില്ലയിലെ സർക്കാർ സ്‌കൂൾ. ഈ വർഷം വിരമിക്കാനിരിക്കുന്ന പ്രധാനാധ്യാപികയായ തമിഴ്സെൽവിയെ ആദരിക്കാനായിരുന്നു ഓഗസ്റ്റ് 15-ന് ആഘോഷം സംഘടിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്.

എന്നാൽ തന്റെ മതവിശ്വാസം അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് പ്രധാനാധ്യാപിക പതാക ഉയര്‍ത്തലിൽ നിന്ന് വിട്ടുനിന്നത്. ഇതോടെ അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് പതാക ഉയർത്തുകയായിരുന്നു. നാല് വർഷത്തിലേറെയായി സ്റ്റാഫ് അംഗമായിരുന്ന തമിഴ്സെൽവി ഈ വർഷം ദേശീയ പതാക ഉയർത്താനോ ത്രിവർണ പതാക ഉയർത്താനോ കൂട്ടാക്കിയില്ല. 

എന്നാൽ തമിഴ്സെൽവി സംഭവത്തെ ന്യായീകരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പതാക ഉയര്‍ത്താൻ വിസമ്മതിച്ചത് താൻ ഒരു യാഹോവ ക്രിസ്ത്യാനിയായതിനാലാണെന്നാണ് ഇവരുടെ വാദം. "പതാകയെ ബഹുമാനിക്കുന്നു, പക്ഷേ ഞങ്ങൾ ദൈവത്തെ മാത്രമേ വന്ദിക്കുകയുള്ളു. അതിനാൽ, പതാക ഉയർത്താൻ അസിസ്റ്റന്റ് ഹെഡ്മിസ്ട്രസിനോട് ആവശ്യപ്പെട്ടു." - എന്നാണ് പ്രധാനാധ്യാപിക പറയുന്നത്. 

സംഭവത്തിൽ ധർമ്മപുരിയിലെ ചീഫ് എഡ്യൂക്കേഷൻ ഓഫീസർക്ക് (സിഇഒ) പരാതി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ പ്രധാനാധ്യാപികയായിരുന്ന ഇവര്‍ അവധിയെടുത്തുവെന്നും പരാതിയിൽ പറയുന്നു. അസുഖാവധിയെടുത്താണ് വര്‍ഷങ്ങളായി അധ്യാപിക സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുക്കാതിരിക്കുന്നതെന്നാണ് പരാതിയിലെ മറ്റൊരു ആരോപണം. എന്നാൽ ഒരു സർക്കാർ സ്ഥാപനത്തിൽ ഒരു മതത്തോട് മാത്രം പക്ഷപാതം കാണിക്കുകയും ആചരിക്കുകയും ചെയ്യുന്നതായി തമിഴ്സെൽവി ആരോപിച്ചു. ജില്ലാ സിഇഒയ്ക്ക് നൽകിയ പരാതിയിലും ഇതേ പരാമർശമുണ്ട്.

അതേസമയം സ്വാതന്ത്ര്യദിനത്തിൽ മഹാത്മാ ഗാന്ധിയുടെ ഘാതകൻ ഗോഡ്സെയുടെ ചിത്രവുമായി ഹിന്ദു മഹാസഭ തിരംഗ യാത്ര നടത്തിയതും വിവാദമായിരുന്നു. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലാണ് സംഭവം നടന്നത്. തിരംഗ യാത്രയിലെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വാഹനത്തിന്റെ മുകളിലായാണ് ഗോഡ്സെയുടെ ഫോട്ടോ വച്ചിരുന്നത്. തങ്ങളുടെ പ്രവര്‍ത്തകര്‍ വിപ്ലവകാരികളായ നിരവധി പേരുടെ ചിത്രങ്ങൾ സ്വാതന്ത്ര്യദിനത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്നും അതിൽ ഗോഡ്സെയും ഉണ്ടെന്നുമാണ് ഹിന്ദു മഹാസഭ ദേശീയ പ്രസിഡന്റ് യോഗേന്ദ്ര വെര്‍മ സംഭവത്തോട് പ്രതികരിച്ചത്. ''രാജ്യത്തിനെതിരായ ഗാന്ധിയുടെ നയങ്ങളെ ഗോഡ്സെ എതിര്‍ത്തിരുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു'' - യോഗേന്ദ്ര വെര്‍മ പറഞ്ഞുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

click me!