
മൈസൂരു: കർണാടകയിലെ ചിത്രദുർഗയിൽ ഒമ്പതു വയസുകാരന് അധ്യാപകന്റെ ക്രൂര മർദനം. നായ്ക്കനഹട്ടി സംസ്കൃത വേദവിദ്യാലയത്തിലെ പ്രധാന അധ്യാപകനാണ് മുത്തശ്ശിയെ ഫോണിൽ വിളിച്ചതിന്റെ പേരിൽ കുട്ടിയെ നിലത്തിട്ട് ചവിട്ടിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രധാനാധ്യാപകനെതിരെ പൊലീസിൽ പരാതി നൽകി. വീരേഷ് ഹിരാമത്ത് എന്ന അധ്യാപകൻ കുട്ടിയെ നിലത്തിട്ട് ക്രൂരമായി ചവിട്ടുകയായിരുന്നു. എന്തിന് വിളിച്ചു? ആരോട് ചോദിച്ചു വിളിച്ചു എന്നീ ചോദ്യങ്ങൾ ഉന്നയിച്ചായിരുന്നു ക്രൂര മർദനം. ചവിട്ടേറ്റ് കുട്ടി ദയനീയമായി നിലവിളിക്കുമ്പോഴും അട്ടഹാസം മുഴക്കി മർദനം തുടർന്നു.
വിഡിയോ പുറത്തുവന്നതോട് ക്ഷേത്രം ട്രസ്റ്റി ഗംഗാധരപ്പ, പ്രധാന അധ്യാപകനെതിരെ നായ്ക്കനഹട്ടി പൊലീസിൽ പരാതി നൽകി. ഒളിവിൽപോയ അധ്യാപകനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. അതേസമയം ക്ഷേത്രം ട്രസ്റ്റിയുടെ നടപടിയിൽ പ്രദേശത്തുകാർ സംതൃപ്തരല്ല. ഈ വിദ്യാലയം ഇനി പ്രവർത്തിക്കേണ്ട എന്ന നിലപാടിലാണ് നാട്ടുകാർ. സ്കൂൾ ഓഫീസിലേക്ക് സംഘടിച്ചെത്തിയ നാട്ടുകാർ ട്രസ്റ്റിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു.
ചിത്രദുർഗ ജില്ലയിൽ ഗുരു തിപ്പെ രുദ്രസ്വാമി ക്ഷേത്രത്തിന് കീഴിൽ റസിഡൻഷ്യൽ സ്കൂളായി പ്രവർത്തിക്കുന്ന ഇവിടെ ആദ്യ ഘട്ടത്തിൽ മുപ്പതോളം കുട്ടികളുണ്ടായിരുന്നു. പ്രധാന അധ്യാപകന്റെ ക്രൂരത ഭയന്ന് പലരും സ്ഥലംവിട്ടു. ഇപ്പോൾ പത്തിൽ താഴെ കുട്ടികൾ മാത്രമാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. പ്രധാനാധ്യാപാകൻ തങ്ങളെയും ഭീഷണിപ്പെടുത്താറുണ്ടെന്ന് മറ്റ് കുട്ടികൾ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam