
ദില്ലി: കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാകാൻ ഓണോഘോഷവും കാരണമായെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. ആഘോഷങ്ങളിൽ ജാഗ്രത വേണം കേരളത്തിൽ വ്യാപനത്തിന് ഓണാഘോഷവും കാരണമായി. ആഘോഷത്തിന് ആളുകള്‍ കൂട്ടം കൂടണമെന്ന് ഒരു ദൈവവും പറഞ്ഞിട്ടില്ലെന്നും കൊവിഡിനെ കുറിച്ചുള്ള പ്രതിവാര പരിപാടിയായ സണ്‍ഡേ സംവാദില്‍ ആരോഗ്യമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലും കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തിലും കൊവിഡ് രോഗികളുടെ എണ്ണത്തിലും വലിയ കുതിപ്പാണുണ്ടായത്. ആഘോഷങ്ങൾ നിയന്ത്രണം വേണം. ഇല്ലെങ്കിൽ കേസുകൾ ഈ രീതിയിൽ കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയന്ത്രണമില്ലാത്ത ഉത്സവാഘോഷങ്ങള്‍ എങ്ങനെ രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിന് കേരളത്തെ ഉദാഹരിച്ചാണ് മന്ത്രി സംസാരിച്ചത്. കേരളത്തിലെ ആകെ കേസുകളുടെ 60 ശതമാനവും ഒരാഴ്ച്ചക്കിടെയാണ്. ഓണത്തിന് ശേഷമുള്ള ആഴ്ചകളിലാണ് രോഗവ്യാപനം തീവ്രമായത്. കേരളം മാത്രമല്ല മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെയും രോഗവ്യാപനത്തില്‍ ഉത്സവാഘോഷങ്ങള്‍ക്ക് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവരാത്രി, ദസറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങള്‍ വരാനിരിക്കെയാണ് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്.
ആളുകൾ കൂട്ടം കൂടണമെന്ന് ഒരു ദൈവും ആവശ്യപ്പെടുന്നില്ല. ജനങ്ങളുടെ ജീവൻ അപകടത്തിലാക്കി ഉത്സവം ആഘോഷിക്കണമെന്ന് ഒരു മതവും മത നേതാവും പറയില്ല. കുടുംബത്തോടൊപ്പം ആഘോഷം നടത്തണമെന്നാണ് തനിക്ക് ആവശ്യപ്പെടാനുള്ളതെന്നും മന്ത്രി പറഞ്ഞു. സർക്കാർ പുറത്തിറക്കിയ മാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യതസ്ഥരാണെന്നും അദ്ദേഹം അറിയിച്ചു. വരാനിരിക്കുന്ന ശൈത്യക്കാലം മുന്നിൽ കണ്ടുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണം. ശൈത്യക്കാലത്ത് വൈറസിന്റ് അതിജീവന ശക്തി കൂടാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam