ആഘോഷങ്ങൾക്കായി ജീവിതം പ്രതിസന്ധിയിലാക്കണമെന്ന് ദൈവവും മതവും പറഞ്ഞിട്ടില്ല: ഹർഷവര്‍ദ്ധന്‍

By Web TeamFirst Published Oct 12, 2020, 11:37 AM IST
Highlights

നിങ്ങളുടെ മതമോ വിശ്വാസമോ പ്രകടിപ്പിക്കാൻ വലിയ ആൾക്കൂട്ടത്തിന്റെ ആവശ്യമില്ല. നിങ്ങളുടെ വീട്ടിലിരുന്നും ദൈവത്തോട് പ്രാർത്ഥിക്കാൻ സാധിക്കും. 


ദില്ലി: ഉത്സവങ്ങളും ആഘോഷങ്ങളും നടത്തി ജീവിതം പ്രതിസന്ധിയിലാക്കണമെന്ന് ഒരു ദൈവവും മതവും പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി ഹർഷവ​ർദ്ധൻ. ഉത്സവങ്ങൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തുമ്പോൾ യാഥാർത്ഥ്യത്തെ പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിങ്ങളുടെ മതമോ വിശ്വാസമോ പ്രകടിപ്പിക്കാൻ വലിയ ആൾക്കൂട്ടത്തിന്റെ ആവശ്യമില്ല. നിങ്ങളുടെ വീട്ടിലിരുന്നും ദൈവത്തോട് പ്രാർത്ഥിക്കാൻ സാധിക്കും. എല്ലാവരും കുടുംബത്തോടൊപ്പം ഉത്സവം ആഘോഷിക്കണമെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഹർഷവർദ്ധൻ പറഞ്ഞു. 

രാജ്യത്താകെയുള്ള കൊവിഡ് കേസുകൾ 70ലക്ഷത്തിലധികം കടന്നിട്ടുണ്ട്. കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന അമേരിക്കയിൽ കൊവിഡ് കേസുകൾ 76 ലക്ഷത്തിലധികമാണ്. ദുർ​ഗപൂജ, ദസറ, ദീപാവലി, ഛാത്ത് പൂജ എന്നീ ആഘോഷങ്ങളുടെ അവസരത്തിൽ കൊവിഡ് കേസുകൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ ഉപേക്ഷിക്കുന്ന പ്രവണതയാണ് ജനങ്ങൾ പ്രകടിപ്പിക്കുന്നത്. 

പലയിടങ്ങളിലും വലിയ ജനക്കൂട്ടങ്ങൾ ഉണ്ടാകുന്നുണ്ട്. കേരളത്തിൽ ഓണാഘോഷത്തിനുശേഷം കോവിഡ് വ്യാപനം വർധിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സൺഡേ സംവാദ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തണുപ്പുകാലത്ത് കോവിഡ് കേസുകൾ ഇനിയും കൂടാനുള്ള സാധ്യത തള്ളാനാവില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

കൊറോണയ്ക്കെതിരെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ വീഴ്ച വരുത്തിയാൽ സ്ഥിതി കൂടുതൽ വഷളാകും. മാത്രമല്ല, കൂടുതൽ പ്രതിസനന്ധിക്ക് കാരണമാകുകയും ചെയ്യും. മന്ത്രി കൂട്ടിച്ചോർത്തു. മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിലും ഓഗസ്റ്റിലെ ഉത്സവാഘോഷങ്ങൾക്കുശേഷം 50 മുതൽ 60 ശതമാനംവരെ കേസുകൾ വർധിച്ചെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
 

click me!