വിതരണ ശൃംഖലയിലെ തകരാര്‍; വൈദ്യുതി ഇല്ലാതെ മുംബൈ നഗരം

By Web TeamFirst Published Oct 12, 2020, 11:36 AM IST
Highlights

നവി മുംബൈ, താനെ, അന്ദേരി, ബാന്ദ്ര, വാഷി എന്നിവിടങ്ങളിലും വ്യാപകമായി വൈദ്യുതി തടസപ്പെട്ടു. രാവിലെ 10 മണിയോടെയാണ് തകരാറുണ്ടായത്.

മുംബൈ: മുംബൈ നഗരത്തിലെ വൈദ്യുതി നിലച്ചു. തിങ്കളാഴ്ച (ഒക്ടോബര്‍ 12)രാവിലെ 10 മണി മുതലാണ് മുംബൈ മെട്രോപോളിറ്റന്‍ റീജിയനില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത്. ടാറ്റയുടെ വൈദ്യുതി ശൃംഖലയിലെ തകരാറാണ് വൈദ്യുതി തടസ്സപ്പെടാന്‍ കാരണമെന്ന് ബൃഹന്‍ മുംബൈ ഇലക്ട്രിക്ക് സപ്ലേ ആന്‍റ് ട്രാന്‍സ്മിഷന്‍ (ബെസ്റ്റ്) ട്വീറ്റ് ചെയ്തു.

നവി മുംബൈ, താനെ, അന്ദേരി, ബാന്ദ്ര, വാഷി എന്നിവിടങ്ങളിലും വ്യാപകമായി വൈദ്യുതി തടസപ്പെട്ടു. രാവിലെ 10 മണിയോടെയാണ് തകരാറുണ്ടായത്. ഇതോടെ സബർബൻ ട്രെയിൻ സർവീസുകൾ ഏകദേശം പൂർണമായി നിലച്ചു.ആളുകൾ റെയിൽ വേ ട്രാക്കിലൂടെ നടന്ന് പോവുന്ന കാഴ്ചയാണ് പിന്നാലെയുണ്ടായത്. 

പലയിടത്തും ട്രാഫിക് സിഗ്നലുകൾ പ്രവർത്തിക്കുന്നില്ല. ആശുപത്രികളിലും വൈദ്യുതി മുടങ്ങിയത് കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളെ ബാധിക്കുന്ന അവസ്ഥയുണ്ടാക്കി. അതേ സമയം അടിയന്തര സേവനങ്ങള്‍ക്ക് വൈദ്യുതി എത്തിക്കാന്‍ ശ്രമം നടക്കുന്നു എന്ന് അദാനി പവര്‍ ട്വീറ്റ് ചെയ്തു.

മൂന്ന് മണിക്കൂർ കൊണ്ട് തകരാർ പരിഹരിക്കാനാവുമെന്ന് വൈദ്യുത വകുപ്പ് അറിയിച്ചത്. പുതിയ വിവരങ്ങള്‍ പ്രകാരം ഉച്ചയ്ക്ക് 12 മണിയോടെ വൈദ്യുതി പുനസ്ഥാപിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി നിതിൻ റാവത്ത് അറിയിച്ചു.

click me!