യുപി സ്വദേശിയുടേത് സമൂഹവ്യാപനമെന്ന് സംശയം, സമ്പർക്കപ്പട്ടിക പൂർത്തിയാകുന്നതായി തമിഴ്നാട് ആരോഗ്യമന്ത്രി

By Web TeamFirst Published Mar 21, 2020, 12:26 PM IST
Highlights

വിദേശികളുമായി ഇടപെടാത്ത യുവാവിന് എങ്ങനെ കൊവിഡ് ബാധിച്ചെന്ന കാര്യത്തില്‍ ആരോഗ്യവകുപ്പിന് ഇപ്പോഴും വ്യക്തത ഇല്ല. മാര്‍ച്ച് 12 നാണ് യുപി സ്വദേശി ചെന്നൈയിലെത്തുന്നത്. 

ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച യുപി സ്വദേശിയുടേത്  സമൂഹ വ്യാപനമെന്ന് സംശയം. 
യുപി സ്വദേശി 172 ൽ അധികം ആളുകളുമായി ചെന്നൈയിൽ സമ്പർക്കം പുലർത്തിയതായി തമിഴ്നാട് ആരോഗ്യ മന്ത്രി വിജയഭാസ്കർ. ഇവരെയെല്ലാം നിരീക്ഷണത്തിലാക്കും. രോഗിയുടെ സമ്പർക്കപ്പട്ടിക പൂർത്തിയായി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചർത്തു. മാര്‍ച്ച് 12 നാണ് യുപി സ്വദേശി ചെന്നൈയിലെത്തുന്നത്. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ലാത്ത, വിദേശികളുമായി ഇടപെടാത്ത യുവാവിന് എങ്ങനെ കൊവിഡ് ബാധിച്ചെന്ന കാര്യത്തില്‍ ആരോഗ്യവകുപ്പിന് ഇപ്പോഴും വ്യക്തത ഇല്ല.

ദില്ലിയില്‍ നിന്ന് ട്രെയിനില്‍ ചെന്നൈയിലെത്തിയ യുപി സ്വദേശിക്ക് കൊവിഡ് സ്ഥരീകരിച്ചതോടെ എംജിആര്‍ സ്റ്റേഷനിലെങ്കിലും പരിശോധന നടത്തിയിട്ടുണ്ട്. നാല് ദിവസങ്ങള്‍ക്ക് ശേഷം പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതോടെയാണ് ഇയാള്‍ ആശുപത്രിയിലെത്തുന്നത്. അതുവരെ ഈ യുവാവ് സഞ്ചരിച്ച സ്ഥലങ്ങള്‍, അറിയാതെ ഇടപഴകേണ്ടി വന്ന നൂറ് കണക്കിന് ആളുകള്‍. ഇവരെയെല്ലാം കണ്ടെത്തുന്നതിനും ബോധവത്കരണത്തിനുമായുള്ള റൂട്ട് മാപ്പ് പോലും സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിട്ടില്ല. ട്രെയിന്‍ ഏതെന്ന് പോലും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. സമൂഹവ്യാപനമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നിടത്ത് പുറത്തുവരാനിരിക്കുന്നത് എത്രയോ വലിയ കണക്കുകള്‍ എന്ന ആശങ്കയുമുണ്ട്. 

click me!