
ദില്ലി: രാജ്യത്ത് 18 സംസ്ഥാനങ്ങളിൽ അയ്യായിരത്തിലധികം പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം. പത്തിലേറെ സംസ്ഥാനങ്ങളില്‍ ബ്ലാക്ക് ഫംഗസ് പകർച്ച വ്യാധിയായി പ്രഖ്യാപിച്ചു. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് സ്ഥിതി വിലയിരുത്താനുള്ള 27-ാമത് മന്ത്രിതല യോഗം പുരോഗമിക്കുകയാണ്.
കേരളമുൾപ്പടെ 18 സംസ്ഥാനങ്ങളിലായി 5424 പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചു എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചത്. രോഗം സ്ഥിരീകരിച്ച 4556 പേർ കൊവിഡ് സ്ഥിരീകരിച്ചവരാണ്. 55 ശതമാനം പേർ പ്രമേഹ രോഗികളാണെന്നും ആരോഗ്യ മന്ത്രി ഹർഷവർധൻ പറഞ്ഞു. നേരത്തെ കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ പുറത്തുവിട്ട കണക്ക് പ്രകാരം എണ്ണായിരത്തിലധികം പേർക്ക് ഫംഗസ് ബാധിച്ചിരുന്നു. ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചത്.
ഗുജറാത്തിൽ ബ്ലാക്ക് ഫംഗസ് ബാധിച്ച 17 വയസ്സുകാരന് രോഗം ഭേദമായി. ഉത്തരാഖണ്ഡ്, ബിഹാർ, രാജ്സ്ഥാൻ ഉൾപ്പടെ 10 സംസ്ഥാനങ്ങൾ ബ്ലാക്ക് ഫംഗസ് പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. ബ്ലാക്ക് ഫംഗസ് ചികിത്സിക്കാൻ ഉപയോഗിക്കുന്ന ആംഫോട്ടെറിസിൻ്റെ ഉത്പാദനം 250 ശതമാനം കൂട്ടാനുള്ള ശ്രമത്തിലാണ് കേന്ദ്രം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam