രാജ്യത്ത് രണ്ടാം കൊവിഡ് തരംഗം അവസാനിച്ചിട്ടില്ല; ജാഗ്രത നിര്‍ദ്ദേശവുമായി കേന്ദ്രം

By Web TeamFirst Published Jul 28, 2021, 1:55 PM IST
Highlights

നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ക്ഷീണിച്ചത് നമ്മള്‍ മാത്രമാണെന്നും, വൈറസിന്‍റെ ഊര്‍ജ്ജം ചോര്‍ന്നിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ദില്ലി: കൊവിഡ്  മൂന്നാം തരംഗത്തിന്‍റെ വക്കിലാണ് ചില സംസ്ഥാനങ്ങളെന്ന് കേന്ദ്രം. രണ്ടാം തരംഗ ഭീഷണി വിട്ടുമാറിയിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഓക്സിജന്‍ കിട്ടാതെ  മരിച്ച കൊവിഡ് രോഗികളുടെ കണക്ക് വര്‍ഷകാല സമ്മേളനത്തിന് മുന്‍പ് കേന്ദ്രം പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചേക്കും.

ഇന്നലെ മുപ്പതിനായിരത്തില്‍ താഴെയെത്തിയ കൊവിഡ് രോഗികളുടെ പ്രതിദിന കണക്ക് ഇന്ന് പുറത്ത് വന്നപ്പോള്‍ 43, 654. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.73 ശതമാനത്തില്‍ നിന്ന് 2.51 ശതമാനത്തിലെത്തി. ഒടുവില്‍  പുറത്ത് വന്ന  പ്രതിദിന കണക്കില്‍ അന്‍പത് ശതമാനവും കേരളത്തില്‍ നിന്നാണ്. ഇരുപത്തി രണ്ടായിരത്തില്‍ പരം കേസുകള്‍ കേരളത്തില്‍  റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മൂന്നാഴ്ചയായി താഴ്ന്നിരുന്ന പ്രതിദിന കണക്കില്‍ വലിയ കുതിപ്പുണ്ടായിരിക്കുന്നത്. ആലപ്പുഴ, പത്തനംതിട്ട കോട്ടയം, മലപ്പുറം, തൃശൂര്‍, വയനാട്, എറണാകുളം ജില്ലകളിലെ രോഗവ്യാപന തീവ്രത കേന്ദ്രത്തിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ഇതൊടൊപ്പം മഹാരാഷ്ട്രയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെയും സ്ഥിതിഗതികള്‍ ആശങ്കാ ജനകമാണ്. ഈ സംസ്ഥാനങ്ങള്‍ മൂന്നാം തരംഗത്തിന്‍റെ പിടിയിലായെന്ന  സംശയം കേന്ദ്രം ഈ ഘട്ടത്തില്‍ ഉന്നയിക്കുന്നുണ്ട്.  

നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ക്ഷീണിച്ചത് നമ്മള്‍ മാത്രമാണെന്നും, വൈറസിന്‍റെ ഊര്‍ജ്ജം ചോര്‍ന്നിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അതേ സമയം ഓക്സിജന്‍ പ്രതിസന്ധിയില്‍ ആരും മരിച്ചിട്ടില്ലെന്ന കേന്ദ്രത്തിന്‍റെ അവകാശവാദത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ കണക്കുകള്‍ പാര്‍ലമെന്‍റിന്‍റെ മേശപ്പുറത്ത് വയക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഓക്സിജിന്‍ കിട്ടാതെ മരിച്ചവരുടെ വിവരം മൂന്നാഴ്ചക്കുള്ളില്‍ നല്‍കാനാണ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്

click me!