ബംഗാളിൽ വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു; ആദ്യ മണിക്കൂറിൽ കനത്ത പോളിംഗ്, മമതയും സുവേന്ദുവും നേർക്കുനേർ

Published : Apr 29, 2026, 11:17 AM IST
BENGAL ELECTION

Synopsis

ആദ്യത്തെ രണ്ടര മണിക്കൂർ പിന്നിട്ടപ്പോൾ 18.39 ശതമാനം വോട്ട് രേഖപ്പെടുത്തി. ഹൂഗ്ലിയിലും, പൂർബ ബർധമാനിലും വോട്ടിംഗ് 20 ശതമാനം കടന്നതായാണ് റിപ്പോർട്ട്. ഭവാനിപൂരിൽ 17.08 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്.

ദില്ലി: രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ ആദ്യ മണിക്കൂറിൽ കനത്ത പോളിംഗ്. ആദ്യത്തെ രണ്ടര മണിക്കൂർ പിന്നിട്ടപ്പോൾ 18.39 ശതമാനം വോട്ട് രേഖപ്പെടുത്തി. ഹൂഗ്ലിയിലും, പൂർബ ബർധമാനിലും വോട്ടിംഗ് 20 ശതമാനം കടന്നതായാണ് റിപ്പോർട്ട്. ഭവാനിപൂരിൽ 17.08 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. അതേസമയം, വോട്ടെടുപ്പിനിടെ ബംഗാളിൽ പലയിടത്തും സംഘർഷമുണ്ടായി. നാദിയയിൽ ബിജെപി ബൂത്ത് ഏജന്റിന് മർദനമേറ്റു. ആക്രമണത്തിന് പിന്നിൽ ടിഎംസി ഗുണ്ടകളാണെന്ന് ബിജെപി ആരോപിച്ചു.

അതിനിടെ, വോട്ടെടുപ്പ് നടക്കുന്ന ബൂത്തിൽ മമതയും എതിർ സ്ഥാനാർത്ഥി സുവേന്ദുവും ഒരേസമയം സന്ദർശിക്കാനെത്തി. ഭവാനിപൂരിലെ എഴുപതാം നമ്പർ വാർഡിലാണ് ഇരുവരും എത്തിയത്. പ്രവർത്തകന്റെ വീട്ടിൽ മമത എത്തിയപ്പോൾ പുറത്ത് സുവേന്ദു അധികാരി അണികൾക്കൊപ്പം നിന്നു. മമത എല്ലാ ബൂത്തുകളിലും കയറിയിറങ്ങുന്നത് ചട്ട ലംഘനമാണെന്ന് സുവേന്ദു അധികാരി പ്രതികരിച്ചു. മമത പത്തറുപത് ഗുണ്ടകൾക്കൊപ്പം കറങ്ങി ഹിന്ദു വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണെന്നും വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും സുവേന്ദു ആരോപിച്ചു. മമത ബാനർജി ഭവാനിപൂരിൽ തോൽക്കുമെന്നും മുപ്പതിനായിരം വോട്ടിന് തോല്ക്കുമെന്നും സുവേന്ദു പറഞ്ഞു. അതിനിടെ, സൗത്ത് 24 പർ​ഗാനസിലെ ബിജെപി സ്ഥാനാർത്ഥി ബികാഷ് സർദാറിന്റെ കാറിന്റെ ചില്ല് ആക്രമണത്തിൽ തകർന്നു. 

വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. ഏഴു ജില്ലകളിലായുള്ള 142 മണ്ഡലങ്ങളാണ് ഇന്ന് പോളിം​ഗ് നടക്കുന്നത്. ആകെ 1448 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തിൽ മത്സര രം​ഗത്തുള്ളത്. മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപൂർ അടക്കം സുപ്രധാന മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. കൊൽക്കത്ത അടക്കം ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ കഴിഞ്ഞ തവണ തൃണമൂൽ കോൺ​ഗ്രസിനായിരുന്നു മേൽക്കൈ. 142 ൽ 123 മണ്ഡലങ്ങളിലും ടിഎംസിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. അക്രമ സാധ്യത കണക്കിലെടുത്ത് എല്ലായിടത്തും കനത്ത ജാഗ്രതയിലാണ്. സിആർപിഎഫ് അടക്കം വിവിധ മേഖലകളിൽ മുതിർന്ന ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ രാത്രി റൂട്ട് മാർച്ച് നടത്തി. എൻഐഎയും വ്യാപക പരിശോധനകൾ തുടരുകയാണ്. 152 മണ്ഡലങ്ങളിലേക്കായി വോട്ടെടുപ്പ് നടന്ന ഒന്നാം ഘട്ടത്തിൽ 93.19 ശതമാനമെന്ന രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്. രണ്ടാം ഘട്ടത്തിലും ഇത് ആവർത്തിക്കുമോയെന്നാണ് ആകാംഷ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സെന്തിൽ ബാലാജിക്ക് തിരിച്ചടി: ട്രാൻസ്ഫോർമർ അഴിമതി കേസിൽ അന്വേഷണം സിബിഐക്ക് വിട്ടു; മദ്രാസ് ഹൈക്കോടതി ഉത്തരവ്
3 യുഎസ് പൗരന്മാർക്ക് 'ലീവ് ഇന്ത്യ നോട്ടീസ്' നൽകി പൊലീസ്; ഉടൻ രാജ്യം വിടണം, ടൂറിസ്റ്റ് വിസയിലെത്തി മതപ്രചാരണം നടത്തിയതിൽ നടപടി