ഫരീദാബാദിലെ പ്രമുഖ സ്വകാര്യ സ്കൂൾ അധ്യാപികയായ 29കാരിയാണ് സ്കൂൾ വരാന്തയിൽ അതിക്രൂരമായി ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ സ്കൂൾ വരാന്തയിൽ വെച്ച് അധ്യാപികയെ കുത്തികൊലപ്പെടുത്തി. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്ന സന്ധ്യ കാർഹാനയാണ് കൊല്ലപ്പെട്ടത്. 30 സെക്കന്‍റിൽ മുപ്പത്തിനാലു തവണയാണ് പ്രതി അധ്യാപികയെ കുത്തിയത്. പ്രതിയായ 21കാരൻ അമിത് പൊലീസ് പിടിയിലായി. ഫരീദാബാദിലെ പ്രമുഖ സ്വകാര്യ സ്കൂൾ അധ്യാപികയായ 29കാരിയാണ് സ്കൂൾ വരാന്തയിൽ അതിക്രൂരമായി ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. രണ്ട് മാസത്തോളം നീണ്ട ആസൂത്രണത്തിന് പിന്നാലെയാണ് കൊലപാതകം നടത്തിയതെന്നാണ് അമിത് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. അധ്യാപിക സ്കൂളിലേക്ക് വരുമ്പോഴോ പോകുമ്പോഴോ ആക്രമിക്കാനായി പ്രത്യേകമായി കത്തിയും വാങ്ങിയിരുന്നു.

ഓഗസ്റ്റ് മൂന്നാം തിയതി സന്ധ്യയുടെ ഭർത്താവിന്റെ പേരുപറഞ്ഞാണ് അധ്യാപികയെ വരാന്തയിലേക്ക് വിളിക്കുന്നത്. അവരുടെ മുടിയിൽ പിടിച്ച് കഴുത്തിലും നെഞ്ചിലും 27-ലധികം തവണ ക്രൂരമായി കുത്തുകയായിരുന്നു. ആക്രമണത്തിനിടയിൽ കത്തി വളഞ്ഞുപോയിട്ടും അമർഷം അടങ്ങാതെ പ്രതി കുത്തുന്നത് തുടർന്നതായാണ് പൊലീസ് വിശദമാക്കുന്നത്. സംഭവ സ്ഥലത്ത് വച്ച് തന്നെ അധ്യാപിക കൊല്ലപ്പെടുകയായിരുന്നു.
അധ്യാപികയോട് തോന്നിയ പ്രണയം നിരസിക്കുകയും പിന്നാലെ 21കാരന്റെ ശല്യം സഹിക്കാനാവാതെ സന്ധ്യ താമസ സ്ഥലവും ജോലിയും മാറിയിരുന്നു. ഇതിൽ പ്രകോപിതനായാണ് ആക്രമണം. യുവതി മുൻപും ശല്യക്കാരനെതിരെ പൊലീസിന് സമീപിച്ചെങ്കിലും സമയത്ത് നടപടിയുണ്ടായില്ലെന്നാണ് അധ്യാപികയുടെ കുടുംബം ആരോപിക്കുന്നത്. ഏഴും അഞ്ചും വയസ്സുള്ള രണ്ട് മക്കളാണ് സന്ധ്യക്കുള്ലത്.


