
ചെന്നൈ: ശ്രീലങ്ക - ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറി. അടുത്ത 12 മണിക്കൂറിൽ ഡിത്വാ ചുഴലിക്കാറ്റായി മാറും. തമിഴ്നാട് -ആന്ധ്ര തീരമേഖലകളിലും പുതുച്ചേരിയിലും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. പുതുച്ചേരിയിലും തമിഴ്നാട്ടിലെ 7 ജില്ലകളിലും എൻഡിആർഎഫ്, എസ്‌ഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചതായി സർക്കാർ അറിയിച്ചു. അതേസമയം, മലാക്ക കടലിടുക്കിൽ ഇന്നലെ രൂപപ്പെട്ട സെൻയാർ ചുഴലിക്കാറ്റ് ദുർബലമായി തീവ്ര ന്യൂനമർദമായി.
നവംബർ 25 മുതൽ 30 വരെ തമിഴ്‌നാട്ടിലും നവംബർ 29 മുതൽ ഡിസംബർ 1 വരെ തീരദേശ ആന്ധ്രാപ്രദേശ്, യാനം, റായലസീമ എന്നിവിടങ്ങളിലും, നവംബർ 25 മുതൽ 29 വരെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. നവംബർ 28 മുതൽ 30 വരെ തമിഴ്‌നാട്ടിലും, നവംബർ 26, 27 തീയതികളിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും, നവംബർ 30 ന് തീരദേശ ആന്ധ്രാപ്രദേശ്, യാനം, റായലസീമ എന്നിവിടങ്ങളിലും കനത്ത മഴ പെയ്യും. നവംബർ 29 ന് മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിലും, നവംബർ 26 മുതൽ 28 വരെ മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്.