
മുംബൈ: കൊവിഡ് 19 വൈറസ് ബാധ പിടിമുറുക്കിയ മുംബൈയുടെ ആശങ്ക വര്‍ധിപ്പിച്ച് കനത്ത മഴ. താനെ അടക്കമുള്ള പ്രദേശങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും മഴ തുടരുകയാണ്. ഇതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. അടുത്ത 24 മണിക്കൂര്‍ കൂടെ മുംബൈയില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ പ്രവചനം.
അതേസമയം, മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. ഇന്നലെ മാത്രം 7,074 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 8,671 പേരാണ് മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. മുംബൈയില്‍ മാത്രം ഇതുവരെ 83,237 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ 48 മണിക്കൂറില്‍ മുംബൈയില്‍ 68 പേര്‍ക്ക് ജീവന്‍ നഷ്ടമായി. എന്നാല്‍, ഇതിനിടെ ധാരാവയില്‍ പുതുതായി രണ്ട് പേര്‍ക്ക് മാത്രം കൊവിഡ് സ്ഥിരീകരിച്ചത് ആശ്വാസമായി. അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം ദിനം പ്രതി വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 24,850 പേർക്കാണ് പുതുതായി കൊവിഡ് ബാധിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ വന്ന വൻവർധന വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ഇതുവരെ 19268 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. രാജ്യത്ത് കൊവിഡ് ഗുരുതരമായി ബാധിച്ച മെട്രോ നഗരങ്ങളിലൊന്നായ ദില്ലിയിൽ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് വരുന്നത് അൽപം ആശ്വാസം പകരുന്നുണ്ട്. ഒരു ഘട്ടത്തിൽ നാൽപ്പത് ശതമാനത്തിനും താഴെ പോയ ദില്ലിയിലെ കൊവിഡ് രോഗമുക്തി നിരക്ക് ഇപ്പോൾ അറുപത് ശതമാനമായി ഉയർന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam