കനത്ത മഴയും വെള്ളപ്പൊക്കവും, വ്യാപക നാശനഷ്ടം, കൊങ്കൺ റൂട്ടിൽ ട്രെയിന്‍ സര്‍വ്വീസ് നിർത്തിവെച്ചു

By Web TeamFirst Published Jul 23, 2021, 2:08 PM IST
Highlights

ഉത്തരകന്നഡയില്‍ ഒഴുക്കില്‍പ്പെട്ട് ആറ് യുവാക്കളെ കാണാതായി. കൊങ്കന്‍മേഖലയിലൂടെയുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ തല്‍ക്കാലത്തേക്ക് റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതി വിലയിരുത്തി.

മുംബൈ: മഹാരാഷ്ട്രയിലും തെക്കേഇന്ത്യയിലും മഴക്കെടുതിയില്‍ പതിമൂന്ന് പേര്‍ മരിച്ചു. കൊങ്കന്‍മേഖലയും തെലങ്കാനയുടെ വടക്കന്‍ ജില്ലകളിലുമുണ്ടായ വെള്ളപ്പൊക്കത്തിൽ വീടുകളടക്കം തകർന്ന് വ്യാപക നാശനഷ്ടം.ആയിരകണക്കിന് പേരെ മാറ്റിപാര്‍പ്പിച്ചു. നിരവധി വീടുകളും കൃഷിയിടങ്ങളും തകര്‍ന്നു. 

ഉത്തരകന്നഡയില്‍ ഒഴുക്കില്‍പ്പെട്ട് ആറ് യുവാക്കളെ കാണാതായി. കൊങ്കന്‍മേഖലയിലൂടെയുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ തല്‍ക്കാലത്തേക്ക് റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതി വിലയിരുത്തി.

ഗോദാവരി കൃഷ്ണ നദീ തീരങ്ങളിലാണ് പ്രളയഭീഷണി. ഇന്നലെ തുടങ്ങിയ ശക്തമായ മഴയില്‍ നദികള്‍ കരകവിഞ്ഞു. മഹാരാഷ്ട്രയിലെ രത്നഗിരി റായ്ഗഡ് മേഖലയില്‍ താഴ്ന്ന പ്രദേശങ്ങളിൽ വെളളം കയറി. ഒഴുക്കില്‍പ്പെട്ടും വീട് തകര്‍ന്നും മഹരാഷ്ട്രയില്‍ മാത്രം എട്ട് പേര്‍ മരിച്ചു. കൊങ്കന്‍ മേഖലയില്‍ വെള്ളക്കെട്ട് ഉയര്‍ന്നതോടെ നിരവധി യാത്രക്കാരാണ് കുടുങ്ങികിടക്കുന്നത്. മുംബൈ ഗോവ ദേശീയപാത തല്‍ക്കാലത്തേക്ക് അടച്ചു.

ഉത്തരകന്നഡയിലും തെലങ്കാനയുടെ വടക്കന്‍ ജില്ലകളിലും കനത്ത നാശനഷ്ടമാണ്. ഹുബ്ലിയില്‍ ഒഴുക്കില്‍പ്പെട്ട് ആറ് യുവാക്കളെ കാണാതായി. തെലങ്കാനയില്‍ 16 ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമാണ്. വീട് തകര്‍ന്ന് വീണ് ആസിഫാബാദില്‍ മൂന്ന് പേര്‍ മരിച്ചു. ഗോദാവരി തീരത്ത് അതീവജാഗ്രതാ നിര്‍ദേശം നല്‍കി. ആന്ധ്രയിലെ സമീപ ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. വേദഗംഗ നദി കരവിഞ്ഞതോടെ ബെംഗ്ളൂരു പൂണെ ദേശീയപാത തല്ക്കാലത്തേക്ക് അടച്ചു. നേവിയുടെയും ദേശീയദുരന്തനിവാരണ സേനയുടെയും കൂടുതല്‍ സംഘങ്ങളെ വിന്യസിച്ചു. മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

click me!