Bipin Rawat: സംയുക്ത സൈനികമേധാവി സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിയിൽ തകർന്നു വീണു, പതിനൊന്ന് മരണം സ്ഥിരീകരിച്ചു

Published : Dec 08, 2021, 01:44 PM ISTUpdated : Dec 08, 2021, 03:16 PM IST
Bipin Rawat: സംയുക്ത സൈനികമേധാവി സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിയിൽ തകർന്നു വീണു, പതിനൊന്ന് മരണം സ്ഥിരീകരിച്ചു

Synopsis

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും സഞ്ചരിച്ച ഹെലികോപ്ടർ തകർന്നു വീണു 

ഊട്ടി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് (CDS Bipin Rawat) സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീണു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ജനറൽ ബിപിൻ റാവത്തിനെ കൂടാതെ അദ്ദേഹത്തിൻ്റെ പത്നി മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേർ ഹെലികോപ്ടറിൽ ഉണ്ടായിരുന്നുവെന്ന് സൈന്യം സ്ഥിരീകരിച്ചു.

അപകടത്തിൽ എൺപത് ശതമാനത്തോളം പൊള്ളലേറ്റ മൂന്ന് പേരെ നാട്ടുകാ‍ർ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ബിപിൻ റാവത്തും ഭാര്യയും മറ്റൊരാളുമാണ് ഇതെന്നാണ് സൈനികവൃത്തങ്ങൾ പറയുന്നത്. അപകടസ്ഥലത്ത് നിന്നും അഞ്ച് മൃതദേങ്ങൾ ഇതുവരെ കണ്ടെടുത്തതായി വാ‍ർത്താ ഏജൻസി അറിയിച്ചു. വ്യോമസേനയുടെ എം.17 വി ഫൈവ് ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ബിപിൻ റാവത്തിൻ്റേയോ അദ്ദേഹത്തിൻ്റെ ഭാര്യയുടേയോ നിലവിലെ ആരോഗ്യനില സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ സൈന്യം തന്നിട്ടില്ല. ബിപിൻ റാവത്തിനെ ആശുപത്രിയിലേക്ക് മാറ്റി എന്ന് ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുവെങ്കിലും ഇക്കാര്യത്തിൽ ദില്ലിയിൽ  നിന്നും ഔദ്യോഗിക പ്രതികരമുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. നാട്ടുകാർ രക്ഷപ്പെടുത്തിയ ബിപിൻ റാവത്തടക്കമുള്ള മൂന്ന് പേരെ ഒഴിച്ചാൽ ഹെലികോപ്ടറിലുണ്ടായിരുന്ന 11 പേരും കൊല്ലപ്പെട്ടുവെന്നാണ് തമിഴ് മാധ്യമങ്ങളും ദേശീയമാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. 

അതേസമയം അപകടവിവരം പുറത്തു വന്നതിന് പിന്നാലെ ദില്ലിയിൽ സർക്കാർ തലത്തിൽ തിരക്കിട്ട കൂടിയാലോചനകൾ ആരംഭിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകടത്തിൻ്റെ വിശദാംശങ്ങൾ ധരിപ്പിച്ചു. കേന്ദ്രമന്ത്രിസഭയുടെ അടിയന്തര യോഗം അൽപസമയത്തിനകം ദില്ലിയിൽ ചേരും എന്ന വിവരവും പുറത്തു വരുന്നുണ്ട്. ഉദ്യോഗസ്ഥ തലത്തിൽ രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന വിവിഐപി എന്ന് വിശേഷിപ്പിക്കാവുന്നയാളാണ് സംയുക്തസൈനിക മേധാവിയായ ബിപിൻ റാവത്ത്. മുൻകരസേനാ മേധാവിയായിരുന്ന അദ്ദേഹത്തെ വിരമിക്കുന്നതിന് തൊട്ടുമുൻപാണ് കേന്ദ്രസർക്കാർ പ്രഥമ സംയുക്ത സൈനിക മേധാവിയായി നിയമിച്ചത്. 

സുളൂർ വ്യോമസേന കേന്ദ്രത്തിൽൽ നിന്നും വെല്ലിംഗ്ടണ് ഡിഫൻസ് കോളേജിലേക്ക് ആയിരുന്നു സംയുക്ത സൈനിക മേധാവിയുടെ യാത്ര എന്നാണ് കരസേന അറിയിക്കുന്നത്. ഡിഫൻസ് കോളേജിൽ ഇന്ന് ഉച്ചയ്ക്ക് 2.45-ന് അദ്ദേഹത്തിൻ്റെ പ്രഭാഷണമുണ്ടായിരുന്നു. ഹെലികോപ്ടറിൽ സംയുക്ത സൈനികമേധാവിയുടെ ഭാര്യയെ കൂടാതെ വേറെയും ചില കുടുംബാംങ്ങളുണ്ടായിരുന്നുവെന്ന വാർത്തകളും ഇപ്പോൾ പുറത്തു വരുന്നുണ്ട് എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയൊരു സ്ഥിരീകരണമുണ്ടായിട്ടില്ല. 

അപകടസ്ഥലത്തേക്ക് സുളൂർ വ്യോമകേന്ദ്രത്തിൽ നിന്നും കൂടുതൽ ഹെലികോപ്ടറുകൾ എത്തിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് വിശദ വിവരങ്ങൾ നൽകാൻ വ്യോമസേനയോടും കരസേനയോടും പ്രതിരോധമന്ത്രാലയം ആവശ്യപ്പെട്ടു. ഊട്ടിയിലേക്ക് വരാൻ ആദ്യം ആലോചിച്ചുവെങ്കിലും പ്രതിരോധമന്ത്രി പിന്നീട് ദില്ലിയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇന്ന് തന്നെ കോയമ്പത്തൂരിൽ എത്തും. കോയമ്പത്തൂരിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം ഇതിനോടകം ഊട്ടിയിലേക്ക് തിരിച്ചിട്ടുണ്ട്. അപകടത്തിൽ മരണപ്പെട്ട അഞ്ച് പേരുടെ മൃതദേഹം ഊട്ടിയിലെ വെല്ലിംഗ്ണ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

വെല്ലിംഗ്ടണിലെ ഹെലിപാഡിന് അടുത്തേക്ക് എത്തും മുൻപ് ഹെലികോപ്ടർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഹെലികോപ്ടർ താഴേക്ക് പതിക്കും മുൻപ് തന്നെ മൂന്ന് പേർ ഹെലികോപ്ടറിലേക്ക് താഴേക്ക് പതിച്ചെന്നും - പ്രദേശവാസിയായ ഒരാളെ ഉദ്ധരിച്ച് ദ ന്യൂസ് മിനുറ്റ് റിപ്പോർട്ട് ചെയ്യുന്നു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എത്ര സിമ്പിൾ, പക്ഷെ പവര്‍ഫുൾ!, ഒരൊറ്റ കാഴ്ചയിൽ ഈ പുലരി സുന്ദരം, ശുചീകരണ തൊഴിലാളികൾക്ക് ചായ നൽകുന്ന വീട്ടമ്മയുടെ വീഡിയോ വൈറൽ
'ക്ഷേത്ര പരിസരത്ത് ഒരു കൂട്ടം പെൺകുട്ടികൾക്കൊപ്പം ഒരു ആൺകുട്ടി'; രക്ഷിതാക്കളെ ഫോണിൽ വിളിച്ച് പൊലീസുകാരി, വീഡിയോ