Rajyasabha : എംപിമാരുടെ സസ്പെന്‍ഷനില്‍ ഇന്നും പ്രതിപക്ഷ ബഹളം, സമ്മര്‍ദ്ദം വേണ്ടെന്ന് വെങ്കയ്യ നായിഡു

By Web TeamFirst Published Dec 8, 2021, 11:45 AM IST
Highlights

കഴിഞ്ഞ എട്ട് ദിവസമായി പാര്‍ലമെന്‍റ് കവാടത്തില്‍ സസ്പെന്‍ഷന്‍ നേരിടുന്ന അം​ഗങ്ങളും പ്രതിഷേധിക്കുകയാണ്. എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍​ഗെ ആവശ്യപ്പെട്ടു. 

ദില്ലി: രാജ്യസഭ (Rajyasabha) എംപിമാരുടെ സസ്പെന്‍ഷന്‍ (Suspension of 12 MPs)  പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. തുടര്‍ച്ചയായ എട്ടാം ദിവസമാണ് എംപിമാരുടെ സസ്പെന്‍ഷനെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധമുയര്‍ത്തുന്നത്. സഭയുടെ നടുത്തളത്തില്‍ ഇറങ്ങി വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. കഴിഞ്ഞ എട്ട് ദിവസമായി പാര്‍ലമെന്‍റ് കവാടത്തില്‍ സസ്പെന്‍ഷന്‍ നേരിടുന്ന അം​ഗങ്ങളും പ്രതിഷേധിക്കുകയാണ്. എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍​ഗെ ആവശ്യപ്പെട്ടു. 

എന്നാല്‍ പ്രതിപക്ഷ ബഹളം കൊണ്ട് രാജ്യസഭാ നടപടികള്‍ നിര്‍ത്തിവെക്കില്ലെന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു. സമ്മര്‍ദ്ദം ചെലുത്തി കാര്യം നേടാമെന്ന് പ്രതിപക്ഷം വിചാരിക്കേണ്ട. പ്രതിപക്ഷത്തിന്‍റെ സമീപനം ജനാധിപത്യ വിരുദ്ധമാണ്. ജനാധിപത്യ വിരുദ്ധ നടപടി അം​ഗീകരിക്കില്ല. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും പ്രതിപക്ഷം അനുവദിക്കുന്നില്ലെന്നും വെങ്കയ്യ നായിഡു വിമര്‍ശിച്ചു. 

കഴിഞ്ഞ സഭാ സമ്മേളനത്തിലെ പ്രതിഷേധത്തിൻ്റെ പേരിലാണ് എംപിമാരെ സസ്പെന്‍റ് ചെയ്തത്. സഭയുടെ അന്തസ് ഇടിച്ച് താഴ്ത്തുന്ന രീതിയില്‍ അംഗങ്ങള്‍ പെരുമാറിയെന്ന് ഉത്തരവില്‍ പറയുന്നു. എളമരം കരീമിനെതിരെ രണ്ട് രാജ്യസഭ മാർഷൽമാരാണ് അദ്ധ്യക്ഷന് പരാതി നൽകിയിരുന്നത്. ബിനോയ് വിശ്വത്തിനെതിരെയും പരാമർശമുണ്ട്. എളമരം കരീം മാർഷൽമാരുടെ കഴുത്തിന് പിടിച്ചുവെന്നാണ് പരാതി. ഈ സമ്മേളന കാലത്തേക്കാണ് എംപിമാരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.
 

click me!