ബലൂൺ വാങ്ങുന്നതിനിടെ ഹീലിയം ടാങ്ക് പൊട്ടിത്തെറിച്ചു, ട്രിച്ചിയിൽ യുവാവിന് ദാരുണാന്ത്യം

By Web TeamFirst Published Oct 3, 2022, 6:27 PM IST
Highlights

 ട്രിച്ചിയിലെ  തിരക്കേറിയ മാർക്കറ്റിൽ ഹീലിയം ടാങ്ക് പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട് ട്രിച്ചിയിലെ  തിരക്കേറിയ മാർക്കറ്റിൽ ഹീലിയം ടാങ്ക് പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. രവി (35) എന്നയാളാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം മാർക്കറ്റിൽ ബലൂൺ വാങ്ങുന്നതിനിടെയാണ് ഹീലിയം ടാങ്ക് പൊട്ടിത്തെറിച്ചത്. സംഭവത്തിന്റ ദൃശ്യങ്ങൾ പുറത്തുവന്നു. 

കച്ചവടക്കാരനിൽ നിന്ന് ബലൂൺ വാങ്ങുന്നതിനിടെ ഹീലിയം ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ സ്ഫോടനത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയ്ക്കും ചില വാഹനങ്ങൾക്കും കേടുപാടുകളുണ്ട്. അശ്രദ്ധമായി ഹീലിയം ടാങ്ക് കൈകാര്യം ചെയ്ത ബലൂൺ വിൽപ്പനക്കാരനായ  നർ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ബലൂണുകൾ വാങ്ങുകയായിരുന്ന യുവാവ് ടാങ്കിനടുത്ത് നിൽക്കുകയായിരുന്നു. സ്ഫോടനത്തിൽ സംഭവസ്ഥലത്ത് തന്നെ യുവാവ് മരിച്ചതായി പൊലീസ് അറിയിച്ചു.  നഗരത്തിലെ ഫോർട്ട് പ്രദേശത്തെ ഒരു ടെക്‌സ്‌റ്റൈൽ ഷോറൂമിൽ സ്ഥാപിച്ച സി സി ടി വി ക്യാമറകളിൽ സ്‌ഫോടന ദൃശ്യങ്ങൾ പതിഞ്ഞു. ഈ കടയ്ക്ക് മുൻവശത്തായിരുന്നു കച്ചവടക്കാരൻ ബലൂൺ വിറ്റിരുന്നത്. 

പെട്ടെന്നുള്ള സ്ഫോടനത്തിൽ ജനങ്ങൾ പകച്ച് പരക്കം പായുന്നത് ദൃശ്യങ്ങളിലുണ്ട്. ഇക്കൂട്ടത്തിൽ കുട്ടികളുള്ള സ്ത്രീകളടക്കമുള്ളവർ പെട്ടെന്ന് ടെക്സ്റ്റൈൽസിലേക്ക് ഓടിക്കയറുന്നതും, പരക്കെ ഓടുന്നതും വ്യക്തമാണ്. 

| Tamil Nadu: A helium tank exploded in a market in Trichy's Kotai Vasal area yesterday; One dead & several injured. Case registered. pic.twitter.com/wUHvlaM5GQ

— ANI (@ANI)

Read more: പ്രണയം, യുവാവിനെ കാമുകിയുടെ ബന്ധുക്കൾ ഓടുന്ന ബസിനടിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി

അതേസമയം ജയ്പൂരിൽ 11-ാം നിലയിൽനിന്ന് ഒഴിഞ്ഞ ലിഫ്റ്റിലേക്ക് കയറി താഴേക്ക് വീണ് വിദ്യാർത്ഥി മരിച്ചു. വാരണാസി സ്വദേശിയും മണിപ്പാൽ സര്‍വകലാശാല വിദ്യാര്‍ത്ഥിയുമായ കുശാഗ്ര മിശ്രയാണ് മരിച്ചത്. രണ്ടാം വ‍ര്‍ഷ കമ്പ്യൂട്ട‍ര്‍ സയൻസ് വിദ്യാര്‍ത്ഥിയായ കുശാഗ്ര വാടകയ്ക്ക് താമസിച്ചുവന്ന അപ്പാർട്ട്മെന്റിലെ ലിഫ്റ്റ് തകർന്ന് കിടക്കുന്ന വിവരം അറിയാതെ അകത്തേക്ക് കയറിയപ്പോഴായിരുന്നു അപകടം.

ലിഫ്റ്റിന്റെ ബട്ടൺ അമർത്തിയപ്പോൾ സാധാരണ പോലെ ലിഫ്റ്റിന്റെ വാതിൽ തുറന്നുവന്നു. എന്നാൽ ലിഫ്റ്റ് ഉണ്ടായിരുന്നില്ല. അകത്തേക്ക് കാലെടുത്തു വച്ച ഉടൻ താഴേക്ക് വീഴുകയായിരുന്നു. തൽക്ഷണം തന്നെ മരണം സംഭവിക്കുകയും ചെയ്തു.   ലിഫ്റ്റ് തകർന്നു കിടക്കുന്ന വിവരം അപ്പാർട്ട്മെന്റ് ഉടമയെ മറ്റ് താമസക്കാർ അറിയിച്ചിരുന്നു. എന്നാൽ ഇത് അയാൾ ചെവികൊണ്ടില്ലെന്നാണ് ആരോപണം. കുശാഗ്രയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. അതേസമയം ബിൽഡർക്കെതിരെ അപ്പാർട്ട്മെന്റ് നിവാസികൾ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

click me!