തീവ്രവാദത്തിന് മതമില്ലെന്നാണ് അച്ഛന്‍ പഠിപ്പിച്ചത്; മൗനം വെടിഞ്ഞ് പ്രഗ്യാ സിംങിന് മറുപടിയുമായി കര്‍ക്കറെയുടെ മകള്‍

By Web TeamFirst Published Apr 28, 2019, 1:03 PM IST
Highlights

ഹേമന്ത് കര്‍ക്കറെ ഒറു റോള്‍ മോഡലാണെന്നും അദ്ദേഹത്തെക്കുറിച്ച് മാത്രമേ സംസാരിക്കാന്‍ താത്പര്യപ്പെടുന്നുള്ളുവെന്നും ജൂയി വ്യക്തമാക്കി. മറ്റെന്തിനേക്കാള്‍ അച്ഛന്‍ പ്രാധാന്യം നല്‍കിയിരുന്നത് രാജ്യത്തിനായിരുന്നു, മരണം പോലും രാജ്യത്തിന് വേണ്ടിയായിരുന്നു, സ്വന്തം ജീവിതം രാജ്യത്തിന് സമര്‍പ്പിച്ചാണ് അച്ഛന്‍ യാത്രയായതെന്ന് എല്ലാവരും ഓര്‍ക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

ദില്ലി: മുബൈ ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച മുംബൈ പൊലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കറെയ്ക്കെതിരായ പ്രഗ്യ സിംങിന്‍റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി കര്‍ക്കറെയുടെ മകള്‍ രംഗത്തെത്തി. ദിവസങ്ങളായി തുടര്‍ന്ന മൗനം വെടിഞ്ഞ കര്‍ക്കറെയുടെ മകള്‍ ജൂയി നവാറെ പ്രഗ്യയുടെ പരാമര്‍ശനം തള്ളിക്കളഞ്ഞു. തീവ്രവാദത്തിന് മതമില്ലെന്നാണ് അച്ഛന്‍ പഠിപ്പിച്ചതെന്ന് ചൂണ്ടികാട്ടിയ ജൂയി,  അഭിമാനത്തോടെ മാത്രമേ കര്‍ക്കറെയുടെ പേര് പറയാവു എന്നും അഭിപ്രായപ്പെട്ടു.

ഹേമന്ത് കര്‍ക്കറെ ഒറു റോള്‍ മോഡലാണെന്നും അദ്ദേഹത്തെക്കുറിച്ച് മാത്രമേ സംസാരിക്കാന്‍ താത്പര്യപ്പെടുന്നുള്ളുവെന്നും ജൂയി വ്യക്തമാക്കി. മറ്റെന്തിനേക്കാള്‍ അച്ഛന്‍ പ്രാധാന്യം നല്‍കിയിരുന്നത് രാജ്യത്തിനായിരുന്നു, മരണം പോലും രാജ്യത്തിന് വേണ്ടിയായിരുന്നു, സ്വന്തം ജീവിതം രാജ്യത്തിന് സമര്‍പ്പിച്ചാണ് അച്ഛന്‍ യാത്രയായതെന്ന് എല്ലാവരും ഓര്‍ക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രഗ്യ സിംങിനെതിരെ കൂടുതല്‍ പറഞ്ഞ് മഹത്വവത്കരിക്കാനില്ലെന്നും അവര്‍ വ്യക്തമാക്കി.

നേരത്തെ ഹേമന്ത് കര്‍ക്കറെയെ അധിക്ഷേപിച്ചതിന് മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയും ഭോപ്പാലിലെ ബി ജെ പി സ്ഥാനാര്‍ഥിയുമായ പ്രഗ്യ സിങ് താക്കൂറിനെതിരെ കേസെടുത്തിരുന്നു. കോണ്‍ഗ്രസിന്‍റെ പരാതിയില്‍ മധ്യപ്രദേശ് പൊലീസാണ് കേസെടുത്തത്. സമാന പരാമര്‍ശത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഗ്യ സിങിന് നോട്ടീസും അയച്ചിരുന്നു. 

2011 ലെ മുംബൈ ഭീകരാക്രണണത്തില്‍ കൊല്ലപ്പെട്ട ഭീകര വിരുദ്ധ സേനാ തലവന്‍ ഹേമന്ത് കര്‍ക്കറയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടത് തന്റെ ശാപം കൊണ്ടാണെന്നായിരുന്നു ഭോപ്പാലിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രഗ്യ പറഞ്ഞത്. തന്നെ വേട്ടയാടിയതിന്റെ കര്‍മഫലമാണ് ഐ.പി.എസ് ഉദ്യോഗസ്ഥനായ കര്‍ക്കരെ അനുഭവിച്ചതെന്നും പ്രഗ്യ സിങ് ഭോപാലില്‍ ബി.ജെ.പി പ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞിരുന്നു. പ്രസ്താവനക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന്‍ രംഗത്തുവരികയും ബി.ജെ.പി കൈവിടുകയും ചെയ്തതോടെ പ്രഗ്യ പ്രസ്താവനയില്‍ മലക്കം മറിഞ്ഞിരുന്നു.

click me!