
റാഞ്ചി: അയോഗ്യത വിഷയത്തിൽ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഗവർണറെ രമേഷ് ബെയ്സിനെ കണ്ടു. നിലവിലെ അവ്യക്തത നീക്കണമെന്ന് മുഖ്യമന്ത്രി ഗവർണറോട് ആവശ്യപ്പെട്ടു. ഖനി ലൈസൻസ് കേസിൽ മുഖ്യമന്ത്രിയെ അയോഗ്യൻ ആക്കാം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശ നൽകിയിട്ടും ഗവർണർ നടപടി എടുക്കാത്ത സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ആശയക്കുഴപ്പം സൃഷ്ടിച്ച് സംസ്ഥാനത്ത് ബിജെപി അധാർമികമായി അധികാരം പിടിക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ കുറ്റപ്പെടുത്തി.
അതേസമയം രാഷ്ട്രീയപ്രതിസന്ധിക്കിടയിലും ജാര്‍ഖണ്ഡ് നിയമസഭയിൽ ഹേമന്ത് സോറൻ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചിരുന്നു. 81 അംഗ ജാര്‍ഖണ്ഡ് നിയമസഭയിൽ നാല്‍പ്പത്തിയെട്ട് വോട്ട് നേടിയാണ് സർക്കാർ വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചത്.
മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ അയോഗ്യത ഭീഷണി നിലനില്‍ക്കുന്നതിനിടെയാണ് സഭയില്‍ സർക്കാർ വിശ്വാസ വോട്ട് തേടിയത്. വോട്ടെടുപ്പിനിടെ ബിജെപി എംഎല്‍എമാർ സഭയില്‍ നിന്ന് ഇറങ്ങിപ്പോയത് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. 81 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന് 42 എംഎല്‍എമാരുടെ പിന്തുണ വേണമെന്നിരിക്കെയാണ് ജെഎംഎം കോണ്‍ഗ്രസ് സർക്കാരിന് 48 എംഎല്‍എമാരുടെ പിന്തുണ ലഭിക്കുന്നത്.
നിർബന്ധിത മതപരിവർത്തന നിരോധന ബില്ല് പാസാക്കി കർണാടക
ബെംഗളൂരു: നിർബന്ധിത മതപരിവർത്തന നിരോധന ബില്ല് പാസാക്കി കർണാടക.നിയമസഭയ്ക്ക് പിന്നാലെ നിയമ നിർമ്മാണ കൗൺസിലിലും ബില്ല് പാസാക്കി.കോൺഗ്രസിൻ്റേയും ജെഡിഎസിൻ്റേയും ശക്തമായ എതിർപ്പിനിടെ ശബ്ദവോട്ടോടെയാണ് ബില്ല് പാസാക്കിയത്.
ലഖിംപുര്‍ ഖേരിയില്‍ ദളിത് സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഉയര്‍ത്തികാട്ടി കോണ്‍ഗ്രസ് ബില്ലിനെ എതിര്‍ത്തു. ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണ് ബില്ലെന്നും പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബറില്‍ ബില്ല് നിയമസഭയില്‍ പാസാക്കിയിരുന്നു. നിയമനിര്‍മ്മാണ കൗണ്‍സിലില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെയാണ് ബിൽ കൗൺസിലിൽ അവതരിപ്പിച്ചത്. മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍. ക്രൈസ്തവ സംഘടനകളുടെ കടുത്ത എതിര്‍പ്പിനിടെയാണ് സര്‍ക്കാര്‍ നടപടി.