സൂപ്പർ സൈക്ലോൺ ഉംപുൺ വീണ്ടും കരുത്താർജ്ജിക്കുന്നു, അതി തീവ്ര ചുഴലിക്കാറ്റായി തീരം തൊടും

By Web TeamFirst Published May 18, 2020, 10:42 PM IST
Highlights

അതി തീവ്ര ചുഴലിക്കാറ്റായി നാളെ  ഉച്ചയോടെ ഉംപുൺ കരതൊടുക എന്നാണ് പ്രവചനം. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾക്കും കനത്ത ജാഗ്രത നിർദേശം നല്‍കി. 

മുംബൈ: ബംഗാൾ ഉൾക്കടലിൽ വീശുന്ന സൂപ്പർ സൈക്ലോൺ ഉംപുൺ വീണ്ടും കരുത്താർജ്ജിക്കുന്നു. മണിക്കൂറിൽ 275 കിലോമീറ്റർ വരെയാണ് കാറ്റിന്റെ വേഗം. അതി തീവ്ര ചുഴലിക്കാറ്റായി നാളെ  ഉച്ചയോടെ ഉംപുൺ കരതൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം. പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും ഇടയിൽ ആവും കരയിലേക്ക് പ്രവേശിക്കുക. ഇതിന്‍റെ അടിസ്ഥാനത്തിൽ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾക്കും കനത്ത ജാഗ്രത നിർദേശം നല്‍കി. 

നിലവിൽ ഇന്ത്യയുടെ കിഴക്കൻ തീരത്തിന് സമാന്തരമായി വടക്ക് കിഴക്ക് ദിശയിലാണു കാറ്റിന്റെ സഞ്ചാരപഥം. ഒഡിഷ, ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ കനത്ത കാറ്റ് വീശുകയാണ്. കടൽക്ഷോഭവും തുടങ്ങി. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ഒഡിഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ നിന്ന് പതിനഞ്ച് ലക്ഷത്തോളം പേരെ ഒഴിപ്പിക്കുകയാണ്. പ്രദേശത്ത് ദുരന്തനിവാരണ സേനയുടെ 37 സംഘത്തെ വിന്യസിച്ചു.

'ഉംപുൺ' സൂപ്പർ സൈക്ലോണായി, ശക്തിയേറിയ ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിൽ ഈ നൂറ്റാണ്ടിലാദ്യം.

ചുഴലിക്കാറ്റുകളുടെ ഗണത്തിൽ ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റിനെയാണ് സൂപ്പർ സൈക്ലോൺ എന്ന് പറയുന്നത്. അതിവേഗത്തിലാണ് ഉംപുൺ കരുത്താർജിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കൊവിഡ് പ്രതിസന്ധിക്കിടെ വന്ന ചുഴലിക്കാറ്റ് ഭീഷണിയിൽ ജാഗ്രതയിലാണ് പശ്ചിമബംഗാളും ഒഡിഷയും. ചുഴലിക്കാറ്റ് തീരം തൊടുമെന്ന് കണക്കുകൂട്ടപ്പെടുന്ന ജഗത് സിംഗ്പൂരിൽ, എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. നാളെയോടെ കടലോരമേഖലയിലെയും നഗരങ്ങളിലെ ചേരികളിലും താമസിക്കുന്ന എല്ലാവരെയും ഒഴിപ്പിക്കും. 

 

 

click me!