
ദില്ലി: നിയമസഭാ തെഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തരാഖണ്ഡ് കോൺഗ്രസിലെ (Uttarakhand Congress) തർക്കം പരിഹരിക്കാൻ ഇടപെടലുമായി ഹൈക്കമാൻഡ് (High Command). ഹരീഷ് റാവത്ത് അടക്കം നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം ലക്ഷ്യമിട്ട് പ്രവർത്തനങ്ങളുമായി പാർട്ടി മുന്നോട്ട് പോകുന്നതിനിടെയാണ് ഇന്നലെ പ്രതിഷേധം പരസ്യമാക്കി ഹരീഷ് റാവത്ത് ട്വീറ്റ് ചെയ്തത്. പാര്‍ട്ടി തന്നെ അവഗണിച്ചെന്ന് തുറന്നടിച്ച റാവത്തിന്റെ ട്വീറ്റിനോട് ഹൈക്കമാൻഡ് ഇതുവരെ പ്രതികരിച്ചിരുന്നില്ല. അമരീന്ദ്രർ സിങ്ങിന്റെ വഴിയെ പാർട്ടി വിടാനൊരുങ്ങുകയാണ് റാവത്തെന്ന് അഭ്യൂഹവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് റാവത്ത് അടക്കം മുതിർന്ന നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചത്.
റാവത്തിനെ കൂടാതെ പാർലമെൻ്ററി പാർട്ടി നേതാവ് പ്രീതം സിങ്, സംസ്ഥാന അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ, യശ്പാൽ ആര്യ അടക്കമുള്ളവർ നാളെ ദില്ലിക്ക് എത്തും. രാഹുൽ ഗാന്ധിയുമായി നേതാക്കൾ നാളെകൂടിക്കാഴ്ച്ച നടത്തുമെന്നാണ് വിവരം. ഉത്തരാഖണ്ഡിന്റെ ചുമതലയുള്ള ദേവന്ദ്രയാദവും ദില്ലിക്ക് എത്തും. സംസ്ഥാന നേതൃത്വം തന്നെ അവഗണിക്കുന്നുവെന്ന് പരാതി നൽകിയിട്ടും ഹൈക്കമാൻഡ് പരിഗണിച്ചില്ലെന്ന് ആക്ഷേപവുമുണ്ട് റാവത്തിന്. താൻ നടത്തിയ റാലിക്ക് സംസ്ഥാന നേതൃത്വത്തിന്റെ സഹകരണമുണ്ടായില്ലെന്ന പരാതിയും റാവത്ത് മുന്നോട്ട് വെക്കുന്നു. അതേസമയം കോൺഗ്രസിലെ പടലപ്പിണക്കം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ആയുധമാക്കുകയാണ് സംസ്ഥാന ബിജെപി നേത്യത്വം. റാവത്തിനെ കോൺഗ്രസ് ഒഴിവാക്കുകയാണെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ്ങ് ധാമി പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam