ആദായനികുതി റെയ്ഡിനിടെ ജീവനൊടുക്കിയ അദ്ദേഹത്തിന്റെ മുൻകൂട്ടി തയ്യാറാക്കിയ കുറിപ്പും, റെയ്ഡിനെതിരായ ഹർജി പിൻവലിച്ചതും, രാഷ്ട്രീയ ഇടപെടലുകളും കേസിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നു.

ബെംഗളൂരു: കേരളത്തിലെയും കർണാടകയിലെയും വ്യവസായ ലോകത്തെ നടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയുടെ മരണം സംബന്ധിച്ച അന്വേഷണം നിർണ്ണായക ഘട്ടത്തിലാണ്. ജനുവരി 30-ന് ബെംഗളൂരുവിലെ ആസ്ഥാന ഓഫീസിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിക്കൊണ്ടിരിക്കെയാണ് അദ്ദേഹം സ്വന്തം തോക്ക് ഉപയോഗിച്ച് ജീവനൊടുക്കിയത്. സിജെ റോയിയുടെ മരണത്തിന് ശേഷം അന്വേഷണത്തിൽ കണ്ടെത്തിയതും സുപ്രധാനമായ മറ്റ് സംഭവവികാസങ്ങളും നോക്കാം.

Add Asianetnews as a Preferred SourcegooglePreferred

സിജെ റോയിയുടെ കുറിപ്പ്

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സിജെ റോയ് ജീവനൊടുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന സൂചനകൾ നൽകുന്ന കുറിപ്പ് കണ്ടെടുത്തു. മരണത്തിന് മുൻപ് അദ്ദേഹം തയ്യാറാക്കി വെച്ചിരുന്ന 9 പേജുകളുള്ള വിശദമായ കുറിപ്പാണ് കുടുംബാംഗങ്ങൾക്ക് ലഭിച്ചത്. തന്റെ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഭാവിയെക്കുറിച്ചും നേരിട്ട പ്രതിസന്ധികളെക്കുറിച്ചും നിർണ്ണായകമായ വെളിപ്പെടുത്തലുകൾ ഈ കുറിപ്പിലുണ്ടായിരുന്നു.

വിദേശ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന കനത്ത സാമ്പത്തിക തിരിച്ചടികളെക്കുറിച്ച് കുറിപ്പിൽ പ്രതിപാദിക്കുന്നുണ്ട്. ആദായനികുതി വകുപ്പ് അടക്കമുള്ള ഏജൻസികളുടെ പരിശോധനകളെത്തുടർന്ന് നേരിടേണ്ടി വന്ന മാനസികമായ സമ്മർദ്ദങ്ങളെക്കുറിച്ച് റോയ് കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. തീവ്രമായ മാനസികാവസ്ഥയിലൂടെ കടന്നുപോകുന്നതിനിടെ കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ചുകൊണ്ടാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. തന്നെ വിശ്വസിച്ച് പണം നിക്ഷേപിച്ചവരെ ഒരു ഘട്ടത്തിലും കൈവിടരുത് എന്ന് അദ്ദേഹം പ്രത്യേകം ആവശ്യപ്പെടുന്നു. ഭാവിയിൽ സ്ഥാപനവും നിക്ഷേപങ്ങളും എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ നിർദ്ദേശങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. മരണത്തിന് നാല് ദിവസം മുൻപേ ഇത്തരമൊരു കുറിപ്പ് തയ്യാറാക്കി വെച്ചിരുന്നതിനാൽ, റോയി ആസൂത്രിതമായാണോ ജീവനൊടുക്കിയത് എന്ന കാര്യം പ്രത്യേക അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. ഈ കുറിപ്പിലെ വിവരങ്ങൾ അന്വേഷണത്തിൽ അതീവ നിർണ്ണായകമാണ്.

ഇൻകം ടാക്സ് റെയിഡിനെതിരായ ഹര്‍ജി പിൻവലിച്ചു

ആദായ നികുതി റെയ്ഡുമായി ബന്ധപ്പെട്ട് കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് കോടതിയിൽ നൽകിയ ഹര്‍ജിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങള്‍ പുറത്ത്. ആദായ നികുതി റെയ്ഡ് നടപടികള്‍ക്കെതിരെ നൽകിയ ഹര്‍ജി സിജെ റോയ് രണ്ടു ദിവസത്തിനുശേഷം പിൻവ‍ലിച്ചു. ഹര്‍ജി പിൻവലിക്കാനുള്ള അപേക്ഷ പരിഗണിച്ചാണ് കര്‍ണാടക ഹൈക്കോടതി കേസ് തീര്‍പ്പാക്കിയത്. കഴിഞ്ഞ ഡിസംബര്‍ മൂന്നിന് ആദായ നികുതി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിനെതിരെയായിരുന്നു ഹര്‍ജി. റെയ്ഡ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കൊച്ചിയിലെ ഉദ്യോഗസ്ഥര്‍ക്ക് ബെംഗളൂരുവിൽ റെയ്ഡിന് അധികാരമില്ലെന്നാണ് ഹര്‍ജിയിലെ വാദം.

റെയ്ഡിൽ രേഖകള്‍ പിടിച്ചെടുത്തത് അനികൃതമാണെന്നും ഹര്‍ജിയിൽ സിജെ റോയ് വാദിച്ചിരുന്നു. ഡിസംബര്‍ 16നാണ് കര്‍ണാടക ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. സിജെ റോയിയും കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന് കീഴിലെ എട്ടു കമ്പനികളുമാണ് കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ, സിസംബര്‍ 18ന് തന്നെ ഹര്‍ജി പിൻവലിക്കാൻ അപേക്ഷ നൽകി. വിശദമായ വാദത്തിന് മുന്‍പേ ഹര്‍ജി പിന്‍വലിച്ചത് എന്തിനാണെന്ന് വ്യക്തമല്ല. ഹര്‍ജി പിൻവലിച്ചതോടെ കോടതി കേസ് തീര്‍പ്പാക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ കത്ത്

സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മുഖ്യമന്ത്രി കത്തയച്ചിരുന്നു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡിനിടെ വ്യവസായി ആത്മഹത്യ ചെയ്ത സംഭവം അതീവ ഗൗരവകരമാണെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. സി.ജെ. റോയിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് നിഷ്പക്ഷവും സുതാര്യവുമായ ജുഡീഷ്യൽ അന്വേഷണം വേണം. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മാനസികമായ സമ്മർദ്ദങ്ങളോ ചട്ടലംഘനങ്ങളോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. നികുതി ഭരണകൂടത്തിന്റെ ഇത്തരം നടപടികൾ രാജ്യത്തെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിന് തിരിച്ചടിയാണെന്നും കത്തിൽ പരാമർശിക്കുന്നു.

ആരോപണവുമായി ബിജെപി

അന്വേഷണത്തിന് കർണാടക സർക്കാർ എന്തിനാണ് തിടുക്കത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് ബി വൈ വിജയേന്ദ്ര. ശിവമോഗയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് എസ്ഐടി രൂപീകരണത്തിൽ സംശയം പ്രകടിപ്പിച്ചത്. റോയിയുടെ കുടുംബത്തിന് അന്ത്യകർമങ്ങൾ നടത്താനോ പരാതി നൽകാനോ കഴിയുന്നതിന് മുമ്പുതന്നെ സർക്കാർ തിടുക്കത്തിൽ എസ്‌ഐടി രൂപീകരിച്ചത് സംശയം ജനിപ്പിക്കുന്നതാണെന്ന് വിജയേന്ദ്ര പറഞ്ഞു. എസ്‌ഐടി എന്നാൽ "സിദ്ധരാമയ്യ അന്വേഷണ സംഘം" എന്നാണ് വിജയേന്ദ്ര പരിഹസിച്ചത്. സിദ്ധരാമയ്യ സർക്കാർ ഒരു എസ്‌ഐടി രൂപീകരിക്കുന്നത് രണ്ട് കാരണങ്ങളാലാണ്. സ്വന്തം നില സംരക്ഷിക്കാനും പ്രതിപക്ഷത്തെ അടിച്ചമർത്താനും. ഈ കേസിൽ, ആഭ്യന്തര വകുപ്പിലെ വീഴ്ചകൾ മറച്ചുവെക്കാൻ മാത്രമാണ് എസ്‌ഐടി രൂപീകരിച്ചതെന്നാണ് താൻ സംശയിക്കുന്നതെന്ന് വിജയേന്ദ്ര പറഞ്ഞു. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് കേസിൽ എന്താണ് പ്രത്യേക താൽപ്പര്യമെന്നും അദ്ദേഹം ചോദിക്കുന്നു.

അവസാന ചടങ്ങുകളും ബിസിനസ് ഭാവിയും

ബെംഗളൂരുവിലെ ബാനർഘട്ടയിലുള്ള കോൺഫിഡന്റ് കാസ്കേഡ് റിസോർട്ടിൽ വെച്ചാണ് സി.ജെ. റോയിയുടെ സംസ്കാരം നടന്നത്. തനിക്ക് വേണ്ടി പ്രത്യേക കല്ലറ അദ്ദേഹം നേരത്തെ തന്നെ അവിടെ തയ്യാറാക്കിയിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തിലും കോൺഫിഡന്റ് ഗ്രൂപ്പിന്റെ എല്ലാ പദ്ധതികളും തടസ്സമില്ലാതെ തുടരുമെന്ന് സഹോദരൻ സി.ജെ. ബാബു അറിയിച്ചു.

ബിസിനസ് ലോകത്തെ ഞെട്ടിച്ച് ആത്മഹത്യക്ക് പിന്നാലെ വലിയ കാര്യങ്ങളാണ് പുറത്തുവന്നത്. സിജെ റോയി കഴിഞ്ഞ ആറ് മാസ കലത്തോളമായി കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു എന്നാണ് അന്വേഷണത്തിൽ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. നിക്ഷേപകര്‍ പണം തിരികെ ചോദിച്ചതും, ചില നിക്ഷേപങ്ങളിൽ കൈ പൊള്ളിയതും അടക്കമുള്ള വിവരങ്ങൾ എസ്ഐടിക്ക് ലഭിച്ചതായാണ് വിവരം. വൈകാതെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.