
ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് തുടക്കമിട്ട് കോൺഗ്രസ് ഹൈക്കമാൻഡ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസിയിൽ നടത്തേണ്ട അഴിച്ചു പണി സംബന്ധിച്ചാവും ദില്ലി ചർച്ചകളിൽ ആദ്യം തീരുമാനമുണ്ടാക്കുക.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെയാണ് ചർച്ചകൾക്കായി ഹൈക്കമാൻഡ് ദില്ലിക്ക് വിളിപ്പിച്ചത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായാണ് ചർച്ച നടക്കുക.
തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഡിസിസികളിൽ പുനസംഘടന നടത്താൻ ഹൈക്കമാൻഡ് തീരുമാനിച്ചിരുന്നു. ഇതിനുള്ള സാധ്യത പട്ടിക നൽകാൻ സംസ്ഥാന നേതാക്കളോട് ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതുവരേയും പുനസംഘടനയുമായി ബന്ധപ്പെട്ട് തുടർ നടപടികൾ കെപിസിസി സ്വീകരിച്ചിട്ടില്ല. പുനഃസംഘടനയ്ക്കുള്ള സാധ്യത പട്ടിക നൽകാത്തതിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്‌തി ഉണ്ട്. നേതാക്കളുമടെ ദില്ലി ചർച്ചയിൽ അഴിച്ചു പണി സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാൻഡ് എടുക്കും.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ വലിയ അഴിച്ചു പണി വേണ്ടെന്ന നിലപാടിലാണ് കേരള നേതാക്കൾ. ഡിസിസി പ്രസിഡൻ്റുമാരെ മാറ്റുന്നതിനെ ഗ്രൂപ്പ് നേതാക്കളും എതിർക്കുന്നു. എറണാകുളം, വയനാട്, പാലക്കാട് ജില്ലകളിൽ മാത്രം മാറ്റം മതി എന്നാണ് അവരുടെ നിലപാട്. എന്നാൽ ഇക്കാര്യത്തിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam