'ഓണ്‍ലൈന്‍ ക്ലാസുകള്‍ വിലക്കരുത്'; കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

By Web TeamFirst Published Jul 8, 2020, 4:54 PM IST
Highlights

ഓണ്‍ലൈന്‍ ക്ലാസുകള്‍ വിലക്കിയത് കുട്ടികളുടെ വിദ്യാഭ്യാസം നേടാനുള്ള അവകാശത്തിന്‍റെ ലംഘനമെന്നാണ് കോടതി നിരീക്ഷണം. 

ബെംഗളൂരു: അഞ്ചാം ക്ലാസ് വരെ ഓൺലൈൻ ക്ലാസുകൾ വിലക്കിയ കർണാടക സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഓണ്‍ലൈന്‍ ക്ലാസുകള്‍ വിലക്കിയത് കുട്ടികളുടെ വിദ്യാഭ്യാസം നേടാനുള്ള അവകാശത്തിന്‍റെ ലംഘനമെന്നാണ് കോടതി നിരീക്ഷണം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

ഗ്രാമീണ മേഖലകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ബുദ്ധിമുട്ടാകുന്നുവെന്ന ആരോപണത്തെ തുടർന്നാണ് കര്‍ണാടക സര്‍ക്കാര്‍ ക്ലാസുകള്‍ വിലക്കിയത്. ഏഴാം ക്‌ളാസിലെ കുട്ടികൾക്ക് വരെ ഇനി ഓൺലൈൻ പഠനം വേണ്ടെന്ന നിർദേശം ചില മന്ത്രിമാർ മുന്നോട്ട് വെച്ചിരുന്നു. 

ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് ഒരു ഫീസും വാങ്ങാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ആറ് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നല്‍കാന്‍ പാടുള്ളൂവെന്ന നിംഹാസിന്‍റെ നിര്‍ദേശ പ്രകാരം പ്രൈമറി ക്ലാസ്സുകളിലെ കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെയ്ക്കുകയാണെന്നായിരുന്നു മന്ത്രി എസ് സുരേഷ് കുമാറിന്‍റെ വിശദീകരണം. 

click me!