
ദില്ലി: ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. ബിജെപിയും കോണ്‍ഗ്രസും നേരിട്ടാണ് മത്സരം. ഗുജറാത്തില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആംആദംമി പാര്‍ട്ടി ഹിമാചലില്‍ കാടടച്ചുള്ള പ്രചാരണത്തിനില്ല. പ്രധാനമന്ത്രിയടക്കമുള്ളവർ വരും ദിവസങ്ങളില്‍ പ്രചാരണത്തിനെത്തും. പന്ത്രണ്ടിനാണ് വോട്ടെടുപ്പ്.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. മുഖ്യമന്ത്രി ജയറാം താക്കൂർ അഞ്ച് തവണ വിജയിച്ച സേരജ് മണ്ഡലത്തില്‍നിന്നുതന്നെയാണ് മത്സരിക്കുന്നത്. ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാരെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജയാറാം താക്കൂർ തന്നെയാണ് പ്രചാരണം നയിക്കുന്നത്.
പ്രചാരണത്തിന്‍റെ ആദ്യഘട്ടത്തില്‍ ബിജെപിക്കാണ് മേല്‍ക്കൈ. മോദിയും അമിത്ഷായും വൈകാതെ സംസ്ഥാനത്തെത്തും. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്‍റെ അഭാവത്തില്‍ ഉയർത്തിക്കാട്ടാന്‍ ഒരു മുഖമില്ലെന്നതാണ് കോൺഗ്രസിന്‍റെ പ്രധാന വെല്ലുവിളി. വീരഭദ്ര സിങ്ങിന്‍റെ ഭാര്യയും കോണ്‍ഗ്രസ് അധ്യക്ഷയുമായ പ്രതിഭാ സിങ്ങ് എംപിയാണ് സംസ്ഥാന കോൺഗ്രസിന്‍റെ മുഖമെങ്കിലും മത്സരിക്കുന്നില്ല. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയിലായതിനാല്‍ പ്രിയങ്ക ഗാന്ധിയാണ് കോൺഗ്രസിന്‍റെ പ്രചാരണം നയിക്കുന്നത്.
അടുത്തയാഴ്ച എട്ട് റാലികളില്‍ പ്രിയങ്ക പങ്കെടുക്കും. സോണിയ ഗാന്ധിയും രാഹുലും പുതിയ അധ്യക്ഷന്‍ മല്ലികാർജുന്‍ ഖർഗെയുമടക്കം 40 താര പ്രചാരകർ സംസ്ഥാനത്തെത്തും. പഞ്ചാബ് ഗുജറാത്ത് മോഡല്‍ വാഗ്ദാങ്ങള്‍ നല്‍കി കളംപിടിക്കാന്‍ ആംആദ്മി പാര്‍ട്ടിയും ശ്രമിക്കുന്നു. ആദ്യം തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും, ഗുജറാത്തിലേക്കാണ് പാര്‍ട്ടിയുടെ മുഴുവന്‍ ശ്രദ്ധ. അവസാനഘട്ടത്തില്‍ കെജ്രിവാളും സിസോദയയുമടക്കമുള്ള നേതാക്കള്‍ പ്രചാരണത്തിനെത്തും.
Read more: ഹിമാചൽ തെരഞ്ഞെടുപ്പ്; മന്ത്രിയെ മറികടന്ന് ചായ വില്പനക്കാരന് മത്സരിക്കാൻ അവസരമൊരുക്കി ബിജെപി
ബിജെപിയും കോൺഗ്രസും മാറിമാറി അധികാരത്തിലെത്തുന്ന സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്നാണ് വിലയിരുത്തല്‍. ഇത് മുതലെടുത്ത് അധികാരത്തില്‍ തിരിച്ചെത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോൺഗ്രസ്. കേന്ദ്ര സർക്കാറിന്‍റെ ഭരണ നേട്ടങ്ങൾ കൂടി ഉയർത്തിക്കാട്ടി ഭരണ തുടർച്ച ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam