
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. കഴിഞ്ഞ മാസങ്ങളില്‍ അപ്രതീക്ഷിതമായി പെയ്ത അതിശക്തമായ മഴയെ തുടര്‍ന്ന് നിര്‍മ്മാണം വൈകിയിരുന്നെങ്കിലും നിര്‍മ്മാണ ജോലികള്‍ക്ക് വീണ്ടും വേഗം കൂടി. ഇതിനകം ക്ഷേത്രം നിര്‍മ്മാണം 21 അടി ഉയര്‍ന്നു. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്‍റെ ക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാനും പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ നൃപേന്ദ്ര മിശ്ര, 2023 ഡിസംബറോടെ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നതായി നേരത്തെ പറഞ്ഞിരുന്നു. സമയബന്ധിതമായി പണികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള തിരക്കുകളാണ് ഇപ്പോള്‍ നടക്കുന്നത്. ഈ വര്‍ഷം പൂര്‍ത്തികരിക്കാനായില്ലെങ്കിലും 2024 ന്‍റെ തുടക്കത്തില്‍ തന്നെ ക്ഷേത്രം ഭക്തര്‍ക്കായി തുറന്ന് കൊടുക്കാനുള്ള ശ്രമങ്ങളാണിപ്പോള്‍ നടക്കുന്നത്.
ബൻസി പഹാദ്പൂരിൽ നിന്നുള്ള കല്ലുകളാണ് ക്ഷേത്ര നിര്‍മ്മാണത്തിനായി എത്തിച്ചിരിക്കുന്നത്. ശ്രീകോവിലിനുള്ള തൂണുകല്ലുകൾ തയ്യാറായിക്കഴിഞ്ഞു. ഗർഭഗ്രഹത്തിന്‍റെ ഒന്നാം നിലയുടെ നിർമാണം ഏതാണ്ട് പൂർത്തിയായി. ഗ്രാനൈറ്റ് കല്ലുകൊണ്ട് 6.5 മീറ്റർ ഉയരമുള്ള സ്തംഭത്തിലാണ് ഗർഭഗ്രഹം നിർമ്മിച്ചിരിക്കുന്നത്.
കല്ലുകളിലെ കൊത്തുപണികളും പുരോഗമിക്കുന്നു. ഏതാണ്ട് പകുതിയോളം കല്ലുകൾ ഇത്തരത്തില്‍ ചിത്രപണികളാല്‍ തയ്യാറായിക്കഴിഞ്ഞു. കെട്ടിടത്തിന് ചുറ്റും സംരക്ഷണ ഭിത്തികൾ നിർമിച്ചിട്ടുണ്ട്. എന്നാല്‍, സമുച്ചയത്തിലെ മറ്റ് കെട്ടിടങ്ങളുടെ നിർമാണം ഇതുവരെ തുടങ്ങിയിട്ടില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി പെയ്യുന്ന ശക്തമായ മഴയെ തുര്‍ന്നാണ് നിര്‍മ്മാണം വൈകിയത്. എന്നാല്‍, ഈ കാലതാമസം മറികടക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് എൽ ആൻഡ് ടിയുടെയും ടാറ്റ കൺസൾട്ടിംഗ് എൻജിനീയേഴ്സിന്‍റെയും കീഴിലുള്ള തൊഴിലാളികള്‍ ശ്രമിക്കുന്നത്.
57,400 ചതുരശ്ര അടി വിസ്തീർണ്ണമുള്ള നിര്‍മ്മാണ സ്ഥലവും 67 ഏക്കറിൽ പരന്നുകിടക്കുന്ന സമുച്ചയവും പൂർത്തിയാകുമ്പോൾ, അയോധ്യയിലെ രാമക്ഷേത്രം അതിമനോഹരമായ കരകൗശലത്തിന്‍റെയും അങ്ങേയറ്റത്തെ എഞ്ചിനീയറിംഗ് വൈഭവത്തിന്‍റെയും പ്രതീകമായിരിക്കുമെന്ന് നിര്‍മ്മാണ കമ്പനികളിലൊന്നായ ലാർസൻ ആൻഡ് ടൂബ്രോയുടെ പ്രോജക്ട് മാനേജർ വിനോദ് കുമാർ മേത്ത പറഞ്ഞു.
രാമക്ഷേത്രം അയോധ്യയെ ഒരു യഥാർത്ഥ അന്താരാഷ്ട്ര നഗരമാക്കി മാറ്റുമെന്ന പ്രതീക്ഷയിലാണ് ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റി. ക്ഷേത്രത്തോടൊപ്പം സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ നിര്‍മ്മാണവും നടക്കുന്നു. സാമ്പത്തിക വികസനം, വൃത്തിയുള്ളതും ആരോഗ്യകരവുമായ അന്തരീക്ഷം, കൂടുതൽ സമ്പന്നമായ സാംസ്കാരിക പൈതൃകം എന്നിവ ഉറപ്പാക്കാൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പ്രദേശത്തെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയാണ് സ്മാർട്ട് സിറ്റി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്‌മാർട്ട് സിറ്റി പദ്ധതിയുടെ സ്ഥലമെടുപ്പ് നടപടികൾ പുരോഗമിക്കുമ്പോൾ, രാം കഥ ഗാർഡൻ ഉൾപ്പെടെയുള്ള നഗരത്തിന്‍റെ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
കൂടുതല്‍ വായനയ്ക്ക് : കാര്‍ഗിലില്‍ സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിച്ച മോദിയുടെ മനസ് നിറച്ച് ആ വൈകാരിക കൂടികാഴ്ച
കൂടുതല്‍ വായനയ്ക്ക് : അയോധ്യയിൽ തെളിഞ്ഞത് 15 ലക്ഷം ചെരാതുകൾ, ആഘോഷത്തിൽ മോദിയും -വീഡിയോ