
ഷിംല: ഹിമാചൽ പ്രദേശിൽ ഐജിക്കും 7 പൊലീസുകാർക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ഐജി സാഹുർ ഹൈദർ സെയ്ദിയെയാണ് തിങ്കളാഴ്ച ചണ്ഡിഗഡിലെ സിബിഐ കോടതി ശിക്ഷിച്ചത്. 2017ൽ ഷിംലയിൽ 16 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച കേസിലാണ് നടപടി. ഐജി ഉൾപ്പെടെ 8 പൊലീസ് ഉദ്യോഗസ്ഥർ ഒരു ലക്ഷം രൂപ വീതം പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ജനുവരി 18നാണ് കേസിൽ ഹൈദർ സെയ്ദി കുറ്റക്കാരനാണന്ന് സിബിഐ ജഡ്ജ് അൽക്ക മാലിക് വിധിച്ചത്.
ഡെപ്യൂട്ടി സൂപ്രണ്ട് മനോജ് ജോഷി 2017ൽ എസ് ആയിരുന്ന രാജീന്ദർ സിഗ്, അസിസ്റ്റന്റ് എസ്ഐ ദീപ്ചാന്ദ് ശർമ, കോൺസ്റ്റബിൾമാരായ മോഹൻലാൽ, സൂറത്ത് സിംഗ്, റഫി മൊഹമ്മദ്, രഞ്ജിത് സറ്റേറ്റ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. അന്നത്തെ പൊലീസ് സൂപ്രണ്ടിനെ കോടതി കേസിൽ കുറ്റ വിമുക്തനാക്കിയിട്ടുണ്ട്. കൊലപാതകം, മുറിവേൽപ്പിക്കൽ, തെറ്റായ രീതിയിൽ കുറ്റം സമ്മതിക്കാനുള്ള ശ്രമം, വ്യാജ തെളിവ് നൽകൽ, വ്യാജ തെളിവ് ഉപയോഗിക്കൽ, തെളിവ് നശിപ്പിക്കൽ, വ്യാജ രേഖ ചമയ്ക്കൽ അടക്കമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
2017 ജൂലൈ 18നാണ് സൂരജ് എന്ന യുവാവിനെ കൊട്ഖായ് പൊലീസ് സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2017 ജൂലൈയിൽ കൊട്ഖായിൽ നിന്ന് 16കാരിയെ കാണാതായ കേസിലാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 16കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ ഹലൈല വനത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെ പ്രത്യാക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. കസ്റ്റഡിയിൽ കൊല്ലപ്പെട്ട യുവാവ് അടക്കം 6 പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഒരാൾ കസ്റ്റഡിയിൽ മരിച്ചതിന് പിന്നാലെ കേസ് സിബിഐയ്ക്ക് കൈമാറുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam