ഞെട്ടിച്ച് കോൺഗ്രസ്, നാളെ ഫലം വരാനിരിക്കെ കൂട്ട നടപടി, 30 പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

By Web TeamFirst Published Dec 7, 2022, 6:26 PM IST
Highlights

ഷിംല മേഖലയിലെ പ്രവർത്തകരെയാണ് പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.

ഷിംല: രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത്, ഹിമാ‍ചൽ പ്രദേശ് തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ കടുത്ത നടപടി എടുത്ത് കോൺഗ്രസ്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ കൂട്ട നടപടി സ്വീകരിച്ചിരിക്കുകയാണ് ഹിമാചൽ പ്രദേശിലെ കോൺഗ്രസ് പാർട്ടി. ഒറ്റയടിക്ക് 30 പേരെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടിയെന്ന് ഇവരുടെ പേര് വിവരങ്ങൾ പങ്കുവച്ച് പുറത്തിറക്കിയ അറിയിപ്പിൽ കോൺഗ്രസ് സംസ്ഥാന ഘടകം വ്യക്തമാക്കിയിട്ടുണ്ട്. ഷിംല മേഖലയിലെ പ്രവർത്തകരെയാണ് പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. അതേസമയം നാളെ ഫലം വരാനിരിക്കേയുള്ള കടുത്ത നടപടി രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഞെട്ടലുളവാക്കിയിട്ടുണ്ട്. 

ഗുജറാത്ത്, ഹിമാചൽ ജനവിധി നാളെയറിയാം; എക്സിറ്റ്പോൾ പ്രവചനങ്ങൾ ഫലിക്കുമോ?

അതേസമയം ഹിമാചൽ പ്രദേശ്, ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഫലം നാളെ പ്രഖ്യാപിക്കും. രാവിലെ ആരംഭിക്കുന്ന വോട്ടെണ്ണലിൽ ഉച്ചയോടെ ചിത്രം വ്യക്തമാകും. ഹിമാചൽ പ്രദേശിൽ നവംബർ 12 ന് ഒറ്റ ഘട്ടമായും ഗുജറാത്തിൽ ഡിസംബർ ഒന്നിനും അഞ്ചിനുമായി രണ്ടു ഘട്ടങ്ങളായുമാണ് വോട്ടെടുപ്പ് നടന്നത്. രണ്ട് സംസ്ഥാനങ്ങളിലും ബി ജെ പി ഭരണ തുടർച്ച നേടും എന്നാണ് ഭൂരിഭാഗം എക്സിറ്റ് പോൾ പ്രവചനങ്ങളും പറയുന്നത്. ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും എക്സിറ്റ് പോൾ ഫലങ്ങൾ പ്രതീക്ഷ നൽകുന്നതെന്നാണ് ബി ജെ പി പ്രതികരിച്ചത്. ഭരണ തുടർച്ചയ്ക്കായി വ്യാഴാഴ്ച വരെ കാത്തിരിക്കാമെന്നാണ് ഹിമാചൽ മുഖ്യമന്ത്രി ജയറാം താക്കൂർ പറഞ്ഞത്. ഹിമാചലിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്ന പ്രവചനങ്ങളിൽ പ്രതീക്ഷയർപ്പിക്കുകയാണ് കോൺഗ്രസ്. എം എൽ എമാരെ ബി ജെ പി ചാക്കിട്ട് പിടിക്കുന്നത് തടയാൻ സംസ്ഥാനത്ത് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ അടക്കമുള്ള മുതിർന്ന നേതാക്കളെ നേരത്തെ തന്നെ നിരീക്ഷകരായി നിയോഗിച്ചു കഴിഞ്ഞു. ഗുജറാത്തിൽ ബിജെപി എക്കാലത്തെയും കൂടുതൽ സീറ്റുകൾ നേടി അധികാര തുടർച്ച നേടുമെന്നാണ് എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും പറയുന്നത്. 

click me!