ഹിമാചലില്‍ സർക്കാർ രൂപീകരണ ചർച്ചകൾ സജീവം; മുഖ്യമന്ത്രിയെ തീരുമാനിക്കാൻ നിയമസഭാകക്ഷി യോഗം ഉച്ചയ്ക്ക്

By Web TeamFirst Published Dec 9, 2022, 6:41 AM IST
Highlights

ബിജെപി എംഎൽഎമാരെ ചാക്കിട്ട് പിടിക്കാതിരിക്കാൻ ചിലരെ ഇതിനോടകം ചണ്ഡീഗഡിലെ ഹോട്ടലിലേക്ക് മാറ്റി. ഈ ഹോട്ടലിൽ വച്ച് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കോൺഗ്രസ് നേതാക്കൾ അടക്കം പങ്കെടുക്കുന്ന യോഗവും നടക്കും.

ഷിംല: ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചർച്ചകൾ സജീവം. മുതിർന്ന നേതാവ് സുഖ് വീന്ദർ സിംഗ് സൂഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പ്രതിഭാ സിംഗിന്‍റെ പേരും ചർച്ചയിലുണ്ട്. ബിജെപി എംഎൽഎമാരെ ചാക്കിട്ട് പിടിക്കാതിരിക്കാൻ ചിലരെ ഇതിനോടകം ചണ്ഡീഗഡിലെ ഹോട്ടലിലേക്ക് മാറ്റി. ഈ ഹോട്ടലിൽ വച്ച് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കോൺഗ്രസ് നേതാക്കൾ അടക്കം പങ്കെടുക്കുന്ന യോഗവും നടക്കും.

40 സീറ്റിൽ ജയിച്ചാണ് ഹിമാചൽ പ്രദേശ് കോൺഗ്രസ് തിരിച്ചുപിടിച്ചത്. ഭരണ വിരുദ്ധ വികാരവും വിമതരും ബിജെപിയെ 26 സീറ്റിലൊതുക്കുകയായിരുന്നു. ബിജെപി കോട്ടകളില്‍ പോലും കരുത്തുകാട്ടിയാണ് കോൺഗ്രസിന്‍റെ വിജയം. മോദി പ്രഭാവം ഉയർത്തിക്കാട്ടിയുള്ള ബിജെപി പ്രചാരണത്തിന് പ്രാദേശിക വിഷയങ്ങളുയര്‍ത്തിയുള്ള കോണ്‍ഗ്രസ് നിലപാടിനുള്ള ഹിമാചലിന്‍റെ  അംഗീകാരം. രാഹുല്‍ ഗാന്ധിയുടെ അഭാവത്തില്‍ പ്രിയങ്കയുടെ പ്രചാരണവും വിജയ ഘടകമായി. തൊഴില്ലില്ലായ്മ, വിലക്കയറ്റം, ആപ്പിൾ ക‌ർഷകരുടെ പ്രശ്നങ്ങൾ തുടങ്ങി കോൺഗ്രസ് ഉന്നയിച്ച വിഷയങ്ങൾ ജനങ്ങൾ അംഗീകരിച്ചതിന് തെളിവാണ് തിളക്കമാ‌ർന്ന വിജയം.

Also Read: അട്ടിമറി സാധ്യത? ഹിമാചലില്‍ ആശ്വാസ ജയത്തിലും കോൺഗ്രസിന് ആശങ്ക! തെരഞ്ഞെടുക്കപ്പെട്ടവരെ ഛത്തിസ്ഗഡിലേക്ക് മാറ്റും

ഒബിസി വോട്ടുകൾ നി‌ർണായകമായ 15 സീറ്റുകളുള്ള കാംഗ്രയില്‍ 10  സീറ്റുകളില്‍ കോൺഗ്രസ് ആധിപത്യം നേടി. ആപ്പിൾ ക‌ർഷകർക്ക് നി‌ർണായക സ്വാധീനമുള്ള ഷിംലയിലും കിന്നൗറും, സ‌ർക്കാ‌ർ ഉദ്യോഗസ്ഥ‌ർക്ക് സ്വാധീനമുള്ള നഗരമേഖലകളും കോൺഗ്രസിനൊപ്പം നിന്നു. പരമ്പരാഗതമായി തുണയ്ക്കുന്ന ഉന സോലന്‍ ജില്ലകളിലും കോൺഗ്രസ് കരുത്തുകാട്ടി. വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറുകളില്‍ ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചെങ്കിലും ഉച്ചയോടെ കോൺഗ്രസ് വ്യക്തമായ ലീഡുയർത്തി.

Also Read: സോണിയയുടെ അനുഗ്രഹം, പ്രിയങ്കയും ജോഡോ യാത്രയും സഹായമായി; ഹിമാചലിലെ വിജയത്തിൽ നന്ദിയറിയിച്ച് കോൺഗ്രസ് അധ്യക്ഷൻ

ശക്തികേന്ദ്രങ്ങളിലടക്കം വിമതരാണ് ബിജെപിക്ക് തിരിച്ചടിയായത്. വിജയിച്ച മൂന്ന് സ്വതന്ത്രരില്‍ രണ്ട് പേരും ബിജെപി വിമതരാണ്. ഭരണ വിരുദ്ധ വികാരവും തോല്‍വിക്ക് കരാണമായി. അന്തിമ ഫലപ്രഖ്യപനത്തിന് കാക്കാതെ മുഖ്യമന്ത്രി ജയറാം താക്കൂർ തോല്‍വി സമ്മതിച്ചു. ഇരുപാർട്ടികളുടെയും വോട്ടുകൾ ചോർത്തുമെന്ന് കരുതിയ ആംആദ്മി പാ‌ർട്ടി സംസ്ഥാനത്ത് കാര്യമായ ചലനമുണ്ടാക്കിയില്ലെന്നതും ശ്രദ്ധേയമായി.

click me!