എന്താണ് പോളിയാൻഡ്രി, ആചാരത്തിന്റെ വേരുകൾ മഹാഭാരതത്തിൽ, സഹോദരങ്ങൾ ഒരുസ്ത്രീയെ വിവാഹം കഴിച്ചാൽ കുട്ടികളുടെ അച്ഛനാര്?

Published : Jul 21, 2025, 08:07 AM ISTUpdated : Jul 21, 2025, 08:17 AM IST
Polyandry

Synopsis

കൂട്ടുകുടുംബങ്ങളിൽ ഈ സംവിധാനം ഐക്യം കാത്തുസൂക്ഷിക്കുമെന്നും സഹോദരന്മാർ ഒരു ഭാര്യയെ പങ്കിടുമ്പോൾ, അവർ അവരുടെ ബന്ധം ശക്തിപ്പെടുത്തുകയും കുടുംബത്തെ പ്രശ്നമില്ലാതെ നിലനിർത്തുകയും ചെയ്യുന്നുവെന്നും ഇവർ കരുതുന്നു

ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹട്ടി സമുദായത്തിൽ നിന്നുള്ള രണ്ട് സഹോദരന്മാർ ഒരേ സ്ത്രീയെ വിവാഹം കഴിച്ചത് ദേശീയമാധ്യമങ്ങളിൽ ചർച്ചയാകുന്നു. കുൻഹട്ട് ഗ്രാമത്തിൽ നിന്നുള്ള സുനിത ചൗഹാനാണ് ജോഡിദാര എന്നറിയപ്പെടുന്ന പരമ്പരാഗത ബഹുഭർതൃത്വ ആചാരപ്രകാരം ഷില്ലായിയിലെ പ്രദീപിനെയും കപിൽ നേഗിയെയും വിവാഹം കഴിച്ചത്. ജൂലൈ 12 ന് ആരംഭിച്ച ട്രാൻസ്-ഗിരി മേഖലയിൽ നടന്ന മൂന്ന് ദിവസത്തെ വിവാഹത്തിൽ നാടോടി ഗാനങ്ങൾ, നൃത്തങ്ങൾ, ഹട്ടി സംസ്കാരത്തിന് തനതായ ആചാരങ്ങൾ എന്നിവ ഉണ്ടായിരുന്നു. തീരുമാനം യാതൊരു സമ്മർദ്ദമില്ലാത്തതുമാണെന്ന് സുനിത പറഞ്ഞു.

എന്താണ് ഹിമാചൽ പ്രദേശിലെ ' ജോഡിധാര ' സമ്പ്രദായം

ജോഡിധാര എന്നത് ഹിമാചൽപ്രദേശിലെ ചില ​ഗോത്രങ്ങൾക്കിടയിൽ നിൽക്കുന്ന സഹോദര ബഹുഭർതൃത്വ രൂപമാണ്. രണ്ടോ അതിലധികമോ സഹോദരന്മാർ ഒരു ഭാര്യയെ പങ്കിടുന്നു. ഹിമാചൽ പ്രദേശിലെ ഹട്ടി ഗോത്രത്തിൽ ഈ ആചാരത്തിന് ചരിത്രപരമായ വേരുണ്ട്. മഹാഭാരതത്തിൽ പാഞ്ചാല രാജകുമാരിയായ ദ്രൗപതി അഞ്ച് പാണ്ഡവ സഹോദരന്മാരെ വിവാഹം കഴിച്ച സംഭവവുമായാണ് ഈ ആചാരം ബന്ധപ്പെട്ടിരിക്കുന്നു. ഇപ്പോവും ഈ ആചാരം പിന്തുടരുന്ന സ്ത്രീയെ ദ്രൗപതി പ്രത എന്നും അറിയപ്പെടുന്നു. പ്രദേശവാസികൾ ഈ ആചാരത്തെ ഉജ്ല പക്ഷ് അല്ലെങ്കിൽ ജോഡിധരൻ എന്നും വിളിക്കുന്നു.

ഭാര്യ, പരസ്പരം സമ്മതിച്ച കാലയളവുകളിൽ ഭർത്താക്കന്മാരായ സഹോദരങ്ങൾക്കൊപ്പം മാറിമാറി താമസിക്കുന്നു. കാലയളവുകൾ ഇവർ ചർച്ച ചെയ്താണ് തീരുമാനിക്കുക. ജനിക്കുന്ന കുട്ടികളിൽ എല്ലാവർക്കും തുല്യ ഉത്തരവാദിത്തം. നിയമപരമായി കുട്ടികളുടെ അച്ഛനായി മൂത്ത സഹോദരനായ ഭർത്താവിനെയാണ് പരി​ഗണിക്കുക. എന്നാൽ കുട്ടികളുടെ ഉത്തരവാദിത്തം എല്ലാവർക്കും തുല്യമായിരിക്കും.

കുടുംബസ്വത്ത് വിഭജിച്ച് പോകാതിരിക്കുക എന്നതാണ് ജോഡിധാര ആചാരത്തിന്റെ പ്രധാന ലക്ഷ്യം. കൃഷി ഉപജീവനമാർഗമായ ഹിമാചലിലെ കുന്നിൻ പ്രദേശങ്ങളിൽ, കർഷക കുടുംബങ്ങൾ ഭൂമി വീതം വെച്ച് പോകാതിരിക്കാൻ ആ​ഗ്രഹിക്കുന്നു. ഒരൊറ്റ സ്ത്രീയെ ഒന്നിലധികം സഹോദരന്മാർക്ക് വിവാഹം കഴിപ്പിക്കുന്നതിലൂടെ, അവർ സ്വത്ത് ഏകീകരിച്ച് നിലനിർത്തുകയും അവകാശികൾക്കിടയിൽ വിഭജിക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നു.

കൂട്ടുകുടുംബങ്ങളിൽ ഈ സംവിധാനം ഐക്യം കാത്തുസൂക്ഷിക്കുമെന്നും സഹോദരന്മാർ ഒരു ഭാര്യയെ പങ്കിടുമ്പോൾ, അവർ അവരുടെ ബന്ധം ശക്തിപ്പെടുത്തുകയും കുടുംബത്തെ പ്രശ്നമില്ലാതെ നിലനിർത്തുകയും ചെയ്യുന്നുവെന്നും ഇവർ കരുതുന്നു. അതോടൊപ്പം സാമ്പത്തികവുമായ സ്ഥിരതയുമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ത്യൻ നിയമം പോളിയാൻഡ്രി നിരോധിക്കുന്നുണ്ടെങ്കിലും, ഹിമാചൽ പ്രദേശ് ഹൈക്കോടതി ജോഡിദാർ സമ്പ്രദായത്തെ ആചാരമായി അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. 

ട്രാൻസ്-ഗിരി മേഖലയിലെ ഏകദേശം 450 ഗ്രാമങ്ങളിലായി താമസിക്കുന്ന ഹട്ടികൾക്ക്, ജോഡിദാരൻ ഉൾപ്പെടെയുള്ള അവരുടെ തനതായ ഗോത്ര പാരമ്പര്യങ്ങൾ കാരണമാണ് പട്ടികവർഗ പദവി ലഭിച്ചത്. ആധുനിക കാലത്ത്, ജോഡിദാര പാരമ്പര്യം ഇപ്പോഴും ചെറിയ തോതിലാണെങ്കിലും നിലനിൽക്കുന്നു. കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ, ഹിമാചലിലെ ട്രാൻസ്-ഗിരി മേഖലയിലെ കുടുംബങ്ങൾ അഞ്ച് ബഹുഭർതൃ വിവാഹങ്ങൾ നടത്തിയെന്ന് രേഖകൾ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ കേന്ദ്രം; ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കും, നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്ന് മന്ത്രി
ഒഡിഷയിൽ കലാപം; മാൽക്കൻഗിരി ജില്ലയിൽ 160 ലേറെ വീടുകൾ ആക്രമിക്കപ്പെട്ടു; ഇൻ്റർനെറ്റ് നിരോധനം നീട്ടി