തമിഴുമായി താരതമ്യം ചെയ്താല്‍ ഹിന്ദി ഒരു 'കൊച്ചു കുട്ടി'യാണെന്ന് കമല്‍ ഹാസന്‍

By Web TeamFirst Published Oct 2, 2019, 7:07 PM IST
Highlights

വെല്ലൂരിൽ ദലിതരെ പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കാൻ അനുവദിക്കാത്തതും സംസ്ഥാന സർക്കാർ പ്രത്യേക ശ്മശാനം പണിയാൻ ശ്രമിക്കുന്നതിനെയും കമല്‍ഹാസന്‍ വിമര്‍ശിച്ചു. കുറഞ്ഞത് ശ്മശാനത്തിലെങ്കിലും സമത്വം ഉറപ്പാക്കാന്‍ നമുക്കാവണം.

ചെന്നൈ: ഹിന്ദി ഭാഷാ വിവാദം രാജ്യത്ത് കടുത്ത പ്രതിഷേധങ്ങള്‍ തീര്‍ക്കുന്ന സമയത്ത് ബിജെപിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ചലച്ചിത്ര താരവും മക്കൽ നീദി മയ്യം സ്ഥാപകനുമായ കമല്‍ഹാസന്‍. തമിഴുമായി താരതമ്യപ്പെടുത്തിയാല്‍ ഹിന്ദി ഒരു കൊച്ചു കുട്ടിയാണെന്നായിരുന്നു കമല്‍ഹാസന്‍റെ പ്രതികരണം. ചെന്നൈ  ലയോള കോളേജിലെ വിഷ്വൽ കമ്മ്യൂണിക്കേഷൻ ഡിപ്പാര്‍ട്മെന്‍റ് സംഘടിപ്പിച്ച പരിപാടിയില്‍ രാജ്യത്ത് ഹിന്ദി ഭാഷഅടിച്ചേല്‍പ്പിക്കുന്നതിനെക്കുറിച്ച് ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായാണ് കമല്‍ഹാസന്‍ ബിജെപിയെ വിമര്‍ശിച്ചത്.

തമിഴ്, കര്‍ണാടക, തെലുങ്ക് എന്നീ ഭാഷകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഹിന്ദി ഒരു കൊച്ചുകുട്ടിയാണ്, അത് ഞങ്ങളുടെ തൊണ്ടയില്‍ കുത്തി നിറയ്ക്കരുതെന്ന് കമല്‍ഹാസന്‍ ആവര്‍ത്തിച്ച് പറഞ്ഞു. വെല്ലൂരിൽ ദലിതരെ പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കാൻ അനുവദിക്കാത്തതും സംസ്ഥാന സർക്കാർ പ്രത്യേക ശ്മശാനം പണിയാൻ ശ്രമിക്കുന്നതിനെയും കമല്‍ഹാസന്‍ വിമര്‍ശിച്ചു. കുറഞ്ഞത് ശ്മശാനത്തിലെങ്കിലും സമത്വം ഉറപ്പാക്കാന്‍ നമുക്കാവണം. അവിടെ നിന്ന് നമുക്ക് തുടങ്ങാം. എന്‍റെ മരണത്തിന് ശേഷം  ദളിത് സഹോദരന്മാരുടെ കൂടെ ഉണ്ടായിരിക്കട്ടേ എന്നും കമല്‍ പറഞ്ഞു.

Read Also: 'തമിഴ് പ്രാചീന ഭാഷയല്ലേ, എങ്കിൽ ഔദ്യോഗിക ഭാഷയാക്കൂ', മോദിയോട് സ്റ്റാലിൻ 

രാഷ്ട്രീയ ഇടപെടല്‍, സോഷ്യല്‍ മീഡിയയിലെ ഇടപെടല്‍ എന്നിവയെക്കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്കും കമല്‍ തന്‍റെ നിലപാട് വ്യക്തമാക്കി. രാഷ്ട്രീയത്തില്‍ ഇടപെടേണ്ടത് യുവാക്കളുടെ ഉത്തരവാദിത്വം ആണ്. സര്‍ക്കാരും രാഷ്ട്രീയവുമുണ്ടെങ്കിലേ മനുഷ്യവികസനവും കാര്‍ഷിക രംഗത്തെ വികസനവും സാധ്യമാകില്ലെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി.

സമൂഹത്തില്‍ നിന്നും നമുക്ക് ആവശ്യമുള്ളത് എടുക്കണം. രാഷ്ട്രീയം വൃത്തികെട്ടമേഖലായണെന്ന് പറഞ്ഞ് യുവാക്കള്‍ മാറി നില്‍ക്കരുത്. എന്‍റെ പാര്‍ട്ടിക്ക് വോട്ട് ചെയ്യണം എന്നല്ല പറയുന്നത്, നമ്മുടെ ഉത്തരവാദിത്തത്തെക്കുറിച്ച് എപ്പോഴും ബോധവാന്മാരായിരിക്കണം എന്നാണ് പറയാനുള്ളത്- കമല്‍ ഹാസന്‍ വ്യക്തമാക്കി. 

സോഷ്യല്‍മീഡിയ ഈ നൂറ്റാണ്ടിലെ വലിയ കണ്ടുപിടുത്തമാണ്. എന്നാല്‍ അതിന് മൂര്‍ച്ചയുള്ള അരികുകള്‍ ഉണ്ട്. പക്ഷേ ആ മൂര്‍ച്ചയെകുറിച്ച് ആശങ്കപ്പെടുന്നതില്‍ അര്‍ത്ഥമില്ല. ഒരു കത്തികൊണ്ട് നമുക്ക് അടുക്കളയില്‍ ഉപയോഗിക്കാനാകും, കൊലപാതകം നടത്താനുമാകും. അത് പോലെയാമ് സോഷ്യല്‍ മീഡിയ. നല്ല വശങ്ങള്‍ മാത്രം കണ്ട് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന സമൂഹം വളരണമെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. 

click me!