ഗോഡ്സെയുടെ ജന്മദിനം ആഘോഷിച്ച് ഹിന്ദു മഹാസഭ പ്രവർത്തകർ; പൊലീസ് കേസെടുത്തു

By Web TeamFirst Published May 21, 2019, 9:40 AM IST
Highlights

സൂറത്തിലെ ലിംബായത്തിലെ സൂര്യമുക്തി ഹനുമാൻക്ഷേത്രത്തിൽ വച്ച് ഞായറാഴ്ചയാണ് ഹിന്ദു മഹാസഭ പ്രവർത്തകർ  ഗോഡ്സെയുടെ ജന്മദിനം ആഘോഷിച്ചത്.

അഹമ്മദാബാദ്: ഗുജറാത്തിൽ നാഥുറാം വിനായക് ഗോഡ്സെയുടെ ജന്മദിനം ആഘോഷിച്ച ആറ് ഹിന്ദു മഹാസഭ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സൂറത്തിലെ ലിംബായത്തിലെ സൂര്യമുക്തി ഹനുമാൻക്ഷേത്രത്തിൽ വച്ച് ഞായറാഴ്ചയാണ് ഹിന്ദു മഹാസഭ പ്രവർത്തകർ ഗോഡ്സെയുടെ ജന്മദിനം ആഘോഷിച്ചത്. 1910 മെയ്19-ന് പൂനൈയിലെ ബരാമതിയിലാണ് ഗോഡ്സെയുടെ ജനനം.

ഗോഡ്സെയുടെ ചിത്രത്തിന് ചുറ്റും മെഴുകിതിരി കത്തിച്ചും മധുരം വിതരണം ചെയ്തുമാണ് ഹിന്ദു മഹാസഭ പ്രവർത്തകർ ​ജന്മദിനം ആ​ഘോഷിച്ചത്. ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പ്രവർത്തകർ പകർത്തിയിട്ടുണ്ട്. സംഭവം വിവാദമായതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ഹിന്ദു മഹാസഭ പ്രവർത്തകരായ ഹിരൺ മഷ്റു, വാല ബർവാഡ്, ഹിതേഷ് സോനാർ, യോ​ഗേശ് പട്ടേൽ, മനീഷ് കലാൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതത്. 

രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ​ഘാതകനായ ഗോഡ്സെയുടെ ജന്മദിനം ആഘോഷിച്ചത് ജനങ്ങളുടെ വികാരം വ്രണപ്പെടുന്നതിനും സമാധാനപരമായ അന്തരീക്ഷം തകരുന്നതിനും കാരണമായെന്ന് കാണിച്ചാണ് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. ഐപിസി 153, 153 എ, 153 ബി എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തതെന്നും പൊലീസ് കമ്മീഷണർ‌ സതീഷ് ശർമ്മ പറഞ്ഞു.    

അതേസമയം ഹിന്ദു മഹാസഭ പ്രവർത്തകരുടെ പ്രവൃത്തിയിൽ ക്ഷമാപണവുമായി ബിജെപി വക്താവ് ഭാരത് പാണ്ഡ്യ രം​ഗത്തെത്തി. ​ഗാന്ധിജിയെ വിമർശിക്കുന്നത് ആകാശത്തേക്ക് തുപ്പുന്നത് പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. ​ഗാന്ധി പഠിപ്പിച്ച കാര്യങ്ങൾ മനസ്സിലാക്കാത്ത വിവേകമില്ലാത്തവരാണ് ഇത്തരം പ്രവൃത്തികൾ ചെയ്യുകയെന്നും ഭാരത് പാണ്ഡ്യ പറ‍ഞ്ഞു.  

click me!