
ദില്ലി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുകയായിരുന്ന ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെച്ചയാള്‍ ബജ്റംഗദള്‍ പ്രവര്‍ത്തകനാണെന്ന് ദില്ലി പൊലീസ് സ്ഥിരീകരിച്ചു. പ്രായപൂര്‍ത്തിയാവാത്ത ഇയാളെ ഇന്ന് പൊലീസ് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. ഇയാൾക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് നേരെ വെടിവച്ച അക്രമിക്ക് പിന്നിൽ ആരെന്ന് പൊലീസ് കണ്ടെത്തണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
അതേസമയം, ഹിന്ദു മഹാസഭ ഇയാൾ യഥാർത്ഥ രാജ്യസ്നേഹിയാണെന്ന് പറഞ്ഞ്, ഇയാളെ അഭിനന്ദിച്ച് രംഗത്തെത്തി. ഗോഡ്സെയുടെ യഥാർത്ഥ പിൻഗാമിയാണിയാൾ എന്നാണ് ഹിന്ദു മഹാസഭ പറയുന്നത്.
ഇന്നലെ ഉച്ചയോടെയാണ് ദില്ലിയില്‍ നടന്ന വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ചിന് നേരെ വെടിവെപ്പുണ്ടായത്. പൊലീസും മാധ്യമങ്ങളും നോക്കി നില്‍ക്കവേയാണ് ഇയാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെച്ചത്. വെടിവെപ്പില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കൈയ്ക്ക് പരിക്കേറ്റു. ഗ്രേറ്റര്‍ നോയിഡ സ്വദേശിയായ പ്രതിയെ സംഭവസ്ഥലത്ത് നിന്നു തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നുവെങ്കിലും ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പിന്നീടാണ് വ്യക്തമായത്. ഇതിനാല്‍ തന്നെ ജുവനൈല്‍ ചട്ടങ്ങള്‍ പ്രകാരമാണ് ഇയാളെ വിചാരണ ചെയ്യുന്നത്.
പ്രതി ബജ്റംദളിന്റെ സജീവ പ്രവർത്തകനാണെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. തീവ്രഹിന്ദുത്വ നിലപാടുള്ള ഇയാൾ നേരത്തേ സ്വന്തം നിലക്കും പൗരത്വ ഭേദഗതിക്ക് അനുകൂലമായി പരിപാടി സംഘടിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് നല്‍കിയത് സുഹൃത്താണെന്നാണ് ചോദ്യം ചെയ്യലിനിടെ ഇയാള്‍ പൊലീസിനോട് പറഞ്ഞത്. പ്രതിയുടെ കുടുംബാംഗങ്ങളേയും പൊലീസ് ചോദ്യം ചെയ്യും.
പ്രതിയുടെ പ്രായപരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം, സംഭവം ദില്ലി തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ആയുധമാക്കുകയാണ് കോൺഗ്രസും ആംആദ്മി പാർട്ടിയും. നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കളുടെ പ്രകോപന പ്രസംഗങ്ങളാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. ആം ആദ്മി സർക്കാർ വിദ്യാർത്ഥികൾക്ക് കംപ്യൂട്ടറുകൾ
നൽകിയപ്പോൾ ബിജെപി സർക്കാർ തോക്കുകളാണ് നൽകിയതെന്നായിരുന്നു അരവിന്ദ് കെജ്‍രിവാളിന്‍റെ പ്രതികരണം. വെടിവപ്പിൽ പരിക്കേറ്റ വിദ്യാർത്ഥിയെ ദില്ലി എംയിസിൽ നിന്ന് ഇന്ന് രാവിലെ ഡിസ്ചാർജ് ചെയ്തു.
(പ്രായപൂർത്തിയായിട്ടില്ല എന്ന് പൊലീസ് പറയുന്നതിനാൽ ഇന്നലെ വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്ത കേസിലെ പ്രതിയുടെ പേര് ഇപ്പോൾ പുറത്തുവിടാൻ നിർവാഹമില്ല. അതിനാലാണ് ഇയാളുടെ പേര് വാർത്തകളിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് ഒഴിവാക്കുന്നത്)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam