
ദില്ലി: ബി ബി സി ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് സുരക്ഷ കൂട്ടി. ദില്ലിയിലെ ബി ബി സി ഓഫീസിന്‍റെ സുരക്ഷയ്ക്കായി കേന്ദ്ര സേനയെ വിന്വസിച്ചു. ബി ബി സിക്കെതിരെ പ്രതിഷേധവുമായി ദില്ലി ഓഫീസിലേക്ക് ഹിന്ദു സേന പ്രവർത്തകർ എത്തിയതിന് പിന്നാലെയാണ് ഓഫീസിന് സുരക്ഷ വർധിപ്പിച്ചത്. ഐ ടി ബി പി യെ ആണ് ദില്ലി ഓഫീസിന് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.
നേരത്തെ ജയ് ശ്രീറാം വിളികളുമായാണ് ഹിന്ദുസേന പ്രവർത്തകർ ബി ബി സി ഓഫീസിന് മുന്നിലേക്ക് പ്രതിഷേധവുമായി എത്തിയത്. ബി ബി സിയെ തല്ലണമെന്നടക്കമുള്ള പോസ്റ്ററുകളുമായാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. ഓഫീസിനു മുന്നിൽ പ്രതിഷേധ പോസ്റ്ററുകളും ഇവർ പതിപ്പിച്ചു. പൊലീസ് എത്തിയാണ് പോസ്റ്ററുകൾ മാറ്റിയത്.
അതേസമയം ബി ബി സി ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ സര്‍വേ ഇന്നും തുടരുകയാണ്. നികുതി സംബന്ധമായ രേഖകളുടെ പരിശോധനയാണ് തുടരുന്നത്. ബി ബി സിയുടെ ദില്ലി മുംബൈ ഓഫീസുകളിലാണ് ആദായ നികുതി വകുപ്പിന്റെ സര്‍വേ തുടരുന്നത്. ദില്ലിയിൽ ഷിഫ്ററ് അടിസ്ഥാനത്തില്‍ അൻപതോളം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. വാർത്താ വിഭാഗത്തിലെ ചില മുതിർന്ന ജീവനക്കാരും, അക്കൗണ്ട്സ്, പരസ്യ വിഭാഗത്തിലെ ജീവനക്കാരുമാണ് ഇന്നും ഓഫീസിലെത്തിയത്. ബാക്കിയുള്ളവർ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ബി ജെ പി നേതാക്കളും മറ്റും ബി ബി സിയിലെ പരിശോധനയെ ന്യായീകരിച്ച് രംഗത്തെത്തിയിപ്പോൾ പ്രതിപക്ഷ നേതാക്കൾ രൂക്ഷ വിമർശനമാണ് നടത്തുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ ബി ബി സിയിലെ പരിശോധനയെ വിമർശിച്ച് രംഗത്തെത്തി. അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നാണ് പ്രമുഖ പ്രതിപക്ഷ പാർട്ടികൾ ബി ബി സിയിലെ നടപടിയെ വിമർശിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam