ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റിയ സംഭവം; നിര്‍ബന്ധിത മതപരിവര്‍ത്തനം അല്ലെന്ന് പാക്ക്‌ കോടതി

By Web TeamFirst Published Apr 11, 2019, 8:31 PM IST
Highlights

ഹിന്ദു മതവിശ്വാസികളായ പെണ്‍കുട്ടികളെ ഇസ്ലാം മതത്തിലേക്ക്‌ നിര്‍ബന്ധപൂര്‍വ്വം അല്ല മാറ്റിയതെന്ന്‌ കണ്ടെത്തിയ കോടതി ഭര്‍ത്താക്കന്മാരുടെ കൂടെ ജീവിക്കാന്‍ പെണ്‍കുട്ടികള്‍ക്ക്‌ അനുമതി നല്‍കി.

ഇസ്ലാമാബാദ്‌: പ്രായപൂര്‍ത്തിയാകാത്ത ഹിന്ദുമത വിശ്വാസികളായ പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‌ വിധേയരാക്കിയ സംഭവത്തില്‍ പെണ്‍കുട്ടികള്‍ക്ക്‌ അനുകൂല വിധിയുമായി പാക്കിസ്ഥാന്‍ ഹൈക്കോടതി. ഹിന്ദുമത വിശ്വാസികളായ പെണ്‍കുട്ടികളെ ഇസ്ലാം മതത്തിലേക്ക്‌ നിര്‍ബന്ധപൂര്‍വ്വമല്ല മാറ്റിയതെന്ന്‌ കണ്ടെത്തിയ കോടതി ഭര്‍ത്താക്കന്മാരുടെ കൂടെ ജീവിക്കാന്‍ പെണ്‍കുട്ടികള്‍ക്ക്‌ അനുമതി നല്‍കിയതായി പാക്ക്‌ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

സിന്ധ്‌ പ്രവിശ്യയിലെ ഘോട്‌കി ജില്ലയിലുള്ള ധാര്‍കിയില്‍ ഹോളി ആഘോഷത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തിയെന്നായിരുന്നു കേസ്‌. സംഭവത്തില്‍ പെണ്‍കുട്ടികളുടെ പിതാവിനെയും സഹോദരനെയും പൊലീസ്‌ ഉപദ്രവിച്ചെന്ന് ആരോപിച്ച് പെണ്‍കുട്ടികളുടെ കുടുംബം പരാതിയുമായി ഇസ്ലാമാബാദ്‌ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

മതപരിവര്‍ത്തനത്തിന്‍റെ വാര്‍ത്തകള്‍ പുറത്തുവന്നതോടെ പ്രദേശത്തെ ഹിന്ദുമത വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്‌ എന്നിവര്‍ സംഭവത്തില്‍ വിശദീകരണം തേടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ്‌ ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്ക്‌ അനുകൂലമായി കോടതി വിധി വന്നത്‌.

click me!