
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. അനന്ത്നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ നിസാർ ഖണ്ഡെയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരനില്‍ നിന്നും എ കെ 47 തോക്കടക്കമുള്ള ആയുധങ്ങൾ പിടിച്ചെടുത്തു. ഏറ്റുമുട്ടലിൽ 3 സൈനികർക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റിട്ടുണ്ട്.
ഭീകരാക്രമണത്തിന് പിന്നാലെ ജമ്മുഭരണകൂടം മുന്‍കരുതല്‍ നടപടികള്‍ എടുത്തിട്ടുുണ്ട്. സൈനിക ഉദ്യോഗസ്ഥർക്ക് ജമ്മുവിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് പോസ്റ്റിംഗ് നൽകാനാണ് തീരുമാനം. കശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽ പെടുന്നവരേയും, പുറത്ത് നിന്നുള്ളവരേയുമാണ് മാറ്റുന്നത്. ഇവർക്ക് നേരെ ആക്രമണം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
കശ്മീരില്‍ സാധാരണക്കാര്‍ക്ക് നേരെയുള്ള ഭീകരാക്രമണം വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം കുല്‍ഗാമില്‍ ബാങ്ക് മാനേജരെ ഭീകരർ വെടിവച്ചുകൊലപ്പെടുത്തിയിരുന്നു. കുല്‍ഗാമില്‍ അരേ മോഹന്‍പുരയിലെ ബാങ്കില്‍ മാനേജരായിരുന്ന വിജയകുമാറിന് നേരെ ബാങ്കിലെത്തിയ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജയ് കുമാറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജസ്ഥാനിലെ ഹനുമാന്‍ഗഡ് സ്വദേശിയാണ് വിജയ്കുമാർ.
Read More: കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; ബാങ്ക് മാനേജര്‍ വെടിയേറ്റ് മരിച്ചു
ഇതോടെ ഒരാഴ്ച്ചക്കിടെ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നവരുടെ എണ്ണം നാലായി. മെയ് 25 ന് ടിവിതാരം അമ്രീന ഭട്ട് ബദ്ഗാമിലും മെയ് 31ന് കുല്‍ഗാമില്‍ രജനി ബാലയെന്ന അധ്യാപികയും ഭീകരരുടെ വെടിയേറ്റ് മരിച്ചിരുന്നു. കശ്മീരി പണ്ഡിറ്റുകളെയും സംസ്ഥാനത്ത് ജോലി തേടിയെത്തുന്ന സാധാരണക്കാരെയും തിരഞ്ഞുപിടിച്ച് കൊല്ലുകയാണെന്നും സുരക്ഷിതരല്ലെങ്കില്‍ താഴ്വര വിടേണ്ടി വരുമെന്നും പ്രദേശവാസികൾ പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം ശക്തമാണ്.