
ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെടാൻ തയ്യാറെടുത്ത ഇൻഡിഗോ വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജൂലൈ 16 വ്യാഴാഴ്ച രാത്രി 8 മണിക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോയുടെ 6E-6423 വിമാനത്തിലാണ് സുരക്ഷാ ഭീഷണിയുണ്ടായത്. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് രാത്രി 7.35 ഓടെ വിമാനത്തിന്‍റെ ബാത്ത്റൂമിൽ നിന്നാണ് ജീവനക്കാർക്ക് ഭീഷണി നിറഞ്ഞ ഒരു കുറിപ്പ് ലഭിക്കുന്നത്. കൈപ്പടയിൽ എഴുതിയ കത്തിൽ കുറിച്ചിരുന്നത് 'ദയവായി പോകരുത്, ബോംബ് ഉണ്ട്!' എന്നായിരുന്നു.
കുറിപ്പ് ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ ജീവനക്കാർ വിവരം സുരക്ഷാ ഏജൻസികളെ അറിയിച്ചു. ഇതേതുടർന്ന് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി മാറ്റിയ ശേഷം ബോംബ് സ്ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തിൽ വിശദമായ പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായ രീതിയിൽ യാതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചത്. ഭീഷണിയെ തുടർന്ന് വിമാന സർവീസ് വലിയ രീതിയിൽ തടസ്സപ്പെടുകയും യാത്രക്കാരുടെ സുരക്ഷയിൽ ആശങ്കയുണ്ടാക്കുകയും ചെയ്തതായി കാണിച്ച് ഇൻഡിഗോ അധികൃതർ പോലീസിൽ പരാതി നൽകി.
സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച വ്യക്തിയെ കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടത്തണമെന്നും കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും ഇൻഡിഗോ ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനക്കമ്പനിയുടെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam