ലുധിയാന സ്ഫോടനം; സമാധാനം തകര്‍ക്കാനുള്ള ശ്രമമെന്ന് ഉപമുഖ്യമന്ത്രി, കേന്ദ്രം റിപ്പോര്‍ട്ട് തേടി

By Web TeamFirst Published Dec 23, 2021, 4:26 PM IST
Highlights

കണ്ടെത്തിയ മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന നടത്തും. സ്ഫോടനത്തില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തി. 
 

അമൃത്സര്‍: ലുധിയാന സ്ഫോടനത്തില്‍ ( Punjab Ludhiana ) കേന്ദ്ര ആഭ്യന്തര മന്ത്രാലയം പഞ്ചാബ് സര്‍ക്കാരിനോട് റിപ്പോർട്ട് തേടി. പഞ്ചാബ് ഉപമുഖ്യമന്ത്രി എസ് എസ് രണ്‍ധാവ സംഭവസ്ഥലത്തെത്തി. സമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്നും സ്ഫോടനത്തില്‍ ബാഹ്യ ഇടപെടല്‍ തള്ളിക്കളയാനാവില്ലെന്നും രണ്‍ധാവ പറഞ്ഞു. കണ്ടെത്തിയ മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന നടത്തും. സ്ഫോടനത്തില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തി. 

പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിലുണ്ടായ സ്ഫോടനത്തില്‍ ഒരാളാണ് കൊല്ലപ്പെട്ടത്. അഞ്ചുപേർക്ക് പരിക്കേറ്റു.ജില്ലാ കോടതി കെട്ടിടത്തിന്‍റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപമാണ് സ്ഫോടനം ഉണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെ കോടതി ചേരുന്നതിനിടെയായിരുന്നു സ്ഫോടനം നടന്നത്. ഉഗ്രശേഷിയുള്ള സ്ഫോടനത്തിൽ ശുചിമുറി പൂർണ്ണമായി തകർന്നു. സ്ഫോടനത്തെ തുടർന്ന് കോടതി കെട്ടിടം ഒഴിപ്പിച്ചു. 

‌സ്‌ഫോടന കാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് പ്രദേശം വളഞ്ഞിരിക്കുകയാണ്. എൻഐഎ സംഘവും സ്ഥലത്ത് എത്തും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിൻ്റെ സമാധാനം തകർക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി പറഞ്ഞു. കുറ്റക്കാരെ ഉടൻ കണ്ടെത്തുമെന്നും ലുധിയാന സന്ദർശിക്കുമെന്നും ചന്നി വ്യക്തമാക്കി. സഫോടനത്തില്‍ അന്വേഷണം വേണമെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടു. 

click me!