
ദില്ലി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് 1984ല്‍ ദില്ലിയില്‍ നടന്ന സിഖ് വിരുദ്ധ കലാപത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്‍റെ പങ്ക് പുനരന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കമല്‍നാഥിനെതിരായ ആരോപണങ്ങള്‍ പ്രത്യേക സംഘം അന്വേഷിക്കും. അഗസ്റ്റ വെസ്റ്റ്‍ലന്‍ഡ് കേസില്‍ കമല്‍നാഥിന്‍റെ ബന്ധു രതുല്‍പുരിയുടെ അറസ്റ്റിന് ശേഷമാണ് കമല്‍നാഥിനെതിരെയും കരുക്കള്‍ നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
കമല്‍നാഥ്, ജഗദീഷ് ടെയ്റ്റ്ലര്‍, സജ്ജന്‍ കുമാര്‍ എന്നിവരായിരുന്നു പ്രധാന ആരോപണ വിധേയര്‍. രകബ്ഗഞ്ച് ഗുരുദ്വാരക്ക് മുന്നില്‍ കലാപകാരികളെ നയിച്ചിരുന്നത് കമല്‍നാഥായിരുന്നുവെന്ന് സാക്ഷിമൊഴിയുണ്ടായിരുന്നു. കലാപം അന്വേഷിച്ച നാനാവതി കമ്മീഷനു മുന്നില്‍ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടറടക്കം രണ്ട് പേര്‍ കമല്‍നാഥിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചു. എന്നാല്‍, കലാപം നിയന്ത്രിക്കാനാണ് താന്‍ അവിടെ പോയതെന്നായിരുന്നു കമല്‍നാഥിന്‍റെ വിശദീകരണം.
കലാപത്തില്‍ കമല്‍നാഥിന്‍റെ പങ്കിന് തെളിവില്ലെന്ന് കമ്മീഷന്‍ കണ്ടെത്തി. കലാപവുമായി ബന്ധപ്പെട്ട് 88 പേരുടെ ശിക്ഷ ദില്ലി ഹൈക്കോടതി കഴിഞ്ഞ വര്‍ഷം ശരിവെച്ചിരുന്നു. അന്വേഷണം അവസാനിപ്പിച്ച 220ഓളം കേസുകളാണ് പുനരന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. പഞ്ചാബിലെ ബിജെപിയുടെ സഖ്യകക്ഷിയായ അകാലിദളിന്‍റെ ആവശ്യത്തെ തുടര്‍ന്നാണ് കേസുകള്‍ പുനരന്വേഷിക്കുന്നത്. ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രിയെ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മറ്റൊരു ഉന്നത കോണ്‍ഗ്രസ് നേതാവിനെതിരെയും നടപടിക്കൊരുങ്ങുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam