ഉത്തരഖണ്ഡിലെ മിന്നൽ പ്രളയത്തിന് പഴിക്കേണ്ടത് വിനോദ സഞ്ചാരത്തെയോ, സംരംഭകയുടെ കുറിപ്പ് ച‍‍ർച്ചയാവുന്നു

Published : Aug 06, 2025, 02:09 PM IST
Uttarakhand flash floods

Synopsis

മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നി‍‍ർമ്മാണങ്ങൾ പരിസ്ഥിതി ലോല മേഖലയിൽ നി‍‍ർമ്മിക്കുമ്പോൾ ഇത്തരത്തിലുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന നിരീക്ഷണങ്ങൾ സജീവമായതിന് പിന്നാലെയാണ് സൗമ്യയുടെ പ്രതികരണം

ധരാലി: ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ ജീവനും സ്വത്തും നഷ്ടമായവർക്ക് സ്മരിച്ചും ചില ഓർമ്മപ്പെടുത്തലുകളുമായി വനിതാ സംരംഭക നടത്തിയ പരാമർശങ്ങൾ വൈറലാവുന്നു. ധാരാലിക്ക് സമീപ മേഖലയിൽ റിസോർട്ട് നടത്തുന്ന സൗമ്യ പർമാർ സമൂഹമാധ്യമങ്ങളിൽ നടത്തിയ പരാമർശമാണ് വ്യാപകമായി ച‍ർച്ച ചെയ്യപ്പെടുന്നത്. അത്യാഗ്രഹം പിടിച്ച രീതിയിലുള്ള നിർമ്മാണമാണ് പരിസ്ഥിതി ദുർബല മേഖലയെ അപകടാവസ്ഥയിലാക്കിയെന്ന കുറ്റപ്പെടുത്തൽ മിന്നൽ പ്രളയ വാർത്തകൾക്ക് പിന്നാലെ സജീവമായിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നി‍‍ർമ്മാണങ്ങൾ പരിസ്ഥിതി ലോല മേഖലയിൽ നി‍‍ർമ്മിക്കുമ്പോൾ ഇത്തരത്തിലുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന നിരീക്ഷണങ്ങളും സമൂഹമാധ്യമങ്ങളിൽ വന്നിരുന്നു.

ഇത്തരത്തിലുള്ള കുറ്റപ്പെടുത്തലുകൾക്ക് മറുപടിയായാണ് പ്രകൃതി ദി റിട്രീറ്റ് എന്ന ഹിമാലയൻ റിസോ‍ർട്ടുടമ സൗമ്യ നൽകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ‌ഞങ്ങളുടെ ജീവിതം പേടിപ്പിക്കുന്ന സ്വപ്നം പോലെയാണ് മാറിയത്. ധരാലിയിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ മാത്രം അകലെയുള്ള സൗമ്യയുടെ റിസോർട്ടിലെ രണ്ട് ജീവനക്കാരെ മിന്നൽ പ്രളയത്തിന് പിന്നാലെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഫോണുകൾ പ്രവർത്തിക്കുന്നില്ല. റിസോർട്ടിലുണ്ടായിരുന്നവർ വീട്ടുകാരേയും ബന്ധുക്കളേക്കുറിച്ച് ആശങ്കപ്പെടുന്ന സാഹചര്യമാണ് കാണുന്നത്. ഇത്രയും കാലത്തിനിടെ ഇത്തരമൊരു സംഭവം ആദ്യമായാണ് നേരിടേണ്ടി വരുന്നത്. ആളുകൾക്ക് വീടുകളും ബന്ധുക്കളും സ്വത്തുക്കളും ഉപജീവന മാർഗവും അടക്കമാണ് നഷ്ടമായത്. മേഖലയിൽ പച്ചക്കറിയും അവശ്യ സാധനങ്ങളും വിൽപന നടത്തിയിരുന്ന കട ഇന്നില്ല. പരിസ്ഥിതി ദുർബല മേഖലകളിൽ താമസിക്കുന്നവരോട് മറ്റിടങ്ങളിലേക്ക് മാറി താമസിക്കാൻ ആവശ്യപ്പെടുന്നത് എളുപ്പമാണ്. മുംബൈ, ബെംഗളൂരു, ഗുരുഗ്രാം എന്നിവിടങ്ങളിലേക്ക് മാറി താമസിക്കാനും ചില‍ർക്ക് സാധിക്കും. എന്നാൽ തികച്ചും സാധാരണക്കാരായ പ്രദേശവാസികൾ ജനിച്ച നാടും വീടും വിട്ട് പോകാൻ സാധിക്കാത്തവർ മേഖലയിലുണ്ട്. അവരുടെ സ്വന്തം ഭൂമി എങ്ങനെയാണ് ഉപേക്ഷിക്കുക. മേഖലയിൽ വിനോദസ‌ഞ്ചാരം പ്രദേശവാസികൾക്ക് ഉപജീവന മാർഗമാണ്. സ്വിഗി, സെപ്റ്റോ പോലുള്ള സംവിധാനങ്ങൾ ഇവിടങ്ങളിൽ ലഭ്യമല്ല. ഈ മേഖലയ്ക്ക് ജീവൻ നൽകുന്നത് ഇവിടെയുള്ള സാധാരണക്കാരാണ്.

അതിജീവനം, സുസ്ഥിരത എന്നിവയിൽ മാത്രം നടക്കുന്ന ചർച്ചകളിൽ നിന്ന് അധികൃതരുടെ കാഴ്ചപ്പാടുകളിൽ മാറ്റം വരേണ്ടതുണ്ടെന്നാണ് സൗമ്യ വിശദമാക്കുന്നത്. പ്രാദേശിക അരുവികളുടെ ഒഴുക്ക് തടസപ്പെടുത്തുന്ന രീതിയിലെ നിർമ്മാണങ്ങൾ തടയുന്നതും മുന്നറിയിപ്പ് സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതും കൃത്യസമയത്ത് ആളുകളെ ഒഴിപ്പിക്കുന്നതിനും കൃത്യമായ പദ്ധതികൾ ആവശ്യമാണ്. വേരുകളെ അറുത്ത് മാറ്റാതെ തന്നെ മലയോരങ്ങളിൽ താമസിക്കുന്നവർക്ക് ഉപജീവനം നടത്താൻ കഴിയുന്നത് എങ്ങനെയാണെന്നതിനേക്കുറിച്ച് മാറി ചിന്തിക്കേണ്ട സമയം ആയിരിക്കുന്നു. അടുത്ത തവണ മലമുകളിലേക്ക് സഞ്ചരിക്കുമ്പോൾ ഡിസ്കൗണ്ട് ആവശ്യപ്പെടാതെ പ്രദേശത്തെ സാധാരണക്കാർ എങ്ങനെയാണ് അതിജീവിക്കുന്നതെന്ന് കണ്ട് മനസിലാക്കാൻ ശ്രമിച്ച് അവർക്ക് സാധ്യമാകുന്ന സഹായങ്ങൾ നൽകൂവെന്നും ആവശ്യപ്പെട്ടാണ് സൗമ്യയുടെ കുറിപ്പ് അവസാനിക്കുന്നത്. പ്രതീക്ഷയോടെയും അഭിമാനത്തോടെയും പൂർവ്വ സ്ഥിതിയിലെത്തി അതിജീവിക്കാനുള്ള പോരാട്ടങ്ങൾക്ക് പുതിയ ദിശ നൽകുന്നതാണ് യുവ സംരംഭകയുടെ കുറിപ്പ്.

പരിശോധനകൾ നടത്താത്ത നിർമ്മാണങ്ങളും മനുഷ്യ ഇടപെടലുകളും പരിസ്ഥിതി ദുർബല മേഖലയിൽ ഇത്തരം സംഭവങ്ങൾ രൂക്ഷമാവുന്നതിന് കാരണമാകുന്നുവെന്നാണ് പരിസ്ഥിതി സംരക്ഷണ പ്രവ‍ർത്തകർ വിശദമാക്കുന്നത്. അതേസമയം ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിൽ കനത്ത നാശത്തിന് കാരണമായ മിന്നൽ പ്രളയത്തിന് കാരണം മേഘവിസ്ഫോടനം അല്ലെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിന് കാരണം കൂറ്റന്‍ ഹിമാനിയോ ഹിമ തടാകമോ തകര്‍ന്നതാണെന്നാണ് വിദഗ്ധരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. മിന്നൽ പ്രളയം ബാധിച്ച മേഖലയിൽ 24 മണിക്കൂറിലുണ്ടായ മഴയുടെ തോത് വിലയിരുത്തിയാണ് ഗവേഷകരുടെ നിരീക്ഷണം. മിന്നൽ പ്രളയം ഉണ്ടാവുന്നതിന് ആവശ്യമായ മഴ മേഖലയിൽ ലഭിച്ചിട്ടില്ല. അതിനാലാണ് കൂറ്റന്‍ ഹിമാനിയോ ഹിമ തടാകമോ തക‍ർന്നതാണ് മിന്നൽ പ്രളയത്തിന് കാരണമായതെന്ന വിലയിരുത്തൽ വിദഗ്ധർ നടത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

 

PREV
Read more Articles on
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ