
അഹമ്മദാബാദ്: ചാണകം ഉപയോഗിച്ച് വീട് നിർമിച്ചാൽ ആണവ വികിരണത്തിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്ന് ഗുജറാത്ത് ജഡ്ജി. തപി ജില്ലയിലെ സെഷൻസ് കോടതി ജഡ്ജിയാണ് വിചിത്രമായ നിരീക്ഷണം നടത്തിയത്. ചാണകത്തിന് ആണവവികിരണത്തെ ചെറുക്കാനാകുമെന്ന് ശാസ്ത്രം തെളിയിച്ചതാണെന്നും ജഡ്ജി പറഞ്ഞു. നിരവധി ഗുരുതര രോഗങ്ങൾക്കുള്ള മരുന്നാണ് ഗോമൂത്രമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ലോകത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ഗോഹത്യയാണെന്ന വിവാദ പരാമർശവും ഈ ജഡ്ജി നടത്തിയിരുന്നു. ഗുജറാത്തിൽനിന്ന് മഹാരാഷ്ട്രയിലേക്ക് പശുക്കടത്തിന് കേസെടുത്ത യുവാവിന് ജീവപര്യന്തം ശിക്ഷയാണ് ജഡ്ജി വിധിച്ചത്.
പശുവിനെ കശാപ്പുചെയ്യുന്നതിൽ ജഡ്ജി അതൃപ്തിപ്രകടിപ്പിക്കുകയും പശു വെറുമൊരു മൃഗമല്ലെന്നും അമ്മയാണെന്ന് പറയുകയും ചെയ്തിരുന്നു. പശുവിന്റെ രക്തം ഭൂമിയിൽ വീഴാത്ത ദിവസം ലോകത്തെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. പശു സംരക്ഷണത്തെക്കുറിച്ച് നമ്മൾ സംസാരിക്കുന്നുണ്ടെങ്കിലും നടപ്പാക്കുന്നില്ല. ഗോഹത്യയും അനധികൃത കടത്തും രാജ്യത്ത് സ്ഥിരമായി നടക്കുന്നുവെന്നും ജഡ്ജി പറഞ്ഞു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടെങ്കിലും ഗോവധം നിർബാധം തുടരുകയാണെന്നും അദ്ദേഹം വ്യക്താമാക്കി. ചാണകം ഉപയോഗിച്ചുള്ള ജൈവകൃഷിയിലൂടെ വിളയുന്ന ഭക്ഷണം പല രോഗങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam