
ദിസ്പുര്‍: ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് പിന്നാലെ അസമിലും (Assam) ബുൾഡോസർ രാജ്. കസ്റ്റഡി മരണത്തെ ചൊല്ലി പൊലീസ് സ്റ്റേഷൻ കത്തിച്ച കേസിലെ പ്രതികളുടെ അടക്കം ഏഴ് പേരുടെ വീടുകൾ ജില്ലാ ഭരണകൂടം പൊളിച്ചു നീക്കി. അനധികൃത കയ്യേറ്റമെന്ന് കാട്ടിയാണ് പൊളിക്കൽ നടപടി. മധ്യപ്രദേശും യുപിയും ദില്ലിയും കടന്ന് വടക്കുകിഴക്കൻ സംസ്ഥാനത്തും ബുൾഡോസർ നടപടി തുടങ്ങിയിരിക്കുകയാണ്. പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ചെന്നാരോപിച്ച് അസമിലെ നഗോണിൽ ഇന്നലെ നാട്ടുകാർ പൊലീസ് സ്റ്റേഷൻ കത്തിച്ചിരുന്നു. ഈ കേസിൽ അറസ്റ്റിലായ 21 പേരിൽ അഞ്ചുപേരുടെ വീടുകൾ ഉൾപ്പടെയാണ് ജില്ലാ ഭരണകൂടം പൊളിച്ചു നീക്കിയത്.
എന്നാൽ അനധികൃത കയ്യേറ്റങ്ങളാണ് പൊളിച്ചതെന്ന് ജില്ലാ ഭരണകൂടം പറയുന്നത്. കൂടുതൽ നടപടിയുണ്ടാകുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. പൊലീസ് സ്റ്റേഷന് നേരെ നടന്ന ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. മീൻവിൽപ്പനക്കാരനായ ഷഫീഖുൽ ഇസ്ലാം എന്നയാളെ കഴിഞ്ഞ ദിവസം ഒരു കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസിൽ നിന്ന് ഒഴിവാക്കാൻ 10,000 രൂപയും ഒരു താറാവിനെയും ആവശ്യപ്പെട്ടെന്നും ഇത് നൽകാത്തതിനെ തുടർന്ന് മർദിച്ച് കൊലപ്പെടുത്തിയെന്നുമാണ് നാട്ടുകാർ പറയുന്നത്. കസ്റ്റഡി മരണത്തിൽ സർക്കാർ ജ്യൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സ്റ്റേഷനിലെ പൊലീസുകാരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam