ബാലാകോട്ട് ആക്രമണം സ്ഥിരീകരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ; ആണവശക്തികളുടെ സംഘർഷത്തിൽ ആശങ്ക

By Web TeamFirst Published Feb 26, 2019, 10:02 PM IST
Highlights

സംഘർഷത്തിനപ്പുറം യുദ്ധസാഹചര്യത്തിലേക്ക് ആണവശക്തികളായ ഇന്ത്യയും പാകിസ്ഥാനും നീങ്ങിയേക്കുമോ എന്ന ആശങ്കയും ലോകമാധ്യമങ്ങൾ പങ്കുവയ്ക്കുന്നു.

പാകിസ്ഥാൻ അതിർത്തി കടന്ന് ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തെ അന്തർദേശീയ മാധ്യമങ്ങൾ എങ്ങനെയാണ് റിപ്പോർട്ട് ചെയ്തത്? പ്രധാന അന്തർദേശീയ മാധ്യമങ്ങളെല്ലാം തന്നെ ഇന്ത്യ ബാലാകോട്ടിൽ ശക്തമായ വ്യോമാക്രമണം നടത്തിയെന്ന് സ്ഥിരീകരിക്കുന്നു. അഞ്ച് പതിറ്റാണ്ടിന് ശേഷം ഇന്ത്യ അതിർത്തി കടന്ന പാകിസ്ഥാനിൽ വ്യോമാക്രമണം നടത്തി എന്ന് മിക്ക അന്തർദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. അതേസമയം സ്വന്തം ഭാഗത്ത് ആൾനാശം ഉണ്ടായിട്ടില്ലെന്ന പാകിസ്ഥാന്‍റെ അവകാശവാദവും, അതിന്‍റെ വിശദാംശങ്ങളും ലോകമാധ്യമങ്ങളുടെ  റിപ്പോർട്ടുകളിലുണ്ട്.

ഇന്ത്യയും പാകിസ്ഥാനും രണ്ട് ആണവശക്തികളാണെന്ന് ലോകമാധ്യമങ്ങൾ ഓർമ്മിപ്പിക്കുന്നു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സംഘർഷം വളരുന്നതിൽ അന്താരാഷ്ട്ര സമൂഹത്തിനുള്ള ആശങ്കയും റിപ്പോർട്ടുകളിലുണ്ട്. അതിർത്തിയിലെ സംഘർഷത്തിനപ്പുറം യുദ്ധസാഹചര്യത്തിലേക്ക് ഇന്ത്യയും പാകിസ്ഥാനും നീങ്ങിയേക്കുമോ എന്ന സംശയവും ആശങ്കയും ലോകമാധ്യമങ്ങൾ പങ്കുവയ്ക്കുന്നു.

ബിബിസി

'പാകിസ്ഥാനിൽ ഇന്ത്യയുടെ വ്യോമാക്രമണം' എന്നാണ് ബലാകോട്ട് ആക്രമണത്തിന് ബിബിസി നൽകിയ തലക്കെട്ട്. പ്രധാന വാർത്തകൾക്കൊപ്പം അതീവ പ്രാധാന്യത്തോടെയാണ് ബിബിസി വാർത്ത നൽകിയത്. 1971ന് ശേഷം ഇന്ത്യ ഇതാദ്യമായി നിയന്ത്രണരേഖ കടന്ന് ഇന്ത്യ പാകിസ്ഥാന്‍റെ മണ്ണിൽ ആക്രമണം നടത്തിയെന്ന് ബിബിസി സ്ഥിരീകരിക്കുന്നു. രണ്ട് അയൽക്കാരും തമ്മിലുള്ള സംഘർഷം വർദ്ധിച്ചിരിക്കുകയാണെന്നും ഇപ്പോൾ പന്ത് പാകിസ്ഥാന്‍റെ കോർട്ടിലാണെന്നും ബിബിസിയുടെ റിപ്പോർട്ട് പറയുന്നു.

'ബാലാകോട്ടിലെ ഭീകരകേന്ദ്രമാണ് ആക്രമിച്ചതെന്ന് ഇന്ത്യ പറയുന്നു. എന്നാൽ ആൾപ്പാർപ്പില്ലാത്ത ഭൂമിയിലാണ് ബോംബുകൾ വീണതെന്ന് പാകിസ്ഥാനും പറയുന്നു' എന്നാണ് ബിബിസിയുടെ വാർത്ത ബാലാകോട്ട് ആക്രമണത്തെ വിശദീകരിക്കുന്നത്. പുൽവാമയിൽ നടന്ന ചാവേർ ആക്രമണത്തിൽ 40 ഇന്ത്യൻ സൈനികർ മരിച്ചതോടെയാണ് രണ്ട് ആണവരാഷ്ട്രങ്ങളും തമ്മിലുള്ള സംഘർഷം സജീവമായത് എന്നുതുടങ്ങി വിവിധ തലക്കെട്ടുകളിലായി വിശദ വാർത്തകൾ ബിബിസി നൽകിയിട്ടുണ്ട്. ഇന്ത്യ-പാകിസ്ഥാൻ സംഘർഷം എന്തുകൊണ്ട്? ആരാണ് ജെയ്ഷെ മുഹമ്മദ്? കശ്മീർ സംഘർഷത്തിൽ മോദിക്ക് മുമ്പിലുള്ള സാധ്യതകൾ എന്തെല്ലാം? സർജിക്കൽ സ്ട്രൈക്ക് എന്തായിരുന്നു? എന്നിങ്ങനെ ഈ വാർത്തയുടെ ചരിത്രപരമായ വിശദാംശങ്ങൾ കൂടി സമഗ്രമായി  ബിബിസി തരുന്നുണ്ട്.

ബാലാകോട്ട് ആക്രമണത്തിൽ ഇന്ത്യയുടേയും പാകിസ്ഥാന്‍റെയും അവകാശവാദങ്ങളും ബിബിസി വിശദമായി ഉദ്ധരിച്ചു. ഇസ്ലാമാബാദിൽ നിന്ന് ബിബിസി ലേഖകൻ ഇല്യാസ് ഖാൻ നൽകുന്ന വിശദമായ റിപ്പോർട്ടും ബിബിസിയിലുണ്ട്. നിരവധി വർഷങ്ങളായി പ്രവർത്തിച്ചുവന്ന കശ്മീരി തീവ്രവാദികളുടെ പരിശീലന കേന്ദ്രം ഇന്ത്യ ആക്രമിച്ചുവെന്ന് അദ്ദേഹത്തിന്‍റെ റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. പാകിസ്ഥാൻ പട്ടാളം ഈ മേഖലയിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണെന്നും ലോക്കൽ പൊലീസിനെ പോലും അവിടേക്ക് അനുവദിക്കുന്നില്ലെന്നും ഇല്യാസ് ഖാന്‍റെ റിപ്പോർട്ടിലുണ്ട്.

പാകിസ്ഥാൻ നേതൃത്വം ആക്രമണത്തിന്‍റെ തീവ്രത കുറച്ചുകാണിക്കുന്നുണ്ടെന്ന് ബിബിസി ലേഖകൻ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാൻ ഇന്ത്യയുടെ ആക്രമണത്തെ വിശേഷിപ്പിക്കുന്നത്, 'അന്താരാഷ്ട്ര അതിർത്തി ലംഘിച്ചുള്ള ആക്രമണം' എന്നല്ല, 'നിയന്ത്രണരേഖ കടന്നുള്ള ആക്രമണം' എന്നാണ്. നയതന്ത്രവഴികൾക്കപ്പുറം പാകിസ്ഥാന്‍റെ പ്രതികരണം പോയേക്കില്ലെന്ന് ഇല്യാസ് ഖാൻ പ്രതീക്ഷിക്കുമ്പോൾ കശ്മീരിൽ ഇന്ത്യൻ സൈന്യത്തിനെതിരെ തീവ്രവാദികളുടെ ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളയുന്നില്ല.

റോയിറ്റേഴ്സ്

'ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാകിസ്ഥാനിലെ തീവ്രവാദി ക്യാമ്പ് ആക്രമിച്ചുവെന്ന് ഇന്ത്യ'  എന്നാണ് അന്താരാഷ്ട്ര വാർത്താ എജൻസിയായ റോയിറ്റേഴ്സിന്‍റെ റിപ്പോർട്ട്. നിരവധി തീവ്രവാദികളെ കൊന്നുവെന്നും ഇന്ത്യ പറയുന്നു. എന്നാൽ പാകിസ്ഥാൻ അധികൃതർ ഇത് നിഷേധിക്കുകയാണ്. ആൾനാശം ഉണ്ടായിട്ടില്ലെന്ന് പാകിസ്ഥാൻ അവർ പറയുന്നു. എന്നാൽ 1971ന് ശേഷം ഇന്ത്യ നിയന്ത്രണരേഖയ്ക്ക് അപ്പുറം കടന്ന് നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇതെന്ന് റോയിറ്റേഴ്സ് റിപ്പോർട്ടിൽ തുടർന്ന് വിശദമാക്കുന്നു.

'നിയന്ത്രണരേഖയ്ക്ക് 50 കിലോമീറ്റർ അപ്പുറമുള്ള ബാലാകോട്ടിലായിരുന്നു ആക്രമണം' എന്ന് വാർത്തയുടെ രണ്ടാം പകുതിയിൽ റോയിറ്റേഴ്സ് ഇന്ത്യൻ ആക്രമണം സ്ഥിരീകരിക്കുന്നുണ്ട്. പാകിസ്ഥാൻ ഇന്ത്യൻ ആക്രമണത്തെ അപലപിച്ചുവെന്നും തക്ക സമയത്ത് തക്ക സ്ഥലത്ത് തിരിച്ചടി നൽകുമെന്ന് പ്രതികരിച്ചതായും റോയിറ്റേഴ്സിന്‍റെ റിപ്പോർട്ടിൽ തുടർന്ന് പറയുന്നു.

"മരങ്ങൾ വീഴുന്നത് കണ്ടു, ഒരു തകർന്ന വീടും.. ബോബുകൾ വീണ സ്ഥലങ്ങൾ അഗ്നിഗോളങ്ങളായി മാറി" മുഹമ്മദ് അജ്മൽ എന്ന ഇരുപത്തഞ്ചുകാരനെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ യുദ്ധവിമാനങ്ങൾ പറക്കുന്ന ശബ്ദവും സ്ഫോടനശബ്ദങ്ങളും കേട്ടതായി പാകിസ്ഥാനി ഗ്രാമീണരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

സ്വയരക്ഷയെ കരുതി ഇന്ത്യ ആക്രമണത്തിന് നിർബന്ധിതമാവുകയായിരുന്നുവെന്ന ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയുടെ പ്രതികരണവും പാകിസ്ഥാൻ പട്ടാളവക്താവിന്‍റേയും പാകിസ്ഥാൻ ദേശീയ സുരക്ഷാ സമിതിയുടെ വിശദീകരണവും റോയിറ്റേഴ്സ് ഏതാണ്ട് തുല്യ പ്രാധാന്യത്തോടെ നൽകിയിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും നിയന്ത്രണം പാലിക്കണം എന്ന ചൈനയുടെ പ്രതികരണവും റോയിറ്റേഴ്സ് പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു.

സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ സംഘർഷത്തിലേക്കാണ് ഇന്ത്യ-പാക് ബന്ധത്തിൽ ഉരുത്തിരിഞ്ഞിരിക്കുന്നത് എന്നാണ് റോയിറ്റേഴ്സിന്‍റെ വിലയിരുത്തൽ. രണ്ട് ആണവശക്തികൾ തമ്മിലുള്ള സംഘർഷം അപകടകരമായി ഉയരുന്നതിലെ ആശങ്കയും റോയിറ്റേഴ്സ് വാ‍ർത്തയിൽ പങ്കുവയ്ക്കുന്നു.

ന്യൂയോർക് ടൈംസ്

സ്ഫോടനാത്മകമായ വിദ്വേഷത്തിന്‍റെ സാഹചര്യം ഇന്ത്യക്കും പാകിസ്ഥാനുമിടിയിൽ ഉയരുകയാണെന്നാണ് ന്യൂയോർക് ടൈംസിന്‍റെ റിപ്പോർട്ട്. 'സൂര്യോദയത്തിന് മുമ്പ് പാകിസ്ഥാൻ അതിർത്തിക്കുള്ളിൽ നടത്തിയ വ്യോമാക്രമണത്തിൽ ഒട്ടേറെ തീവ്രവാദികളെ വകവരുത്തിയതായി ഇന്ത്യ പറയുന്നു. അതേസമയം ബാലകോട്ടിൽ ആരും മരിച്ചിട്ടില്ലെന്നാണ് ഇസ്ലാമാബാദ് പറയുന്നത്' ന്യൂയോർക്ക് ടൈംസിന്‍റെ  ഈ വിഷയത്തിലെ പ്രധാന റിപ്പോർട്ട് തുടങ്ങുന്നത് ഇങ്ങനെയാണ്. പിന്നീട് അഞ്ച് പതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാകിസ്ഥാൻ അതിർത്തി കടന്ന് വ്യോമാക്രമണം നടത്തിയെന്ന് ന്യൂയോർക്ക് ടൈസ് സ്ഥിരീകരിക്കുന്നുണ്ട്.

ആണവശക്തികളായ രണ്ട് രാഷ്ട്രങ്ങളും തർക്കത്തിൽ നിന്ന് യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നവിധം അസ്വാഭാവിക സമീപനമാണ് സ്വീകരിക്കുന്നതെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.  ഇന്ത്യയിൽ തെരഞ്ഞെടുപ്പ് വർഷം ആയതുകൊണ്ടുള്ള ദേശീയ വികാരം ജനരോക്ഷത്തെ വലുതാക്കുന്നുണ്ട്. നിരവധി പട്ടാളക്കാർ കൊല്ലപ്പെട്ട പുൽവാമ ആക്രമണത്തിന് 'ശരിയായി പകരംവീട്ടി' എന്ന വികാരം ഇന്ത്യയിൽ ശക്തമാണ്. അതേസമയം പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ പൊതുജനവികാരം അലസമാണെന്നും ന്യൂയോർക് ടൈംസിന്‍റെ റിപ്പോർട്ട്.

ന്യൂയോർക് ടൈംസിന്‍റെ വാ‍ർത്ത ഇങ്ങനെ തുടരുന്നു. വലിയ സ്ഫോടനശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറയുന്നു. 'രാത്രിയിലായിരുന്നു അത് ഞങ്ങൾ ഭയന്നുപോയി.. ശക്തമായ സ്ഫോടനമായിരുന്നു' 20 വയസുകാരനായ മുഹമ്മദ് അബ്ബാസിനെ ഉദ്ധരിച്ച് അസോയിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. സ്ഫോടനം നടന്ന സ്ഥലം പാകിസ്ഥാൻ പട്ടാളത്തിന്‍റെ നിയന്ത്രണത്തിലാണ്. വാർത്താലേഖകരെ സംഭവസ്ഥലത്തുനിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെ വച്ച് പട്ടാളം തടയുകയാണ്.'

'ഞങ്ങൾ ഈ രാഷ്ട്രത്തെ പരാജയപ്പെടാൻ അനുവദിക്കില്ല' എന്ന് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ പശ്ചാത്തലത്തിലുള്ള വേദിയിൽ നിന്നുകൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.  'ഇന്ത്യൻ കയ്യേറ്റം' കൊണ്ട് പ്രത്യേകിച്ചൊന്നും നേടാനായില്ലെന്ന് പാകിസ്ഥാൻ പട്ടാളം പ്രതികരിച്ചു. ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രതികരിച്ചു. ആക്രമണത്തിൽ ആൾനാശമുണ്ടെന്ന ഇന്ത്യയുടെ അവകാശവാദം ഇമ്രാൻ ഖാൻ നിഷേധിച്ചെന്നും ന്യൂയോർക്ക് ടൈംസിന്‍റെ റിപ്പോർട്ടിലുണ്ട്

പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിൽ നടത്തിയ പ്രസംഗത്തിന്‍റെ വിശദാംശങ്ങളും ചിത്രവും വനമേഖലയിൽ ചെറിയ ചില നാശനഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നവകാശപ്പെട്ട് പാകിസ്ഥാൻ പട്ടാളം പുറത്തുവിട്ട ചിത്രവും ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചു.

അൽ ജസീറ

അൽ ജസീറയുടെ പ്രധാന തലക്കെട്ട് തന്നെ പാകിസ്ഥാൻ അതിർത്തി കടന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണമാണ്. ഇന്ത്യ പാകിസ്ഥാനിലുള്ളിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ബോംബുകൾ തൊടുത്തു എന്ന് അൽ ജസീറ സ്ഥിരീകരിക്കുന്നു. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഇസ്ലാമാബാദിലെ ജയ്ഷെ മുഹമ്മദ് കേന്ദ്രം തകർത്തു എന്നവകാശപ്പെടുന്നു എന്നാൽ ഇസ്ലാമാബാദ് ഇത് നിഷേധിച്ചു എന്നാണ് അൽ ജസീറയുടെ റിപ്പോർട്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി 'രാജ്യം സുരക്ഷിത കരങ്ങളിലാണ്' എന്ന് പറഞ്ഞതും ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഘലെയുടെ പ്രതികരണങ്ങളും വിശദമായിത്തന്നെ അൽ ജസീറ നൽകിയിട്ടുണ്ട്. ആൾനാശമുണ്ടെന്ന ഇന്ത്യപറയുന്നത് തെറ്റാണെന്ന പാകിസ്ഥാൻ പട്ടാളത്തിന്‍റെ വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂറിന്‍റെ ട്വീറ്റും അൽ ജസീറ ചേർത്തിട്ടുണ്ട്. ഇന്ത്യൻ വിമാനങ്ങൾ ധൃതിയിൽ സ്ഫോടകവസ്തുക്കൾ വർഷിച്ച് തിരികെ പറക്കുകയായിരുന്നുവെന്നും ജനവാസമേഖലയിലല്ല അവ പതിച്ചതെന്നുമാണ് ആസിഫ് ഗഫൂറിന്‍റെ അവകാശവാദം.

സൈനികാക്രമണം നടന്ന ബാലാകോട്ടിലെ ജാബ, മൻസേര പ്രദേശങ്ങളിൽ പോർവിമാനങ്ങൾ പറക്കുന്ന ശബ്ദവും സ്ഫോടനശബ്ദവും കേട്ടിരുന്നുവെന്നും പ്രാദേശത്തെ ജനങ്ങളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോ‍ർട്ട് ചെയ്തു. ഇന്ത്യൻ നഗരങ്ങളിൽ ജനങ്ങൾ നടത്തിയ ആഹ്ളാദപ്രകടനങ്ങളുടെ ചിത്രങ്ങളും ഇന്ത്യ - പാക് സംഘർഷത്തിന്‍റെ ചരിത്രവും എല്ലാമടക്കം വിശദമായ വാർത്തയാണ് അൽ ജസീറയുടേത്. ഇന്ത്യയുടേത് സൈനിക നടപടിയല്ലെന്നും ഭീകരതയ്ക്കെതിരായ പ്രതിരോധമാണെന്നും ന്യൂഡൽഹി വിശദമാക്കുന്നുവെന്നും അൽ ജസീറയുടെ റിപ്പോർട്ടിലുണ്ട്. ഏതായാലും രണ്ട് ആണവശക്തികൾക്കിടയിലെ സംഘർഷം നാടകീയമായി ഉയരുകയാണെന്ന ആശങ്ക അൽ ജസീറയുടെ റിപ്പോർട്ടിലുമുണ്ട്.

click me!