
കൊച്ചി: അങ്കമാലിയിൽ നടന്ന വൻ മയക്ക് മരുന്ന് വേട്ടയിൽ ലക്ഷങ്ങൾ വില വരുന്ന ഹെറോയിനുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പൊലീസ് പിടിയിലായി. അസം നൗഗാവ് സ്വദേശി ദിൽദാർ ഹുസൈൻ (41), അസം ഹോജയ് സ്വദേശികളായ മുഷ്ത്തക്കിൻ ആലം (19), കൈറുൽ ഇസ്ലാം (23) സ്വദേശികളായ എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ് സുദർശൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇവരിൽ നിന്ന് 600 ഗ്രാമോളം ഹെറോയിൻ കണ്ടെടുത്തു. അസമിൽ നിന്ന് കാർ മാർഗ്ഗം മയക്ക് മരുന്ന് കടത്തുന്ന വൻ റാക്കറ്റാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കുറച്ചു നാളുകളായി ഇവർ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പൊലീസ് പിടികൂടാതിരിക്കാൻ ഊടൂ വഴികളിലൂടെയായിരുന്നു സഞ്ചരിച്ചിരുന്നത്. കാറിന്റെ രഹസ്യ അറകളിൽ ബാഗുകളിൽ 47 സോപ്പുപെട്ടി ബോക്സുകളിൽ ആക്കിയായിരുന്നു ഹെറോയിൻ സൂക്ഷിച്ചിരുന്നത്. അസം രജിസ്ട്രേഷനിൽ ഉള്ള കാറിലായിരുന്നു മയക്കുമരുന്ന് കടത്തിയിരുന്നത്. അസമിൽ നിന്ന് ഒരു ബോക്സിന് 30,000 രൂപ നിരക്കിൽ വാങ്ങുന്ന ഹെറോയിൻ 50,000 രൂപ നിരക്കിൽ വിൽപ്പന നടത്തി മടങ്ങിപ്പോകുന്നതായിരുന്നു ഇവരുടെ രീതി.
ജില്ലയിൽ ഇത്രയും വലിയ ഹെറോയിൻ വേട്ട നടത്തുന്നത് ആദ്യമായാണ്. പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ, ആലുവ ഡിവൈഎസ്പി ബാബുക്കുട്ടൻ, ഇൻസ്പെക്ടർ എ രമേശ്, സബ് ഇൻസ്പെക്ടർമാരായ ശ്യാം, അജിത് കുമാർ,ജിഷ്ണു രാജ്, വിജു, അസി. സബ് ഇൻസ്പെക്ടർ പി.എ അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ ടിഎ അഫ്സൽ,cബെന്നി ഐസക്ക്, റോബിൻ ജോയി, മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, മനോജ്, ലിൻസൺ, അബ്ദുൾ അസീസ്, സിപിഒമാരായ മുഹമ്മദ് ഷാഹിൻ അജിത തിലകൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam