കാലം മാറുന്തോറും തൊഴിലിനോടുള്ള കാഴ്ചപ്പാടുകളും മാറുകയാണ്. മുൻകാലങ്ങളിൽ ഒരു ജോലിയിൽ പ്രവേശിച്ചാൽ അവിടെ കഠിനാധ്വാനം ചെയ്ത് ഉയർന്ന പദവികളിൽ എത്തുക എന്നതായിരുന്നു പ്രഥമ ലക്ഷ്യം. എന്നാൽ ജെൻ സികൾ ഈ പരമ്പരാഗത രീതികളോട് വിട പറയുകയാണ്.
'പഠിച്ചു നല്ല നിലയിലെത്തണം, ഒരു വലിയ കമ്പനിയിൽ ഉയർന്ന ജോലി വാങ്ങണം, വേഗത്തിൽ സ്ഥാനക്കയറ്റം നേടി വലിയ പദവികളിൽ എത്തണം...' തലമുറകളായി നമ്മുടെ നാട്ടിലെ പല മാതാപിതാക്കളും മക്കൾക്ക് നൽകുന്ന ഉപദേശമാണിത്. എന്നാൽ, ഈ 'സക്സസ് ഫോർമുല' ഇന്ന് പഴങ്കഥയാവുകയാണ്. കരിയറിലെ കുതിപ്പിനേക്കാളും ബാങ്ക് ബാലൻസിനേക്കാളും പ്രധാനം സ്വന്തം മാനസികാരോഗ്യമാണെന്ന് ഉറപ്പിച്ചു പറയുകയാണ് ഇന്ത്യയിലെ 'ജെൻ സി'കൾ. 'ഇന്ത്യാ ടുഡേ'യുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ കോർപ്പറേറ്റ് ലോകത്ത് വലിയൊരു മാറ്റമാണ് ഉണ്ടാകുന്നത്.
എന്താണ് 'അംബീഷൻ ഷിഫ്റ്റ്'?
മുൻപ് കരിയർ എന്നാൽ ഒന്നിനുപുറകെ ഒന്നായി പടവുകൾ കയറുന്നതായിരുന്നു. എന്നാൽ ഇന്നത്തെ യുവാക്കൾക്കിടയിൽ 'ആന്‍റി-അംബീഷൻ' എന്നൊരു പ്രവണത വർദ്ധിച്ചു വരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. അമിതമായ ജോലിഭാരവും 24 മണിക്കൂറും ജോലിയെക്കുറിച്ചുള്ള ചിന്തയും ജീവിതത്തെ തകർക്കുന്നു എന്ന തിരിച്ചറിവാണ് ഇതിന് പിന്നിൽ. തങ്ങളുടെ കഴിവിനെ കമ്പനികൾക്ക് വേണ്ടി മാത്രം ഹോമിക്കാൻ ജെൻ സികൾ തയ്യാറല്ല. സ്ഥാനക്കയറ്റം ലഭിക്കുമ്പോൾ കൂടെവരുന്ന അമിതമായ ഉത്തരവാദിത്തങ്ങളും സമ്മർദ്ദവും തങ്ങളുടെ സന്തോഷം കവരുന്നു എന്ന് അവർ വിശ്വസിക്കുന്നു.
കണക്കുകൾ പറയുന്നത് ഇങ്ങനെ
ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നടത്തിയ പഠനങ്ങളിൽ നിന്ന് ചില പ്രധാന കാര്യങ്ങൾ വ്യക്തമാകുന്നുണ്ട്. ഏതാണ്ട് 47 ശതമാനം യുവാക്കളും ഉയർന്ന പദവികളോ മാനേജർ തസ്തികകളോ ആഗ്രഹിക്കുന്നില്ല. ശമ്പളം അല്പം കൂടിയാലും മാനസിക സമ്മർദ്ദം ഏറുന്ന പണികളോട് അവർ 'നോ' പറയുന്നു. കൂടാതെ, സർവേയിൽ പങ്കെടുത്ത 52 ശതമാനം പേരും തങ്ങളുടെ കരിയർ വളർച്ചയേക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നത് വൈകാരിക സുരക്ഷിതത്വത്തിനാണ്. 41 ശതമാനം ജീവനക്കാർ തങ്ങൾക്ക് ഇഷ്ടപ്പെട്ട പ്രവൃത്തിസമയവും സമാധാനവും ലഭിക്കുമെങ്കിൽ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യാൻ പോലും തയ്യാറാണ്.
യുവത്വത്തിന്റെ മനസ് മാറാൻ കാരണമെന്ത്?
ഇന്ത്യൻ ജെൻ സികൾക്കിടയിൽ ഇത്തരമൊരു മനോഭാവം ഉണ്ടാകാൻ പ്രധാനമായും മൂന്ന് ഘടകങ്ങളാണുള്ളതെന്നാണ് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നത്. കൊവിഡ് കാലത്ത് ലക്ഷക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെട്ടു. വർഷങ്ങളോളം കമ്പനിയോട് വിശ്വസ്തത കാണിച്ചവരെ പോലും പ്രതിസന്ധി ഘട്ടത്തിൽ പിരിച്ചുവിട്ടു. ഇതോടെ, ജോലി എന്നത് ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും അതിനുവേണ്ടി സ്വന്തം ആരോഗ്യവും കുടുംബവും കളയേണ്ടതില്ലെന്നും അവർ തീരുമാനിച്ചു.
ഇന്ത്യയിലെ ഐടി, സ്റ്റാർട്ടപ്പ് മേഖലകളിൽ ജോലി ചെയ്യുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് ബേൺഔട്ട്. ഉറക്കമില്ലായ്മയും മാനസിക സമ്മർദ്ദവും മൂലം 30 വയസ്സാകുമ്പോഴേക്കും ആരോഗ്യം നശിക്കുന്ന അവസ്ഥ. ഇതിനെ ഭയന്നാണ് പലരും വലിയ പദവികൾ വേണ്ടെന്നു വെക്കുന്നത്. പണപ്പെരുപ്പവും എഐ സാങ്കേതികവിദ്യയുടെ വളർച്ചയും കാരണം ഒരു ജോലിയും സുരക്ഷിതമല്ലെന്ന ബോധ്യം അവർക്കുണ്ട്. അതുകൊണ്ട് തന്നെ പദവികളേക്കാൾ ഉപരിയായി, ഒന്നിലധികം വരുമാന മാർഗ്ഗങ്ങൾ കണ്ടെത്താനാണ് അവർ ശ്രമിക്കുന്നത്. സ്ഥാപനത്തോടുള്ള വിശ്വസ്തതയേക്കാൾ , സ്വയം വളരാനും പുതിയ കാര്യങ്ങൾ പഠിക്കാനുമാണ് യുവാക്കൾ ശ്രമിക്കുന്നത് എന്നാണ് ഐടി വിദഗ്ധരും എച്ച്ആർ പ്രൊഫഷണലുകളും പറയുന്നത്. ഇക്കാരണത്താൽ തന്നെ ഇന്ത്യൻ കമ്പനികളിൽ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്.
പുതിയ കാലത്തെ തൊഴിൽ രീതികൾ: ക്വയറ്റ് ക്വിറ്റിംഗും സൈഡ് ഹസിലും
ജോലി പൂർണ്ണമായി ഉപേക്ഷിക്കാതെ തന്നെ അതിൽ നിന്നും മാനസികമായി വിട്ടുനിൽക്കുന്ന രീതിയാണ് 'ക്വയറ്റ് ക്വിറ്റിംഗ്'. ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്യുക, കൃത്യസമയത്ത് ലോഗ് ഔട്ട് ചെയ്യുക, അധിക ജോലിക്ക് തയ്യാറാകാതിരിക്കുക എന്നതാണ് ഇതിന്റെ പ്രത്യേകത. അതോടൊപ്പം തന്നെ, കണ്ടന്റ് ക്രിയേഷൻ, ഫ്രീലാൻസിംഗ് തുടങ്ങിയ മേഖലകളിൽ താല്പര്യം കണ്ടെത്തി അതിലൂടെ സന്തോഷവും വരുമാനവും നേടാൻ അവർ ശ്രമിക്കുന്നു.
ചുരുക്കത്തിൽ, പദവികൾക്കും അധികാരത്തിനും പിന്നാലെ ഓടുന്നത് വിജയത്തിന്റെ അടയാളമായി കണ്ടിരുന്ന കാലം കഴിഞ്ഞു. സമാധാനമായി ഉറങ്ങാൻ കഴിയുന്നതും, സ്വന്തം താല്പര്യങ്ങൾക്ക് സമയം കണ്ടെത്താൻ സാധിക്കുന്നതുമാണ് യഥാർത്ഥ വിജയമെന്ന് ജെൻ സികൾ വിശ്വാസിക്കുന്നത്.


