Human Rights : മനുഷ്യാവകാശ ലംഘന കേസുകൾ കൂടുതലും യുപിയിൽ; കണക്ക് പുറത്ത് വിട്ട് കേന്ദ്രം

By Web TeamFirst Published Dec 9, 2021, 11:17 PM IST
Highlights

രാജ്യത്ത്  മനുഷ്യാവകാശ ലംഘന കേസുകൾ കൂടുന്നുണ്ടോയെന്ന് ഡിഎംകെ എംപി എം ഷൺമുഖം രാജ്യസഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു.ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇതിന് മറുപടി നൽകിയത്. 2018 -19ൽ ആകെ 89,584 മനുഷ്യാവകാശ ലംഘന കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ദില്ലി: കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മനുഷ്യാവകാശ ലംഘന (Human Rights Violation) കേസുകളിൽ 40 ശതമാനവും ഉത്തർപ്രദേശിൽ (Uttar Pradesh) നിന്നാണെന്ന് കണക്കുകൾ. ഒക്ടോബർ 31 വരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (National Human Rights Commission) എടുത്തിട്ടുള്ള കേസുകളുടെ വിവരങ്ങളാണ് ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ പുറത്ത് വിട്ടത്. രാജ്യത്ത്  മനുഷ്യാവകാശ ലംഘന കേസുകൾ കൂടുന്നുണ്ടോയെന്ന് ഡിഎംകെ എംപി എം ഷൺമുഖം രാജ്യസഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു.

ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇതിന് മറുപടി നൽകിയത്. 2018 -19ൽ ആകെ 89,584 മനുഷ്യാവകാശ ലംഘന കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2019-20 എത്തിയപ്പോൾ ഇത് 76,628 ആയി കുറഞ്ഞിട്ടുണ്ട്. 2020-21ൽ 74,968 കേസുകളാണ് എടുത്തിട്ടുള്ളത്. 2021-22ൽ ഒക്ടോബർ 31 വരെ 64,170 കേസുകൾ വന്നതായും ആഭ്യന്തര സഹമന്ത്രി പറഞ്ഞു. ആകെ കേസുകൾ പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ മനുഷ്യാവകാശ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഉത്തർ പ്രദേശിൽ ആണെന്നാണ് വ്യക്തമാകുന്നത്.

2018 -19ൽ മാത്രം യുപിയിൽ 41,947 കേസുകളാണ് രജിസ്റ്റർ ചെയ്തത്. തൊട്ടടുത്ത വർഷം 32,693 കേസുകളാണ് എടുത്തിട്ടുള്ളത്.  2020-21ൽ ഇത് 30,164 ആയിരുന്നു. 2021-22ൽ ഒക്ടോബർ 31 പരിശോധിക്കുമ്പോൾ 24,242 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2018 -19ൽ രാജ്യ തലസ്ഥാനമായ ദില്ലിയിൽ 6,562 മനുഷ്യാവകാശ ലംഘന കേസുകളാണ് വന്നിട്ടുള്ളത്. അടുത്ത വർഷം 5,842 കേസുകളും വന്നിട്ടുണ്ട്. 2020-21ൽ 4,972 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ഈ വർഷം ഒക്ടോബർ 31 വരെ 4,972 കേസുകളും എ‌ടുത്തിട്ടുണ്ട്. 

click me!