
ബംഗളൂരു: കർണാടകത്തില്‍ ലോക്ഡൗണിനിടെ കുതിരയുടെ ശവസംസ്കാര ചടങ്ങില്‍ ആയിരക്കണക്കിനുപേർ പങ്കെടുത്തതിനെ തുടർന്ന് രോഗവ്യാപനമുണ്ടായ ഗ്രാമം അടച്ചു. ബെലഗാവി ജില്ലയിലെ മരടിമഠ് ഗ്രാമമാണ് അടച്ചത്. ചടങ്ങിന്‍റെ സംഘാടകരായ 15 പേർക്കെതിരെ കേസെടുത്തതായും അധികൃതർ അറിയിച്ചു. ഗ്രാമവാസികൾ ദൈവതുല്യം ആരാധിച്ചിരുന്ന കുതിര കഴിഞ്ഞ ദിവസമാണ് ചത്തത്.
ബെലഗാവി ഗോകക് താലൂക്കിലെ മരടിമഠ് ഗ്രാമത്തില്‍ കഴിഞ്ഞദിവസമാണ് അപൂർവ ശവസംസ്കാരചടങ്ങ് നടന്നത്. നാട്ടുകാർ പൂജിച്ചുവന്നിരുന്ന ദൈവകുതിരയാണ് ഞായറാഴ്ച ചത്തത്. ഗ്രാമത്തിലെ കാഡസിദ്ദേശ്വര മഠത്തില്‍ താമസിപ്പിച്ചിരുന്ന കുതിര രാത്രിയില്‍ ഗ്രാമം മുഴുവന്‍ പതിവായി കറങ്ങി നടക്കുമായിരുന്നു. ഇങ്ങനെ കുതിര എല്ലായിടത്തുമെത്തിയാല്‍ ഗ്രാമത്തില്‍ കൊവിഡ് ഇല്ലാതാകുമെന്നായിരുന്നു പ്രദേശവാസികളുടെ വിശ്വാസം.
കുതിരയെ അവസാനമായി കാണാനും സംസ്കാര ചടങ്ങിലുമായി ആയിരക്കണക്കിന് പേർ പങ്കെടുത്തിട്ടുണ്ട്. കുതിരയുടെ ശവശരീരവുമായി നടത്തിയ ഘോഷയാത്രയില്‍മാത്രം നാനൂറ് പേർ പങ്കെടുത്തു. എന്നാല്‍ ഈ ചടങ്ങുകളൊന്നും മുന്‍കൂട്ടി ആരോഗ്യവകുപ്പധികൃതരെ അറിയിച്ചിരുന്നില്ല. തുടർന്നാണ് പോലീസ് ചടങ്ങിന്‍റെ പ്രധാന സംഘാടകരായ 15 പേർക്കെതിരെ കേസെടുത്തത്. നാട്ടുകാരില്‍ നിരവധി പേർക്ക് കൊവിഡും സ്ഥിരീകരിച്ചതോടെ ഗ്രാമം പൂർണമായും അടച്ചുപൂട്ടി. ഗ്രാമത്തിലെ എല്ലാവരെയും ഉടനെ പരിശോധനയ്ക്ക് വിധേയരാക്കുമെന്നും അധികൃതർ അറിയിച്ചു.
.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam