
ദില്ലി: മകന് ജന്മദിനത്തിന് ലഭിച്ച സമ്മാനങ്ങളെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവ് ഭാര്യയെയും അമ്മായിയമ്മയെയും കൊലപ്പെടുത്തി. ശനിയാഴ്ച നടന്ന മകന്റെ പിറന്നാൾ ആഘോഷത്തിനിടെ ഇരു കുടുംബങ്ങളും കൈമാറിയ സമ്മാനങ്ങളെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെയായിരുന്നു കൊലപാതകം. ദില്ലിയിലെ രോഹിണിയിലെ സെക്ടർ-17 ൽ കുസും സിൻഹ (63), മകൾ പ്രിയ (34) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. പ്രിയയുടെ ഭർത്താവ് യോഗേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അമ്മയും സഹോദരിയും കൊല്ലപ്പെട്ടെന്ന് പ്രിയയുടെ സഹോദരൻ മേഘ് സിൻഹയാണ് കെഎൻകെ മാർഗ് പൊലീസ് സ്റ്റേഷനിൽ വിളിച്ചുപറഞ്ഞത്. പ്രിയയുടെ മകൻ ചിരാഗിന്റെ പിറന്നാൾ ആഘോഷിക്കാൻ വേണ്ടിയാണ് ഓഗസ്റ്റ് 28-ന് കുസും പ്രിയയുടെ വീട്ടിൽ എത്തിയത്. ഓഗസ്റ്റ് 30-ന് തിരിച്ചെത്തുമെന്ന് പറഞ്ഞെങ്കിലും അമ്മയെ കാണാതിരുന്നതോടെയാണ്, ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത്. പക്ഷേ പല തവണ വിളിച്ചിട്ടും അമ്മയെയോ സഹോദരിയെയോ കിട്ടിയില്ലെന്ന് മേഘ് പറയുന്നു. തുടർന്ന് പ്രിയയുടെ വീട്ടിലെത്തിയപ്പോൾ വാതിൽ പുറത്തുനിന്ന് പൂട്ടിയിട്ടിരിക്കുന്നതായി കണ്ടു. വാതിലിനടുത്ത് രക്തക്കറയും ശ്രദ്ധയിൽപ്പെട്ടു. ഉടനെ പൂട്ട് പൊളിച്ച് അകത്തു കയറിയപ്പോൾ മുറിക്കകത്ത് അമ്മയും സഹോദരിയും രക്തത്തിൽ കുളിച്ചുകിടക്കുന്നതായി കണ്ടെന്ന് മേഘ് പൊലീസിനോട് പറഞ്ഞു. യോഗേഷും മക്കളും വീട്ടിൽ ഉണ്ടായിരുന്നില്ല.
കെഎൻകെ മാർഗ് പൊലീസ് വൈകാതെ യോഗേഷിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ രക്തക്കറ പുരണ്ട വസ്ത്രങ്ങളും കൃത്യത്തിന് ഉപയോഗിച്ച കത്രികയുംകണ്ടെത്തി. കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച മകന്‍റെ 15ാം പിറന്നാൾ ആഘോഷിച്ചു. ഇരു വീട്ടുകാരും കുട്ടിക്ക് നൽകിയ സമ്മാനങ്ങളെ കുറിച്ചാണ് ഭാര്യയുമായി വഴക്കുണ്ടായതെന്ന് യോഗേഷ് മൊഴി നൽകി. തന്‍റെ വീട്ടുകാർ സമ്മാനമൊന്നും നൽകിയില്ലെന്ന് പറഞ്ഞ് പ്രിയ വഴക്കുണ്ടാക്കി എന്നാണ് യോഗേഷ് പൊലീസിനോട് പറഞ്ഞത്. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ താൻ പ്രിയയുടെ കഴുത്തിൽ കത്തി കൊണ്ട് കുത്തിയെന്നും യോഗേഷ് കുറ്റസമ്മതം നടത്തി. ഇടപെടാൻ വന്ന പ്രിയയുടെ അമ്മയെയും താൻ കൊലപ്പെടുത്തിയെന്ന് യോഗേഷ് പറഞ്ഞു.
പ്രിയയും യോഗേഷും തമ്മിൽ പതിവായി വാക്കുതർക്കമുണ്ടായിരുന്നുവെന്നും ഒടുവിലത്തേതാണ് സമ്മാനത്തിന്‍റെ പേരിൽ നടന്നതെന്നും പൊലീസ് പറഞ്ഞു. രണ്ട് മക്കളെയും കൊണ്ട് പൊലീസിന്‍റെ കണ്ണിൽപ്പെടാതെ രക്ഷപ്പെടാനാണ് യോഗേഷ് ശ്രമിച്ചത്. പക്ഷേ അപ്പോഴേക്കും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam