
ഹൈദരാബാദ്: ശക്തമായ ത്രികോണ മല്‍സരം നടക്കുന്ന ഹൈദരാബാദ് മുനിസിപ്പല്‍ കോർപ്പറേഷനിലേക്കുള്ള വോട്ടെടുപ്പ് മന്ദഗതിയില്‍ പുരോഗമിക്കുന്നു. 150 വാർഡുകളിലേക്കായി ഒന്‍പതിനായിരത്തിലധികം പോളിംഗ് ബൂത്തുകളിലായാണ് വോട്ടിംഗ് പുരോഗമിക്കുന്നത്. എഴുപത്തിനാലര ലക്ഷം വോട്ടർമാരാണ് പോളിംഗ് ബൂത്തിലേക്കെത്തുന്നത്.
രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടിംഗ് കൊവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് നടക്കുന്നത്. ടിആർഎസ് വർക്കിങ് പ്രസിഡന്റ് കെടി രാമറാവു, അസദുദീൻ ഒവൈസി തുടങ്ങിയ പ്രമുഖ നേതാക്കൾ രാവിലെ തന്നെ വോട്ടു ചെയ്ത് മടങ്ങി.
സംഘർഷ സാധ്യത കണക്കിലെടുത്ത് അരലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നഗരത്തില്‍ വിന്യസിച്ചിട്ടുള്ളത്. ബിജെപിയുടെ സംസ്ഥാന ചുമതലയുള്ള നേതാവ് ബണ്ടി സഞ്ജയിയെ ഇന്നലെ രാത്രി നഗരത്തില്‍വച്ച് ടിആർഎസ് പ്രവർത്തകർ ആക്രമിച്ചെന്നും വാഹനം തകർത്തെന്നും ആരോപിച്ച് 3 ബിജെപി നേതാക്കൾ ഇന്ന് നിരാഹാരം അനുഷ്ഠിക്കുകയാണ്. എന്നാല്‍ ആക്രമണം നടക്കുമ്പോൾ ബണ്ടി സഞ്ജയ് വാഹനത്തിലുണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു.
ബിജെപിയുടെ പ്രചാരണ കോലാഹലത്തിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച തെരഞ്ഞെടുപ്പില്‍ ഇത്തവണ ശക്തമായ ത്രികോണ മല്‍സരമാണ് നടക്കുന്നത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam