ഹൈദരാബാദ് ഏറ്റുമുട്ടൽ ജു‍ഡീഷ്യൽ അന്വേഷണത്തിലേക്ക്; കേസ് സുപ്രീം കോടതി നാളെ വിശദമായി കേൾക്കും

By Web TeamFirst Published Dec 11, 2019, 2:05 PM IST
Highlights

അന്വേഷണത്തിനായി ജഡ്ജിമാരുടെ പേര് നിർദ്ദേശിക്കാനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അനുവാദം നൽകി. 

ഹൈദരാബാദ്: ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലപാതകക്കേസിൽ ജു‍ഡ‍ീഷ്യൽ അന്വേഷണമെന്ന ആവശ്യത്തോട് അനുകൂല നിലപാടുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. കേസ് റിട്ടയർഡ് സുപ്രീം കോടതി ജ‍‍ഡ്ജി അന്വേഷിക്കേണ്ടതാണെന്ന് ചിഫ് ജസ്റ്റിസ് ഇന്ന് കേസ് പരിഗണിക്കുന്നതിനിടെ അഭിപ്രായപ്പെട്ടു. കേസ് നാളെ സുപ്രീം കോടതി വിശദമായി പരിഗണിക്കും. അന്വേഷണത്തിനായി ജഡ്ജിമാരുടെ പേര് നിർദ്ദേശിക്കാനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അനുവാദം നൽകി. 

ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലക്കേസിൽ തെലങ്കാന സർക്കാർ നേരത്തെ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എട്ടംഗ പ്രത്യേക സംഘത്തെയാണ് കേസ് അന്വേഷിക്കാനായി നിയോഗിച്ചിരിക്കുന്നത്. രചകൊണ്ട പൊലീസ് കമ്മീഷണർ മഹേഷ് എം ഭഗവതാണ് ഈ പ്രത്യേക അന്വേഷണ സംഘത്തെ നയിക്കുന്നത്. ഏറ്റുമുട്ടലിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും പരിഗണനയിലിരിക്കവേയായിരുന്നു തെലങ്കാന സർക്കാരിന്‍റെ ഈ നീക്കം. 

ദിശ കൊലപാതകക്കേസ് പ്രതികളായ നാല് പേർ തെളിവെടുപ്പ് നടക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും തുടർന്നുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടെന്നുമാണ് പൊലീസ് ഭാഷ്യം. സംഭവത്തിൽ നേരത്തെ തന്നെ ജസ്റ്റിസ് എസ് എ ബോബ്ഡെ പരോക്ഷ വിമർശനം നടത്തിയിരുന്നു. നീതി പ്രതികാരത്തിന് വേണ്ടിയല്ലെന്നായിരുന്നു ജസ്റ്റിസ് ബോബ്ഡേയുടെ പരാമർശം. തൽക്ഷണം ലഭിക്കുന്ന ഒന്നല്ല നീതിയെന്നും അതിന് സമയമെടുക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഓർമ്മപ്പെടുത്തിയിരുന്നു. 

click me!