പൗരത്വബില്‍ ഭരണഘടനയെ തകര്‍ക്കും, പട്ടേല്‍ ഉണ്ടായിരുന്നെങ്കില്‍ മോദിയെ ശകാരിച്ചേനെ: കോണ്‍ഗ്രസ്

By Web TeamFirst Published Dec 11, 2019, 2:03 PM IST
Highlights

ഭരണഘടനയ്ക്കെതിരായ ആക്രമണമാണ് ഈ ബില്‍. ഈ ബില്ലിനെ ഒരു രീതിയിലും അംഗീകരിക്കാന്‍ ഞങ്ങള്‍ക്കാവില്ല. ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറ തകര്‍ക്കുന്ന ബില്ലാണിത്

ദില്ലി: പൗരത്വനിയമഭേദഗതിയെ രാജ്യസഭയിലും എതിര്‍ത്ത് കോണ്‍ഗ്രസ്. ബില്ലിന ഒരു രീതിയിലും അംഗീകരിക്കാനാവില്ലെന്നും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെ തകര്‍ക്കുന്നതാണെന്ന് ബില്ലെന്നും രാജ്യസഭയില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പറഞ്ഞു. 

ആനന്ദ് ശര്‍മ്മയുടെ വാക്കുകള്‍.. 

ഭരണഘടനയ്ക്കെതിരായ ആക്രമണമാണ് ഈ ബില്‍. ഈ ബില്ലിനെ ഒരു രീതിയിലും അംഗീകരിക്കാന്‍ ഞങ്ങള്‍ക്കാവില്ല. ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറ തകര്‍ക്കുന്ന ബില്ലാണിത്. ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവിനെ ബില്‍ വേദനിപ്പിക്കുന്നു. മതവിശ്വാസമനുസരിച്ച് പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നവരാണ് നമ്മള്‍. ആ രീതിയില്‍ നമ്മുടെ മുന്‍ഗാമികളെ നാം വീണ്ടും കാണുകയാണെങ്കില്‍ എന്തായിരിക്കും സംഭവിക്കുക. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ മോദിജിയോട് പൊട്ടിത്തെറിക്കും എന്നുറപ്പാണ്. ഗാന്ധിജി തീര്‍ച്ചയായും ദുഖിതനായിരിക്കും. എന്നാല്‍ അതിലേറെ ക്ഷുഭിതനായിരിക്കും സര്‍ദാര്‍ പട്ടേല്‍. 

വിഭജനത്തിന് ശേഷവും ഇന്ത്യയിലേക്ക് വന്നവരെ രാജ്യം സ്വീകരിച്ചിട്ടുണ്ട്. നമ്മുടെ രണ്ട് പ്രധാനമന്ത്രിമാരെ നമ്മുക്ക് ലഭിച്ചത് അങ്ങനെയാണ്. മന്മോഹന്‍സിംഗും ഐകെ ഗുജ്റാളും. 1955 മുതല്‍ പൗരത്വഭേദഗതി ബില്ലില്‍ പലതരം ഭേദഗതികള്‍ കൊണ്ടു വന്നിട്ടുണ്ട്. എന്നാല്‍ ആരും തന്നെ ഈ രീതിയില്‍ പൗരത്വനിയമത്തെ വച്ചു കളിച്ചിട്ടില്ല. രാഷ്ട്രീയത്തിന് അതീതരായി നിന്ന് നമ്മള്‍ വിഷയത്തെ കൈകാര്യം ചെയ്യണമെന്നാണ് അഭ്യന്തരമന്ത്രി പറയുന്നത്. എന്നാല്‍ ഈ വിഷയം രാഷ്ട്രീയവത്കരിക്കരുത് എന്ന് മാത്രമാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. 

രണ്ട് മതം രണ്ട് രാജ്യം എന്ന ആശയം കൊണ്ടു വന്നത് ഹിന്ദു മഹാസഭയാണ്. അതു കണ്ടു പിടിച്ചത് ജിന്നയുമല്ല. 1937 മുതല്‍ ഹിന്ദു മഹാസഭ ദ്വിരാഷ്ട്ര സിദ്ധാന്തം മുന്നോട്ട് വയ്ക്കുന്നുണ്ട്. രാഷ്ട്രവിഭജനത്തിലെ ബ്രിട്ടീഷുകാരുടെ പങ്കിനെക്കുറിച്ച് ഇവിടെയാരും മിണ്ടുന്നില്ല. മുസ്ലീം ലീഗിനെ ശക്തിപ്പെടുത്തിയത് അവരാണ്. കോണ്‍ഗ്രസിനെ നിരോധിച്ച ബ്രിട്ടീഷ് ഭരണകൂടം രാഷ്ട്രവിഭജനത്തെ പിന്തുണച്ച മുസ്ലീംലീഗിനേയും ഹിന്ദുമഹാസഭയേയും പിന്തുണച്ചു. ഭരണഘടനയുടെ പതിനാലാം അനുച്ഛേദം നിയമത്തിന് മുന്നില്‍ എല്ലാവരേയും തുല്യരായി പരിഗണിക്കുകയാണ്. ചരിത്രത്തില്‍ ഒരിക്കലും മതത്തെ അടിസ്ഥാനമാക്കി പൗരത്വം നിര്‍ണയിച്ചിട്ടില്ല. 

എല്ലാം ഭദ്രമെന്ന് അഭ്യന്തരമന്ത്രി പറയുമ്പോഴും അസമില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. എന്തു കൊണ്ടാണ് അവിടെ ഇങ്ങനെയൊരു അരക്ഷിതാവസ്ഥ രൂപം കൊണ്ടത്.  കേന്ദ്ര അഭ്യന്തരമന്ത്രി ഒരു സംഘത്തെ അസമിലെ തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് അയക്കണം. അവിടുത്തെ സ്ഥിഗതികള്‍ എന്താണെന്ന് പഠിക്കണം. പൗരത്വപട്ടികയില്‍ ഇല്ലാത്തവരെ അടച്ചു പൂട്ടാനുള്ള കേന്ദ്രമായി തടങ്കല്‍ കേന്ദ്രങ്ങള്‍ മാറുമെന്നാണ് പറയുന്നത്. കഴിഞ്ഞ നൂറ്റാണ്ടിലേത് പോലെ വീണ്ടും കോണ്‍സ്ട്രേഷന്‍ ക്യാംപുകള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍. 
 

click me!